Video Of Day

Breaking News

കന്യകാത്വം പുനസ്ഥാപിക്കല്‍, യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത ഡോക്ടര്‍ പിടിയില്‍

മനാമ: കന്യകാത്വം പുനസ്ഥാപിച്ചുകൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. ഒമാന്‍ സ്വദേശിനിയായ ഇരുപത്തേഴുവയസുകാരിയുടെ പരാതിയിലാണ് നാല്‍പത്തൊന്നുവയസുകാരനായ ഡോക്ടറുടെ അറസ്റ്റ്. സൗദി സ്വദേശിയാണ് ഇയാള്‍.

തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നു പറഞ്ഞാണ് ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതെന്നു പരാതിയില്‍ പറയുന്നു. കമ്മീഷന്‍ ഫോര്‍ ദ പ്രമോഷന്‍ ഓഫ് വാല്യൂ ആന്‍ഡ് പ്രിവെന്‍ഷന്‍ ഓഫ് വൈസിന്റെ മുമ്പാകെയാണ് യുവതി പരാതി നല്‍കിയത്. ഖാമിസ് മുഷൈത്ത് പട്ടണത്തിലെ ഡോക്ടറാണ് അറസ്റ്റിലായത്. ഡോക്ടറുടെ രണ്ടു മൊബൈല്‍ ഫോണുകളും പിടികൂടിയിട്ടുണ്ട്.

നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ ഡോക്ടറുടെ ഫോണില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് യുവതി കന്യാചര്‍മം വച്ചുപിടിപ്പിക്കാനുള്ള ചികിത്സയ്ക്കായി ഡോക്ടറെ സമീപിച്ചത്. കന്യാചര്‍മം വച്ചുകൊടുക്കാമെന്നും എന്നാല്‍ തന്റെ ചില ആവശ്യങ്ങള്‍ നടത്തിക്കൊടുക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. അത്യാവശ്യക്കാര്‍ക്കു മാത്രമേ താന്‍ ശസ്ത്രക്രിയ ചെയ്യാറുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞു.

കാറിനുള്ളില്‍ വച്ചാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നും അതിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ കന്യകാത്വം പുനസ്ഥാപിക്കുന്ന നിരവധി തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം ശക്തമാക്കാനുമാണ് പൊലീസിന്റെ തീരുമാനം. കന്യകാത്വം ഗള്‍ഫ് മേഖലയില്‍ വളരെ പ്രധാനപ്പെട്ട കാര്യമായതിനാല്‍ കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയക്ക് നിരവധിപേര്‍ അടുത്തകാലത്തായി എത്തുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല