Video Of Day

Breaking News

കടത്തില്‍ മുങ്ങിത്താഴ്ന്ന സൂരജ് കോടീശ്വനായില്ല, നേടിയത് 50 ലക്ഷം

ഒരൊറ്റ ചോദ്യം മതി ജീവിതം മാറ്റിമറിക്കാന്‍ എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് അന്വര്‍ത്ഥമായില്ല. പാപ്പനംകോട് സ്വദേശിയായ സൂരജ് കടത്തില്‍ മുങ്ങി നില്‍ക്കുമ്പോഴാണ് കോടീശ്വരനാകാന് വഴിയൊരുങ്ങിയത്. എന്നാല് അവസാന ചോദ്യം ഉപേക്ഷിച്ച് 50 ലക്ഷവുമായാണ് സൂരജ് മടങ്ങിയത്.

ഏഷ്യാനെറ്റ് ചാനലിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെയാണ് സൂരജ് നാട്ടില്‍ താരമായത്. അച്ഛന്‍ രവീന്ദ്രന്‍ ആശാരിയുടെ പെട്ടെന്നുള്ള മരണത്തോടെ കുടുംബത്തിന്റെ ഭാരം ചുമലിലേന്തിയതാണ് സൂരജ്. സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചപ്പോഴാണ് കട ബാദ്ധ്യത വന്നു പെട്ടത്. ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാനാണ് പ്‌ളസ് ടുക്കാരനായ സൂരജ് പി.എസ്.സി കോച്ചിംഗിന് പോയത്. ടെസ്റ്റ് എഴുതി, പക്ഷേ ജോലി കിട്ടിയില്ല, പ്രേമിച്ച പെണ്ണിനെയും.

എന്നിട്ടും പഠിത്തം നിറുത്തിയില്ല. പത്രം അരിച്ചുപെറുക്കി വായിക്കും. കിട്ടുന്ന സമയത്ത് ക്രിക്കറ്റും കളിക്കും. റിയാലിറ്റി ഷോയ്ക്കിടെ സൂരജിന്റെ ടീമിന് ക്രിക്കറ്റ് കിറ്റ് സ്‌പോണ്‍സര്‍ ചെയ്യാമെന്ന് അവതാരകനായ നടന്‍ സുരേഷ്‌ഗോപി പറഞ്ഞു. അതോടെ ടീം അംഗങ്ങള്‍ ഹാപ്പി. തുടര്‍ന്ന് അവര്‍ പൂജപ്പുരയില്‍ സൂരജിന്റെ ഫ്‌ളക്‌സ് ബോര്‍ഡും വച്ചു. പി.എസ്.സി കോച്ചിംഗ് സെന്ററിനു മുന്നിലും ഉയര്‍ന്നു സൂരജിന്റെ ഫ്‌ളക്‌സ്.

ഇപ്പോള്‍ സൂരജാണ് നാട്ടില്‍ താരം. ചുറ്റും കൂടിയവര്‍ക്ക് ഒന്നേ അറിയേണ്ടതുള്ളൂ, സൂരജേ നീ കോടീശ്വരനായോ?. എവിടെ തിരിഞ്ഞാലും ഇതു തന്നെയാണ് അവസ്ഥ. മരപ്പണിക്കാരനായ സൂരജിന് ജോലിക്കു പോയാലും പണി ചെയ്യാന്‍ കഴിയാറില്ല. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ചുറ്റു കൂടും. പിന്നെ കിണ്ണാരമാണ്. ഇത്രയും വിവരമുണ്ടല്ലേ... സുരേഷ്‌ഗോപിയുമായി കമ്പനിയായോ? പ്രേമിച്ച പെണ്ണ് പോയി, ഇനി എന്നാ കല്യാണം... അങ്ങനെ ചോദ്യങ്ങള്‍ കൂടിക്കൊണ്ടേയിരിക്കും.

ഉത്തരം റെഡി. വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കണം, അതാണ് ആദ്യ ലക്ഷ്യം. കടങ്ങളൊക്കെ തീര്‍ക്കണം. പിന്നെ വിവാഹം.

അഭിപ്രായങ്ങളൊന്നുമില്ല