Video Of Day

Breaking News

പീഡിപ്പിക്കാന്‍ ശ്രമിച്ചവനെ കൊന്നതിന്റെ പേരില്‍ തുക്കിലേറ്റപ്പെട്ട യുവതിയുടെ കത്ത്, വായിച്ചിരിക്കേണ്ടത്.

പ്രിയപ്പെട്ട ഉമ്മയ്ക്ക്
ഭരണകൂടത്തിന്റെ പ്രതികാര നിയമം അനുസരിക്കേണ്ട സമയം ആയിരിക്കുന്നു. ജീവിതത്തിന്റെ പുസ്തകത്തിലെ അവസാന ഏടില്‍ ഞാന്‍ എത്തിനില്‍ക്കുകയാണ്. അക്കാര്യം എന്നെ അമ്മ അറിയിക്കാതിരിക്കുന്നതില്‍ എന്റെ മനസ് വല്ലാതെ മുറിവേറ്റിരിക്കുന്നു. എന്തുകൊണ്ടാണ് അവസാനമായി അമ്മയും അച്ഛനും എന്നെ ഉമ്മ വയ്ക്കാന്‍ എത്താതിരുന്നത്.

എനിക്ക് 19 വയസുവരെയുള്ള ജീവിതമാണ് ഈ ലോകം അനുവദിച്ചിരിക്കുന്നത്. അന്നത്തെ ദിവസം ഞാന്‍ മരിക്കേണ്ടതായിരുന്നു. എന്റെ ദേഹം നഗരത്തിന്റെ ഏതെങ്കിലും മൂലയില്‍ വലിച്ചെറിയപ്പെടുമായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് ആ ദേഹം തിരിച്ചറിയാന്‍വേണ്ടി അമ്മയെ അവര്‍ കൊണ്ടുപോകുമായിരുന്നു. ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് അന്ന് അമ്മ തിരിച്ചറിയുമായിരുന്നു. കൊലപാതകിയെ ആരും കണ്ടുപിടിക്കുകയില്ല. കാരണം അയാള്‍ ധനികനും അധികാരസ്ഥാനത്തിരിക്കുന്നയാളുമാണ്. അപമാനവും വേദനയും സഹിച്ച് അമ്മ ശിഷ്ടജീവിതം നയിക്കേണ്ടിവരുമായിരുന്നു. അതെല്ലാം അനുഭവിച്ചായിരുന്നേനെ അമ്മയുടെ മരണം.
എന്തായാലും അങ്ങനെയൊന്നും സംഭവിച്ചില്ല. തെരുവില്‍ വലിച്ചെറിയുന്നതിനുപകരം അവരെന്നെ ഏകാന്ത തടവറകളിലേക്ക് തള്ളി. എല്ലാം വിധിയാണെന്ന് കരുതിയാല്‍ മതി. ഒരിക്കലും പരാതിപ്പെടരുത്. കാരണം മരണം ഒരിക്കലും ജീവിതത്തിന്റെ അന്ത്യമായിരിക്കുകയില്ല.

അമ്മ എന്നെ പഠിപ്പിച്ചിട്ടില്ലേ, ഒരാള്‍ ഈ ലോകത്ത് കടന്നുവരുന്നത് അനുഭവ സമ്പത്ത് നേടാനും പലതും പഠിക്കാനുമാണെന്ന്. ഓരോ ജന്മത്തിലും ഓരോ ഉത്തരവാദിത്തം നാം ഏല്‍ക്കേണ്ടിവരുന്നു. ചിലപ്പോള്‍ പോരാടേണ്ടിവരുന്നു. സ്‌കൂളില്‍ പോയാല്‍ വഴക്കും വക്കാണവുമുണ്ടാകുകയാണെങ്കില്‍ മാന്യമായി പെരുമാറണമെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടില്ലേ. എങ്ങനെ നന്നായി പെരുമാറണമെന്ന് അമ്മ അടിവരയിട്ട് പഠിപ്പിച്ചിട്ടില്ലേ. പക്ഷേ കോടതിയിലെത്തിനില്‍ക്കുമ്പോള്‍ ക്രൂരയായ ഒരു കൊലപാതകിയായിട്ടല്ലേ എന്നെ കരുതിയത്. ഞാന്‍ കണ്ണീര്‍ വാര്‍ത്തില്ല. ഞാന്‍ ജീവനുവേണ്ടി ആരോടും യാചിച്ചില്ല. നിയമത്തെ വിശ്വസിച്ചതുകൊണ്ട് ഞാന്‍ തല തല്ലി കരഞ്ഞില്ല. പക്ഷേ കുറ്റത്തിനു മുന്നില്‍ ഞാന്‍ നിസംഗയാണെന്ന് മുദ്രകുത്തപ്പെട്ടു. അമ്മയ്ക്ക് അറിയാമല്ലോ, ഞാന്‍ ഒരു കൊതുകിനെപ്പോലും കൊന്നിട്ടില്ല. പാറ്റകളെ കൊല്ലുന്നതിനുപകരം അവയെ കൊമ്പില്‍ തൂക്കിയെടുത്ത് കളയുകയല്ലെ ഞാന്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ ഞാന്‍ ഒരു കൊലപാതകിയായി.
പോളിഷ് ചെയ്ത് സുന്ദരമാക്കിയിരുന്ന എന്റെ നഖങ്ങള്‍ ഒരു കൊലപാതകിയുടേതല്ലെന്നും എന്റെ കൈകള്‍ മൃദുവാണെന്നും എന്തുകൊണ്ട് ഒരു ജഡ്ജി മനസിലാക്കിയില്ല. അമ്മ സ്‌നേഹിച്ചിരുന്ന ഈ രാജ്യത്തിന് എന്നെ വേണ്ടായിരുന്നു. എന്നെ ചോദ്യം ചെയ്തയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഞാന്‍ വാവിട്ട് നിലവിളിക്കുകയും ചെയ്തപ്പോള്‍ ആരും എന്നെ പിന്തുണച്ചില്ല. എത്ര അസഭ്യമായ ഭാഷയാണ് അയാള്‍ ഉപയോഗിച്ചത്. എന്റെ ശരീരത്തിലെ സൌന്ദര്യത്തിന്റെ അവസാന അടയാളമായ മുടി മുഴുവന്‍ വടിച്ചുകളഞ്ഞ് എന്നെ 11 ദിവസം ഏകാന്ത തടവിലാക്കി.
ഇതൊന്നും കേട്ട് അമ്മ കരയരുത്. പോലീസ് സ്‌റ്റേഷനിലെത്തിയ ആദ്യ ദിവസം തന്നെ ഒരാള്‍ എന്റെ നഖം പിടിച്ചൊടിച്ചു. അവിടെ സൌന്ദര്യത്തിന് വിലയില്ലാതായിരുന്നു. കാഴ്ചയിലും ചിന്തയിലും ശബ്ദത്തിലും കണ്ണിലും കൈയെഴുത്തിലുമൊന്നും അവര്‍ നല്ലതൊന്നും കണ്ടില്ല. എന്റെ പ്രിയപ്പെട്ട അമ്മ മനസിലാക്കണം, എന്റെ ആദര്‍ശങ്ങളെല്ലാം മാറിപ്പോയെന്ന്. അമ്മയല്ല അതിന് ഉത്തരവാദി. എനിക്ക് വാക്കുകള്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. എല്ലാം ഞാന്‍ ഒരാളിന് കൊടുത്തിട്ടുണ്ട്. അമ്മയെ അറിയിക്കാതെയോ അമ്മയുടെ സാന്നിദ്ധ്യത്തിലല്ലാതെയോ ഞാന്‍ വധിക്കപ്പെട്ടാല്‍ അതെല്ലാം അമ്മയ്ക്ക് നല്‍കും. ഒരുപാട് കാര്യങ്ങളാണ് ഞാന്‍ എഴുതിയിരിക്കുന്നത്.

മരിക്കുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ അമ്മ എനിക്ക് ചെയ്തുതരണം. അമ്മയുടെ എല്ലാ കഴിവും ശക്തിയും ഉപയോഗിച്ച് അത് ചെയ്യണം. അമ്മയില്‍നിന്നും ഈ രാജ്യത്തുനിന്നും ഈ ലോകത്തുനിന്നും അതു മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം നിറവേറ്റാന്‍ അമ്മയ്ക്ക് സമയം വേണമെന്നറിയാം. എന്റെ വില്‍പത്രത്തിന്റെ ഒരു ഭാഗം അമ്മയെ അറിയിക്കും. അത് കണ്ട് അമ്മ കരയരുത്. ശ്രദ്ധിച്ച് മനസിലാക്കണം. പിന്നീട് കോടതിയില്‍ പോയി എന്റെ അപേക്ഷ അവരെ ബോധിപ്പിക്കണം. ജയിലിനകത്തുനിന്ന് ഒരു കത്തെഴുതി അമ്മയെ അറിയിക്കാന്‍ എന്നെ ജയില്‍മേധാവി അനുവദിക്കുകയില്ല. ഇക്കാര്യത്തിനുവേണ്ടി അമ്മ അവരോട് യാചിച്ചാലും കുഴപ്പമില്ല. പക്ഷേ ഒരിക്കലും എന്റെ ജീവനുവേണ്ടി യാചിക്കരുതെന്ന് അമ്മയോട് പല തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട അമ്മ ചെയ്യേണ്ടത് ഇതാണ്. എന്റെ ശരീരം മണ്ണില്‍ കിടന്ന് ജീര്‍ണിക്കാന്‍ അനുവദിക്കരുത്. എന്റെ ഹൃദയവും വൃക്കകളും കണ്ണുകളും എല്ലുകളും എന്നു മാത്രമല്ല, എന്തൊക്കെ മാറ്റിവയ്ക്കാമോ അതെല്ലാം ഞാന്‍ ദാനം ചെയ്യുന്നു. ആവശ്യമുള്ളവര്‍ക്ക് അവയെല്ലാം എന്റെ സമ്മാനമായി നല്‍കണം. ഞാനാണ് അത് ദാനം ചെയ്തതെന്ന് സ്വീകരിക്കുന്നവര്‍ അറിയരുത്. അവര്‍ എനിക്കുവേണ്ടി പൂച്ചെണ്ടുകള്‍ അര്‍പ്പിക്കരുത്, പ്രാര്‍ത്ഥിക്കുകപോലും ചെയ്യരുത്. എന്റെ ഹൃദയത്തില്‍ തട്ടി ഞാന്‍ പറയുകയാണ്, അമ്മയ്ക്ക് വന്നിരുന്ന് പ്രാര്‍ത്ഥിക്കാനോ കരയാനോ ഒരു കല്ലറ എനിക്കുവേണ്ടി കരുതരുത്. അമ്മ കറുത്ത വസ്ത്രം പോലും ധരിക്കരുത്. എന്റെ ദുരിതദിനങ്ങള്‍ മറക്കാന്‍ അമ്മ ആവുന്നതെല്ലാം ചെയ്യണം. കാറ്റില്‍ അലിയാനാണ് എനിക്കിഷ്ടം.
ഈ ലോകം നമ്മളെ സ്‌നേഹിച്ചില്ല. എന്റെ ജീവിതം ഈ ലോകത്തിന് വേണ്ടായിരുന്നു. അത് ഞാന്‍ ത്യജിച്ച് മരണത്തെ പുല്‍കുന്നു. ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ ഈ ഇന്‍സ്‌പെക്ടര്‍മാരെയും ജഡ്ജിമാരെയുമെല്ലാം പ്രതികളാക്കും. എന്നെ പീഡിപ്പിക്കാന്‍ മടിക്കാതിരുന്ന, എന്നെ മര്‍ദ്ദിച്ച സുപ്രീംകോടതി ജഡ്ജിമാരെയും ഞാന്‍ ദൈവത്തിന്റെ കോടതിയില്‍ പ്രതികളാക്കും. എന്റെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടതിനും എന്നെ കുറ്റക്കാരിയാക്കിയതിനും യാഥാര്‍ത്ഥ്യത്തില്‍നിന്ന് വളരെ അകലെയായതിനും ഞാന്‍ അവരെ ദൈവത്തിന്റെ കോടതിയില്‍ വിസ്തരിക്കും.
ആ ലോകത്ത് കുറ്റം ചുമത്തുന്നവര്‍ എന്റെ ഹൃദയാലുവായ അമ്മയും ഞാനുമായിരിക്കും. ബാക്കിയുള്ളവരെല്ലാം കുറ്റം ചുമത്തപ്പെട്ടവരായിരിക്കും. എന്താണ് വേണ്ടതെന്ന് ദൈവം നിശ്ചയിക്കട്ടെ. മരിക്കുന്നതുവരെ അമ്മയെ പുണര്‍ന്നിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അമ്മയെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല