Video Of Day

Breaking News

കുഞ്ഞു പെണ്‍കുട്ടികളെ മാത്രം പീഡിപ്പിച്ചിരുന്ന യുവാവ് കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: ഗുണ്ടാ നിയമപ്രകാരം നിരവധി പീഡന കേസ്സുകളില്‍ കുപ്രസിദ്ധ ക്രിമിനലിനെ തിരുവനന്തപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കിലാക്കി. കവടിയാര്‍ ബ്രാമിന്‍സ് കോളനിയില്‍ താമസിക്കുന്ന അബ്ദുല്‍ വഹാബ് മകന്‍ പൂച്ചക്കണ്ണന്‍ നാസ്സര്‍ എന്നു വിളിക്കുന്ന നാസ്സറുദീനെയാണ് ഇന്നലെ ശംഖുമുഖം അസിസിറ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തില്‍ പൂന്തറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എസ്. ഹരി, സബ് ഇന്‍സ്‌പെകടര്‍ സജിന്‍ ലൂയിസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നത്.

വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ പൂച്ചക്കണ്ണന്‍ നാസര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ട് പോയി ലൈംഗീക പീഡനത്തിന് ഇരയാക്കിയതിന് പൂന്തറ, വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഇതിന് പുറമേ നിരവധി അടിപിടി, കവര്‍ച്ചാ കേസുകളിലും പ്രതിയായിട്ടുള്ള നാസ്സറുദീനെതിരെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും പൊലിസുകാരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും കഴക്കൂട്ടം സ്‌റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെയുള്ള പീഡന കേസ്സുകളില്‍ ഒരെണ്ണം കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസാണ്.

നിരവധി തവണ നിയമനടപടികള്‍ നേരിട്ടിട്ടും വീണ്ടും ഇയാള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും പ്രായപൂര്‍ത്തിയാകാത്ത പെണകുട്ടികളെ വലയിലാക്കാന്‍ ശ്രമിക്കുന്നതായും വിവരം കിട്ടിയതിനെ തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ അജിതാ ബീഗം ഇയാള്‍ക്കെതിരെ ഗുണ്ടാ നിയമം പ്രയോഗിക്കുവാന്‍ ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്തത്. ഗുണ്ടാ നിയമം നിലവില്‍ വന്ന ശേഷം ഇതാദ്യമായിട്ടാണ് പീഡന കേസുകളില്‍ പ്രതിയായ ഒരു ക്രിമിനലിനെതിരെ ജില്ലാ കലക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല