Video Of Day

Breaking News

കുഞ്ഞിന് മുലകൊടുക്കാത്ത ജസീറയ്ക്കെതിരെ സ്ത്രീകളുടെ കൂട്ടതല്ല്, തെറിവിളി

തിരുവനന്തപുരം * അഞ്ചു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുള്‍പ്പെടെ നാലു കുട്ടികളുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ ശനിയാഴ്ച രാത്രി പെരുമഴയത്ത് സമരത്തിനെത്തിയ ജസീറയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ് തൈക്കാട് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചോരക്കുഞ്ഞിനെ പാലൂട്ടാതെ സമരം തുടര്‍ന്ന ജസീറയെ സ്ത്രീകള്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നതു സംഘര്‍ഷാന്തരീക്ഷം ഉണ്ടാക്കി. തുടര്‍ന്ന് ഇവരെയും കുഞ്ഞിനെയും എസ്എടി ആശുപത്രിയിലേക്കു മാറ്റി. മറ്റു മൂന്നു കുട്ടികളെ മഹിളാ മന്ദിരത്തിലേക്കും മാറ്റി.

കാസര്‍കോട്ടെ കടല്‍ത്തീരം കയ്യേറുന്നതു തടയണമെന്നാവശ്യപ്പെട്ടാണു ജസീറയുടെ സമരം. നേരത്തെ സെക്രട്ടേറിയറ്റ് പടിക്കലും പാര്‍ലമെന്റിനു മുന്നിലും അവര്‍ സമരം ചെയ്തിരുന്നു. രണ്ടാഴ്ച മുന്‍പു വീണ്ടും ഇവിടെയെത്തി. അതിനിടെ ബുധനാഴ്ച സ്വകാര്യ ആശുപത്രിയില്‍ ജസീറ നാലാമത്തെ കുഞ്ഞിനു ജന്മം നല്‍കി. ശനിയാഴ്ച ആശുപത്രിയില്‍ നിന്നു വിട്ടതിന്റെ പിന്നാലെ വീണ്ടും സെക്രട്ടേറിയറ്റ് പടിക്കലെത്തി. കൂടെ ഭര്‍ത്താവുമുണ്ടായിരുന്നുവെന്നു പറയുന്നു. പെരുമഴയത്ത് കാറ്റും തണുപ്പും സഹിക്കാനാകാതെ ചോരക്കുഞ്ഞ് കരയുന്നതു കേട്ടു യാത്രക്കാര്‍ കന്റോണ്‍മെന്റ് പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു പൊലീസ് ബലം പ്രയോഗിച്ച് ഇവരെ തൈക്കാട് ആശുപത്രിയിലേക്കു മാറ്റി.

അവിടെ കുഞ്ഞിനെ പാലൂട്ടാതെ സമരം തുടര്‍ന്ന ജസീറയെ അനുനയിപ്പിക്കാന്‍ പൊലീസും ആശുപത്രി ജീവനക്കാരും ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. കോണിച്ചുവട്ടില്‍ വെറും നിലത്ത് കുഞ്ഞിനെയും കൊണ്ടു കിടന്നും മറ്റുമായിരുന്നു സമരം. ആശുപത്രിയില്‍ നിന്നു നല്‍കിയ ഭക്ഷണവും നിരസിച്ചു. ഇതിനിടെ, കുഞ്ഞിനെ പാലൂട്ടാത്തതിന് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരുമായ സ്ത്രീകള്‍ ജസീറയെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നു. തുടര്‍ന്നു വനിതാ പൊലീസ് ഇവര്‍ക്കു കാവല്‍ നില്‍ക്കുകയായിരുന്നു. ഇവിടെ നവജാതശിശുവിനെ പരിചരിക്കാനുള്ള അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ഉച്ചയോടെ ജസീറയെയും കുഞ്ഞിനെയും എസ്എടി ആശുപത്രിയിലേക്കു മാറ്റി.

അഭിപ്രായങ്ങളൊന്നുമില്ല