Video Of Day

Breaking News

യുവതികളെ ശല്യംചെയ്യല്‍: ഓണം കാണാനെത്തിയ വിദേശികളെ നാട്ടുകാര്‍ പട്ടികകൊണ്ട് തല്ലി

ആലപ്പുഴ: ഇനി ഞങ്ങള്‍ കേരളത്തിലേക്ക് ഇല്ലേ... മൂന്നാഴ്ച കേരളം ചുറ്റിയടിക്കാന്‍ ആലപ്പുഴയിലെത്തിയ വിദേശിയുവാക്കള്‍ മതിയും കൊതിയും തീര്‍ന്ന് മൂന്നുദിവസംകൊണ്ട് വിനോദസഞ്ചാരം അവസാനിപ്പിച്ചു. ആലപ്പുഴ ബീച്ചില്‍ ആക്രമണത്തിന് ഇരയായ ഇംഗ്ലണ്ട് സ്വദേശികളായ അഞ്ച് യുവാക്കളാണ് കേരളത്തിനോട് ബൈ ബൈ പറഞ്ഞത്. ഓണാഘോഷം കാണുന്നതിനും ഓണത്തെക്കുറിച്ച് അറിയുന്നതിനുമാണ് ഈ സീസണില്‍ വിദേശികള്‍ കേരളത്തിലെത്തിയത്.

എന്നാല്‍, മറക്കാനാവാത്ത അനുഭവമാണ് ആലപ്പുഴ ബീച്ചില്‍ ഉത്രാടരാത്രി ഇവര്‍ക്കുണ്ടായത്. വിദേശയുവതികളെ ശല്യംചെയ്ത യുവാക്കളെ ചോദ്യംചെയ്തതിന്റെ പേരില്‍ അവരില്‍നിന്ന് ക്രൂരമര്‍ദ്ദനമാണ് ഇവര്‍ക്ക് കിട്ടിയത്. ഇതില്‍ ഒരാളുടെ തലയ്ക്ക് പട്ടിക കൊണ്ടുള്ള അടിയേറ്റ് നാല് തുന്നല്‍ക്കെട്ടുകള്‍ ഇടേണ്ടിവന്നു. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ പിറ്റേന്നുതന്നെ ഇവര്‍ നാട്ടിലേക്കുള്ള വണ്ടി കയറാന്‍ തീരുമാനിച്ചതാണ്. എന്നാല്‍, ഇവര്‍ താമസിച്ചുകൊണ്ടിരുന്ന ഹോംസ്റ്റേയുടെ ഉടമ ഇവരെ സമാധാനിപ്പിക്കുകയായിരുന്നു.

കേരളത്തില്‍ താമസിച്ച് വയനാട്, തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, എല്ലാം ഉപേക്ഷിച്ച് ചൊവ്വാഴ്ച ഇവര്‍ വണ്ടി കയറും. മൂന്ന് യുവതികളെയാണ് ബീച്ചില്‍ ശല്യംചെയ്തത്. ഇവര്‍ ബീച്ചിനടുത്തുള്ള ഹോംസ്റ്റേയില്‍ താമസിക്കുന്നവര്‍ ആയിരുന്നു. സംഭവത്തിനുശേഷം പേടിച്ചുവിരണ്ട ഇവര്‍ ഹോംസ്റ്റേയ്ക്ക് പുറത്തിറങ്ങാന്‍പോലും ഭയപ്പെട്ടിരുന്നു. യുവതികളെ വിദേശയുവാക്കള്‍ ഈ സംഭവത്തെത്തുടര്‍ന്ന് ബീച്ചില്‍ വച്ചാണ് പരിചയപ്പെടുന്നത്.

ആപത്തില്‍ തങ്ങളെ രക്ഷിക്കാനെത്തിയ യുവാക്കളുമായി യുവതികള്‍ സൗഹൃദത്തിലായി. തിങ്കളാഴ്ച ഹൗസ്‌ബോട്ടില്‍ ഒന്നിച്ച് ആലപ്പുഴയില്‍ അവസാനമായി ഒരു യാത്രയും നടത്തിയാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ഒരുങ്ങുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല