Video Of Day

Breaking News

മലപ്പുറത്ത് നാലു ഹോംനഴ്‌സുമാരെ ഏജന്റ് വീട്ടുതടങ്കലിട്ട് പീഡിപ്പിക്കുന്നു

മലപ്പുറം: കൊല്ലം സ്വദേശികളായ നാലു ഹോംനഴ്‌സുമാര്‍ ഏജന്റിന്റെ വീട്ടുതടങ്കലില്‍. ദിവസം ഒരുനേരം മാത്രമാണിവര്‍ക്കു ഭക്ഷണം. കിടക്കുന്നതു നിലത്ത്‌ പായപോലുമില്ലാതെ. പുറത്തുനിന്നു ഭക്ഷണമെത്തിക്കാനും നാട്ടില്‍പോകാനും പണമില്ലാതെ വലയുകയാണിവര്‍. കിട്ടിയ കൂലിയെല്ലാം ഏജന്റായ റഷീദബീവി കൈക്കലാക്കി.

കൊല്ലം പുനലൂര്‍ സ്വദേശികളായ ഇന്ദിര, പുഷ്‌പ, ഉഷ, സുനിജ എന്നിവരെയാണു മലപ്പുറം വേങ്ങരയിലെ കുന്നുംപുറത്തെ ഒരുലോഡ്‌ജില്‍ തടങ്കലിലാക്കിയിരിക്കുന്നത്‌. ഒരുനേരം മാത്രം ഭക്ഷണം എത്തിച്ചു നല്‍കുന്ന ഏജന്റും സംഘവും പുറത്തുപോയാല്‍ അയല്‍വാസികളായ ചിലരാണ്‌ ഇവര്‍ക്കു വെള്ളവും റൊട്ടിയും രഹസ്യമായി നല്‍കി സഹായിക്കുന്നത്‌. പ്രസാവനന്തരം കുട്ടിയേയും മാതാവിനേയും ശുശ്രൂഷിക്കാനായി 40 ദിവസത്തെ ജോലിക്കെത്തിച്ച ഹോംനഴ്‌സുമാരുടെ ജോലികഴിഞ്ഞിട്ടു ഒരു മാസത്തോളമായി. നാലുവീട്ടുകാരുടെ കൈയില്‍നിന്നു റഷീദബീവി 26000 രൂപവീതം കൈപ്പറ്റിയിട്ടുണ്ടെങ്കിലും ഇവര്‍ക്കു ചില്ലിക്കാശുപോലും നല്‍കാതെ ലോഡ്‌ജില്‍ തടങ്കലിലാക്കുകയായിരുന്നു.

ചില ഹോംനഴ്‌സുമാരുടെ സ്വര്‍ണവും ഏജന്റ്‌ കൈക്കാലാക്കിയിട്ടുണ്ട്‌. റഷീദയുടെ നാട്‌ കൊല്ലം പുനലൂരിലാണെങ്കിലും ഇവരും കുടുംബവും വേങ്ങരയില്‍ സ്‌ഥിരതാമസമാണ്‌.റഷീദ പല ഹോംനഴ്‌സുമാരെയും ജോലിയെടുപ്പിച്ചു പണംതട്ടിയെടുത്തു മുങ്ങിയതായി നിരവധി പരാതികള്‍ വേങ്ങര പോലീസ്‌ സ്‌റ്റേഷനില്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ തട്ടിപ്പുകാരിയാണെന്നും വേങ്ങര എസ്‌.ഐ: ടി. അബ്‌ദുല്‍ ഗഫൂര്‍ പറഞ്ഞു. അതേസമയം, ഇരുപതിലധികം ഹോംനഴ്‌സുമാര്‍ റഷീദയ്‌ക്കു കീഴില്‍ ഇപ്പോള്‍ വിവിധ സ്‌ഥലങ്ങളില്‍ ജോലിചെയ്യുന്നതായി സൂചനയുണ്ട്‌.

കുന്നുംപുറത്തെ ലോഡ്‌ജില്‍ ഹോംനഴ്‌സുമാരെ വീട്ടുതടങ്കലില്‍വച്ചതായി മംഗളത്തിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു ലോഡ്‌ജിലെത്തുമ്പോള്‍ ഏജന്റ്‌ സ്‌ഥലത്തില്ലായിരുന്നു.കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ ഹോംനഴ്‌സുമാര്‍ പൊട്ടിക്കരഞ്ഞു. എങ്ങിനെയെങ്കിലും രക്ഷിക്കണമെന്നായിരുന്നു അവരുടെ അഭ്യര്‍ഥന.

ജീവിക്കാന്‍ ഒരു നിവൃത്തിയും ഇല്ലാത്തതിനാലാണു ഈ ജോലിയിലെത്തിപ്പെട്ടത്‌. തനിക്കു ബന്ധുക്കളെന്നു പറയാന്‍ ആരുമില്ലെന്നും താന്‍മരിച്ചാല്‍ പോലും ആരും അറിയില്ലെന്നും ഹോംനഴ്‌സ്‌ ഉഷ പറഞ്ഞു. താന്‍ ഇപ്പോള്‍ ഉള്ളതു എവിടെയാണെന്നു അറിയില്ലെന്നും നാട്ടിലേക്കുള്ള വഴി അറിയാത്ത അവസ്‌ഥയിലാണെന്നും സുനിജ പറഞ്ഞു. കേസും കാര്യങ്ങളുമായി മുന്നോട്ടുപോകന്‍ അറിയാത്തവരാണു ഇവര്‍. ചോദിക്കാനും പറയാനും ആരുമില്ലാത്ത തങ്ങളുടെ കാര്യത്തില്‍ നടപടിയുണ്ടാകുമോ എന്നാണ്‌ ഇവരുടെ ചോദ്യം. ഇനിയും റഷീദയുടെ ചതിക്കുഴിയില്‍ ആരുംപെടാന്‍ പാടില്ലെന്നും ഇവര്‍ പറയുന്നു.

നാല്‍പതു ദിവസത്തേക്കു 26,000 രൂപ ശമ്പളം ഓഫര്‍ ചെയ്‌താണു റഷീദ ഇവരെ ജോലിക്കെത്തിച്ചത്‌. ജോലിക്കു എത്തിക്കുമ്പോള്‍ തന്നെ വീട്ടുകാരുടെ കൈയില്‍ നിന്നു റഷീദ പതിനാറായിരംരൂപ അഡ്വാന്‍സായി വാങ്ങിയിരുന്നു. ജോലികഴിഞ്ഞു പിരിഞ്ഞുപോകാന്‍ സമയത്തു ബാക്കി പതിനായിരം രൂപയും വാങ്ങിയതായി നാലുപേരും പറയുന്നു. പിന്നീട്‌ ഇവരെ ലോഡ്‌ജിലെത്തിച്ചു. പണം നാളെ നല്‍കാമെന്നു പറഞ്ഞു. എന്നാല്‍, ലോഡ്‌ജിലെത്തിച്ചു ദിവസം 23 കഴിഞ്ഞിട്ടും പണം നല്‍കിയില്ല. നാലുപേരും വ്യത്യസ്‌ത വീടുകളിലാണു ജോലിചെയ്‌തത്‌. റഷീദയെ സഹായിക്കുന്നതിനായി വേങ്ങരയിലെ തന്നെ മറ്റൊരു വട്ടിപ്പലിശക്കാരിയായ സ്‌ത്രീ കൂടെയുണ്ട്‌. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണു ഇത്തരം ജോലിക്കെത്തുന്നവരെ വഞ്ചിച്ചു പണം തട്ടുന്നതെന്നും ഹോംനഴ്‌സുമാര്‍ പറയുന്നു.
റഷീദയുടെ അഡ്രസ്‌ തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ കോപ്പി മാത്രമാണു ഇവരുടെ കൈയിലുള്ളത്‌. റഷീദയുടെ ഒരു മകന്‍ വേങ്ങരയിലെ ഒരു സ്‌റ്റുഡിയോയില്‍ ജോലിചെയ്ുന്നുണ്ടെന്നയും ഇയാളും ഇവരുടെ സഹായിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹേംനഴ്‌സുമാര്‍ പറഞ്ഞു. ചില ദിവസങ്ങളില്‍ ഒരുനേരത്തെ ഭക്ഷണം എത്തിക്കുന്നതു മകനാണ്‌. വയറുനിറയാന്‍ പോലും തികയില്ല ഈ ഭക്ഷണം. ഇവിടുന്നു ചാടിപ്പോകാന്‍ ഇവര്‍ക്കു ഭയമാണ്‌. ചുറ്റുപാടുകളും സ്‌ഥലങ്ങളും പരിചയമില്ലാത്തതും കൈയില്‍ കാശില്ലാത്തതുമാണു പ്രശ്‌നം.

കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല