Video Of Day

Breaking News

തൃശൂരില്‍ ഓണ്‍ലൈന്‍ സെക്‌സ് ടൂറിസത്തിന് കോളേജ് വിദ്യാര്‍ഥിനികളും തയ്യാര്‍

തൃശൂര്‍: മെട്രോ നഗരങ്ങളില്‍ സജീവമായ ഓണ്‍ലൈന്‍ സെക്‌സ് ടൂറിസം തൃശൂരിലും വ്യാപകമാകുന്നു. ലൈംഗിക സേവനങ്ങള്‍ വാഗ്‌ദാനം ചെയ്‌തുള്ള നിരവധി പരസ്യങ്ങളാണ്‌ ഓണ്‍ലൈന്‍ ക്ലാസിഫൈഡ്‌ സൈറ്റുകളില്‍ പ്രചരിക്കുന്നത്‌. വിവ സ്‌ട്രീറ്റ്‌, ടിറ്റിറ്റ്യൂഷന്‍, ബാക്ക്‌പേജ്‌, അഡള്‍ട്ട്‌ ഹബ്‌ തുടങ്ങിയ സൈറ്റുകളിലൊക്കെ ഇത്തരം പരസ്യങ്ങള്‍ സജീവമാണ്‌.
കോള്‍ഗേള്‍സ്‌ തൃശൂര്‍, സെക്‌സ് തൃശൂര്‍ തുടങ്ങിയ സെര്‍ച്ചുവേഡുകള്‍ ഉപയോഗിച്ചാല്‍ ഗൂഗിളില്‍നിന്ന്‌ സൈറ്റുകളിലേക്ക്‌ ഉപഭോക്‌താവിന്‌ എളുപ്പത്തില്‍ എത്താം. ഇന്റര്‍നെറ്റില്‍ കാണുന്ന നമ്പര്‍ പലപ്പോഴും ഒരു ഇടനിലക്കാരന്റേതായിരിക്കും. ആദ്യം വിളിച്ചാല്‍ കട്ട്‌ ചെയ്യുകയും പിന്നീട്‌ മറ്റൊരു നമ്പറില്‍നിന്നു തിരിച്ചുവിളിക്കുകയുമാണു പതിവ്‌. ഉപഭോക്‌താവ്‌ രണ്ടും മൂന്നും തവണ വിളിച്ചതിനു ശേഷമായിരിക്കും ഇത്തരത്തില്‍ മറുപടി കോള്‍ വരുന്നത്‌. ഉപഭോക്‌താവിന്റെ ആവശ്യവും ആസക്‌തിയും അളക്കാനുള്ള ഒരു തന്ത്രമാണിത്‌.
ട്രൂകോളര്‍ ആപ്ലിക്കേഷനിലൂടെ വിളിക്കുന്ന ആളെക്കുറിച്ചുള്ള വിവരങ്ങളും ഈ സമയംകൊണ്ട്‌ ശേഖരിക്കപ്പെട്ടിരിക്കും. പ്രൈവറ്റ്‌ നമ്പറാണെന്ന്‌ ഉറപ്പുവരുത്തിയശേഷമായിരിക്കും ഉപഭോക്‌താവിനെ തിരിച്ചുവിളിക്കുക. തുടര്‍ന്ന്‌ ഡീല്‍ പറഞ്ഞുറപ്പിക്കും. ഉപഭോക്‌താവ്‌ പറയുന്ന സ്‌ഥലത്ത്‌ പെണ്‍കുട്ടികളെ എത്തിക്കുകയും താമസമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന വ്യത്യസ്‌ഥ രീതികളുണ്ട്‌. ടൂര്‍ സംഘങ്ങള്‍ക്കുവേണ്ടിയും പെണ്‍കുട്ടികളെ എത്തിച്ചുനല്‍കും.
ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളാണ്‌ കൂടുതല്‍ സംഘത്തിലുമുള്ളത്‌. വീട്ടമ്മമാരും സജീവമാണെന്നാണ്‌ സൂചന.
പണം നല്‍കുന്നതനുസരിച്ച്‌ ഏത്‌ അതിര്‍വരമ്പുകളും ലംഘിക്കാന്‍ ഇവര്‍ തയാറാണ്‌. പലപ്പോഴും കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളില്‍നിന്നാണ്‌ യുവതികളെ എത്തിക്കുന്നത്‌. ചില അന്തര്‍സംസ്‌ഥാന സംഘങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. നഗരത്തില്‍നിന്ന്‌ അധികം ദൂരെയല്ലാത്ത ലോഡ്‌ജുകള്‍, വില്ലകള്‍ എന്നിവിടങ്ങളും നഗരമധ്യത്തിലെ ചില ഹോട്ടലുകളും കേന്ദ്രീകരിച്ചാണു വ്യാപാരം. ഹോട്ടലുകളില്‍ റൂം ലഭിക്കുന്നതിന്‌ പ്രത്യേക സംവിധാനങ്ങളും പല സംഘങ്ങള്‍ക്കുമുണ്ട്‌. പണം മുടക്കുന്നതിനനുസരിച്ച്‌ സംഘങ്ങളുടെ സുരക്ഷയ്‌ക്കായി അകമ്പടി ചെയ്യാന്‍ സെക്യൂരിറ്റി സംഘങ്ങളുമുണ്ടാകും.
ഒരു രാത്രിക്ക്‌ 25,000 രൂപ നല്‍കിയാല്‍ കോളജ്‌ കുമാരികളെ തരപ്പെടുത്താമെന്നാണ്‌ ഒരു സൈറ്റ്‌ പറയുന്നത്‌. നഗരത്തിലെ വന്‍കിട ഹോട്ടലില്‍ മുറിയും മുഴുവന്‍ സുരക്ഷയും ചിലര്‍ വാഗ്‌ദാനം ചെയ്യുന്നു. ഫേസ്‌ബുക്കിലും ഇത്തരം ഡേറ്റിംഗ്‌ പേജുകള്‍ സജീവമാണ്‌. സെക്‌സ് അറ്റ്‌ തൃശൂര്‍, തൃശൂര്‍-കൊച്ചിന്‍ സീക്രട്ട്‌ സെക്‌സ് തുടങ്ങിയ പേജുകള്‍ വീട്ടമ്മമാരുള്‍പ്പെടെ നിരവധി പേരാണ്‌ ലൈക്ക്‌ ചെയ്‌തിരിക്കുന്നത്‌.
മറ്റ്‌ സംസ്‌ഥാനങ്ങളിലേതുപോലെ കേരളത്തില്‍ വേശ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലൈംഗികവ്യാപാരം ഇല്ല. ഇത്തരം സാഹചര്യം മുതലെടുത്താണ്‌ ഓണ്‍ലൈനിലൂടെ ഉപഭോക്‌താക്കളെ തേടുന്ന രീതി പരീക്ഷിക്കപ്പെടുന്നത്‌. വന്‍ പണച്ചാക്കുകളും യുവാക്കളുമാണ്‌ ഓണ്‍ലൈന്‍ സെക്‌സ് ടൂറിസത്തിന്റെ പ്രധാന ഉപഭോക്‌താക്കള്‍. സുരക്ഷാ മിഷന്റെയോ, പോലീസിന്റെയോ മറ്റ്‌ അധികൃതരുടെയോ ശ്രദ്ധയില്‍പ്പെടാതെയാണ്‌ ഇത്തരം ലൈംഗിക വ്യാപാരം നടക്കുന്നതെന്ന്‌ കരുതാനവില്ല. എയ്‌ഡ്സ്‌ വ്യാപനവും സാമ്പത്തിക ചൂഷണവും പോലുള്ള നിരവധി വിപത്തുകളാണു ക്ഷണിച്ചുവരുത്തുന്നത്‌.\

അഭിപ്രായങ്ങളൊന്നുമില്ല