Video Of Day

Breaking News

തെങ്ങുംതൈ നട്ട് ഫേസ്ബുക്കിലിട്ട് നൌഫല്‍ ഈ ലോകത്ത് നിന്ന് യാത്രയായി, മൈ ട്രീ ചലഞ്ച്

തിരൂരങ്ങാടി: വൃക്ഷത്തൈ നടുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു അഞ്ചു മണിക്കൂറിന് ശേഷമുള്ള നൗഫലിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. കൊല്ലം ജില്ലയിലെ മരം നടീല്‍ പരിപാടിയില്‍ പങ്കെടുത്തുവന്നശേഷമാണ് നൗഫല്‍ അപകടത്തില്‍ പെടുന്നത്.

ദേശീയപാതയില്‍ വെന്നിയൂരിനടുത്ത് കാച്ചടിക്കലില്‍ ബസ് ബൈക്കിലിടിച്ചാണ് നൗഫല്‍ മരിച്ചത്. ഇന്നലെ ഉച്ചക്ക് 2.45 നായിരുന്നു അപകടം. കോഴിക്കോട് നിന്നും എറണാംകുളത്തേക്ക് പോകുകയായിരുന്ന കോയിക്കല്‍ ബസ് എതിര്‍ഭാഗത്ത് നിന്നും വരികയായിരുന്ന നൗഫലിന്റെ ബൈക്കിലിടിക്കുകയായിരുന്നു.

മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച് പ്രകാരം കഴിഞ്ഞ ദിവസമാണ് നൗഫല്‍ കൊല്ലം ജില്ലയില്‍ മരം നട്ടത്. മരം നടല്‍ പദ്ധതിയില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. ചങ്ങനാശ്ശേരി, കൊല്ലം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോണ്‍ ബിസിനസ് നടത്തുകയായിരുന്നു നൗഫല്‍. അതിനാലാണ് കൊല്ലം ജില്ലയില്‍ മരം നടല്‍ പദ്ധതിയില്‍ പങ്കെടുത്തത്. അപകടത്തിന് ഏതാനും മണിക്കൂര്‍ മുമ്പാണ് ഇതിന്റെ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. ധാരാളം കമന്റുകളും ലൈക്കുകളും കിട്ടിയിരുന്നു.

പ്രതീക്ഷ മങ്ങാത്ത പുഞ്ചിരിയോടെ വൃക്ഷത്തൈ നടുന്ന നൗഫലിന്റെ ചിത്രം പ്രകൃതിയോടുള്ള സ്‌നേഹത്തിന്റെയും ജാഗ്രതയുടെയും നല്ല ഓര്‍മചിത്രമാവുകയാണ്. നൗഫലിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് നാട് ശ്രവിച്ചത്. സമീപ പ്രദേശമായ കാച്ചട്രിക്കല്‍ അപകടമുണ്ടായപ്പോള്‍ നൗഫലാണ് അപകടത്തില്‍ പെട്ടതെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മരണ വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ വീട്ടിലും ആസ്പത്രിയിലുമെത്തി.

അവസാനമായി പോസ്റ്റ് ചെയ്ത മരംനടുന്നചിത്രത്തിനു താഴെ സുഹൃത്തുക്കള്‍ കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ചു. താന്‍ നട്ട വൃക്ഷത്തൈയുടെ ചുവട്ടിലെ നനവ് മായുംമുമ്പാണ് നൗഫലിന്റെ വിയോഗം.

മുസ്‌ലിം യൂത്ത്‌ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന നൗഫല്‍. പിതാവ് കുഞ്ഞിമരക്കാര്‍ മുസ്‌ലിം ലീഗിന്റെ വാര്‍ഡ് ഭാരവാഹിയും യതീംഖാന കമ്മിറ്റിയംഗവുമാണ്.
കടപ്പാട്: ചന്ദ്രിക

അഭിപ്രായങ്ങളൊന്നുമില്ല