Video Of Day

Breaking News

'ലൈംഗിക അടിമ'കളുടെ ചിത്രങ്ങള്‍ സ്റ്റിക്കറാക്കിയ ചൈനീസ് കമ്പനി കുടുങ്ങി

രണ്ടാംലോക മഹായുദ്ധകാലത്ത് ജപ്പാന്‍ ലൈംഗിക അടിമകളാക്കിയ സ്ത്രീകളുടെ ചിത്രങ്ങള്‍ ക്യു ക്യു സ്റ്റിക്കറാക്കി ഇറതക്കിയത് വൻ വിവാദമായി. ഇതോടെ ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ ഇന്‍സ്റ്റന്റ് മെസ്സേജിങ് സംവിധാനമായ ക്യുക്യുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതോടെ കമ്പനി മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ശ്രമം നടത്തുകയാണ്.

രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്‍ സൈനികരുടെ ക്രൂരമായ പീഡനങ്ങളും അതിക്രമങ്ങള്‍ക്കും ഇരയായ യുവതികളെ കുറിച്ച് അടുത്തിടെ ട്വന്റി ടു എന്ന പേരില്‍ ഒരു ടിവി ഡോക്യുമെന്ററി ഇറങ്ങിയിരുന്നു. ചൈനയില്‍ ജീവിച്ചിരുന്ന 22 ലൈംഗിക അടിമകളെ കുറിച്ചായിരുന്നു ഡോക്യുമെന്ററി. ഇത് ഇറങ്ങി ഒരാഴ്ചക്കുള്ളിലാണ് ക്യുക്യൂവില്‍ ഇവരുടെ മുഖം ഉപയോഗിച്ചുള്ള സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടത്. ഡോക്യുമെന്റിയിലെ ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തി അവരുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ മിണ്ടാട്ടമില്ലാത്ത, വീര്‍പ്പുമുട്ടുന്ന, അന്തം വിട്ട് തുടങ്ങിയ ഹാസ്യരൂപത്തിലുളള അടിക്കുറിപ്പുകളിട്ടാണ് സ്റ്റിക്കര്‍ പുറത്തിറക്കിയത്.

ഇതിനെതിരെ ആയിരങ്ങള്‍ പ്രതിഷേധവുമായെത്തി. ഹൃദയശൂന്യമായ പ്രവൃത്തിയായി ഇതിനെ പലരും കുറ്റപ്പെടുത്തി. മറ്റ് ചലര്‍ ടെന്‍സെന്റിന്റെ മൊബൈൽ ആപ്ലിക്കേഷന്‍ ഉപേക്ഷിക്കുന്നതായി രേഖപ്പെടുത്തി. ഇത്തരത്തില്‍ പലഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ക്യുക്യു മാപ്പ് പറഞ്ഞ് സ്റ്റിക്കര്‍ പിന്‍വലിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഒരു മൂന്നാം കക്ഷിയാണ് ഈ സ്റ്റിക്കർ നല്‍കിയതെന്നും ഇത്തരത്തിലുളള ഒന്ന് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ക്യുക്യു അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇത് ടിവി ഷോയെ പ്രമോട്ട് ചെയ്യാനുളള തന്ത്രമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.  

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍ സൈനികരുടെ വേശ്യാലയത്തിലേക്ക് ഏതാണ്ട് രണ്ട് ലക്ഷത്തോളം യുവതികളെ എത്തിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൊറിയ, ചൈന, ഫിലിപ്പീന്‍സ്, തായ്‌വാന്‍, ഇന്തോനേഷ്യ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളായിരുന്നു ഇതില്‍ ഏറെയും. ഏറ്റവും കൂടുതല്‍ യുവതികളെ കൊണ്ടുവന്നത് കൊറിയയില്‍ നിന്നാണ്. ചൈനയില്‍ ഇവരില്‍ 14 പേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് നേരത്തെ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല