Video Of Day

Breaking News

രോഗിയുമായി ആംബുലന്‍സ് ബ്ലോക്കില്‍, എസ്ഐ ശില്പാഷെട്ടിയുടെ ഫോട്ടോയെടുക്കുന്നു

കാഞ്ഞിരപ്പള്ളി എസ്‌ഐ ഷിന്റോ പി. കുര്യനാണ് ഇന്ന് ഫേസ്ബുക്കിലെ താരം. പ്രമുഖ ജൂവലറിയുടെ ഉദ്ഘാടനത്തിന് ബോളിവുഡ് താരം ശില്‍പ ഷെട്ടി ഇന്നലെ കാഞ്ഞിരപ്പള്ളിയില്‍ എത്തിയിരുന്നു. നടിയെ കാണാനും ജൂവലിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനുമായി ആയിരക്കണക്കിനു പേരാണ് തടിച്ചു കൂടിയത്. ജനങ്ങള്‍ ഇടിച്ചതോടെ റോഡ് മണിക്കൂറുകളോളം ബ്ലോക്കായി.

ഈ സമയം ട്രാഫിക്ക് സുഗമമാക്കേണ്ട പോലീസാകട്ടെ നടിയുടെ പിന്നാലെയായിരുന്നു. അതിനിടെ അതുവഴി രോഗിയുമായി വന്ന ആംബുലന്‍സ് ബ്ലോക്കില്‍ കുടുങ്ങി. തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഇതിനിടയില്‍ ഇവിടേക്ക് ഒന്ന് എത്തി നോക്കാന്‍ പോലും കൂട്ടാക്കാതിരുന്ന എസ്‌ഐ നടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു എന്നാണ് ചിത്രം സഹിതം പോസ്റ്റ് ചെയ്ത ഒരാള്‍ കുറിച്ചിരിക്കുന്നത്.

എന്തായാലും എസ്‌ഐക്കെതിരേ കമന്റുകളുടെ പ്രവാഹമാണ്. എസ്‌ഐയുടെ പ്രവര്‍ത്തിക്കെതിരേയാണ് ഭൂരിഭാഗവും കമന്റിട്ടിരിക്കുന്നത്. നൂറു കണക്കിന് പേരാണ് ഇതു പോസ്റ്റ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഏതാനും മാസം മുന്‍പാണ് എസ്‌ഐ ഷിന്റോ പി. കുര്യന്‍ കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലം മാറിയെത്തിയത്. മുന്‍പും നിരവധി ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് എസ്‌ഐ.

അതിനിടെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതും മറ്റൊരു നാണക്കേടായി. പരിസരം മറന്ന് പരസ്പരം ഓണത്തല്ലില്‍ മുഴുകിയപ്പോള്‍ ഒരു കാക്കിധാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്റ്റേഷനിലെ സിവില്‍ പോലീസുകാരായ അനിലും കുര്യാക്കോസുമാണ് ഏറ്റുമുട്ടിയത്. കുര്യാക്കോസിന്റെ മര്‍ദ്ദനത്തില്‍ മൂക്കിന് പരിക്കേറ്റ അനിലിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ പത്തരയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം ഉദ്ഘാടനം നടത്തിയ ജൂവലറിക്കാര്‍ കൊടുത്ത പാരിതോഷികം വീതം വയ്ക്കുന്നതിനെ ചൊല്ലിയാണ് പോലീസുകാര്‍ ഏറ്റുമുട്ടിയതെന്നാണ് വിവരം. ഇവര്‍ തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടെന്നും പറയപ്പെടുന്നു. പോലീസുകാര്‍ക്കെതിരേ നടപടി എടുക്കുമെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല