Video Of Day

Breaking News

Rain കമന്റിട്ടാൽ മഴ പെയ്യുമോ? ആ രഹസ്യമെന്ത്?

Rain എന്ന് കമന്റ് ഇടൂ മഴ പെയ്യുന്നത് കാണാം... ഫെയ്സ്ബുകിൽ ആരോ ഇറക്കിയ ട്രോളിൽ വിശ്വസിച്ച് Rain എന്ന് ടൈപ്പ് ചെയ്ത് മടുത്തവർക്ക് കണക്കില്ല, ഇത് മുതലെടുത്ത് പല പേജുകളും ലൈക്കുകൾ വാരിക്കൂട്ടുകയും ചെയ്തു. പല രീതിയിലുള്ള മഴ കമന്റുകൾക്ക് പുറമെ ഇടിയും മഴവില്ലുമൊക്കെ കമന്റിട്ട് പ്രതീക്ഷിച്ചവർ ധാരാളം. ന്യൂ ഇയറിൽ‌ ഫെയ്സ്ബുക്ക് ന്യൂസ് ഫീഡിൽ വെടിക്കെട്ട് നടത്തിയിരുന്നു. ഇതുപോലെ എന്തെങ്കിലും ആകുമെന്ന് കരുതിയാണ് പതിനായിരങ്ങൾ കമന്റിട്ടും ലൈക്കടിച്ചും മടുത്തത്.

ഇത്തരത്തിൽ ആരെങ്കിലും തട്ടിവിടുന്ന കമന്റുകൾ നവമാധ്യമങ്ങളിൽ വിശ്വസിക്കുന്നവരുടെ എണ്ണത്തിൽ ഒരു കുറവുമില്ല. ഇ-മെയിൽ മാത്രമുള്ള കാലത്തുതന്നെ പ്രചരിച്ച ഫ്രൂട്ടിയിൽ എയ്ഡ്സ് രോഗിയുടെ രക്തം കലർന്നെന്ന പെരുംനുണയ്ക്ക് ഇപ്പോഴും നവമാധ്യമങ്ങളിൽ നല്ല പ്രാധാന്യമാണ്. അമലപോളിലെ ചെറുപ്പകാലത്തെ ചിത്രം ഈ കുട്ടിയെ കണ്ടെത്താൻ സഹായിക്കൂ എന്നു അപേക്ഷിച്ച് ഷെയർ ചെയ്യുന്നവരും ധാരാളം.

നവമാധ്യമങ്ങളിലെ ചില തമാശകൾ തമാശകളെന്ന രീതിയിൽ ആസ്വദിക്കാതെ ഗൗരവമാക്കിയെടുക്കുന്നവരുണ്ടെന്നതാണ് ഏറ്റവും അപകടകരം. ഒരാളുടെ ചിത്രത്തിൽ എഡിറ്റ് ചെയ്ത് ഇയാളെ സൂക്ഷിക്കുക അപകടകാരിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ചാൽ അയാളുടെ ജീവിതം കട്ടപുക. ഇതിന്റെ പല ഉദാഹരണങ്ങളും നേരത്തെ കണ്ടിട്ടുണ്ട്.

ജിഷാവധക്കേസിലെ പൊലീസിന്റെ രേഖാചിത്രത്തിലെ സാമ്യം കൊണ്ട് പെട്ട യുവാവും സിസിടിവിയെപ്പറ്റിയുമുള്ള ഷോര്‍ട്ഫിലിമിൽ അഭിനയിച്ചയാളെ കള്ളനെന്നു പറഞ്ഞ് ഷെയർ ചെയ്യുന്നതും പതിവ് കാഴ്ചയാണ്... എടുത്തുചാടുന്നതിനു മുൻപ് രണ്ടുവട്ടം ചിന്തിക്കുകയെന്ന പഴമൊഴി തിരുത്തി ഷെയർ ചെയ്യുന്നതിനു മുൻപ് കാര്യങ്ങൾ മനസിലാക്കുകയെന്ന് തിരുത്തേണ്ട സമയമായിരിക്കുന്നു.  

അഭിപ്രായങ്ങളൊന്നുമില്ല