Video Of Day

Breaking News

നായികയുടെ സ്തനം കാണിക്കുന്ന മീഡിയ നായകന്റെ ജനനേന്ദ്രിയം കാണിക്കുമോ: ദീപിക പദുക്കോണ്‍

ഒരു നായികയുടെ ചില പ്രത്യേക ശരീരഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ച് തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന മാധ്യമം, ഒരു നായകന്റെ ജനനേന്ദ്രിയം തലക്കെട്ടാക്കാന്‍ ധൈര്യം കാണിക്കുമോയെന്ന് ദീപിക പദുക്കോണ്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പ്രമുഖ വാര്‍ത്താ മാധ്യമം സൃഷ്ടിച്ച വാര്‍ത്താ ശൈലിയെ ചോദ്യം ചെയ്താണ് ദീപിക തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു നീണ്ട കുറിപ്പെഴുതിയത്.

തന്റെ ശരീരത്തിന്റെ ചില പ്രത്യേക കോണുകളില്‍ നിന്നെടുത്ത ചിത്രമുപയോഗിച്ച് വായനക്കാരെ സൃഷ്ടിക്കുന്ന രീതി ശരിയല്ലെന്ന് ദീപിക ഫേസ്ബുക്ക് കുറിപ്പിലുടനീളം പരാമര്‍ശിക്കുന്നുണ്ട്.  ഒരു കഥാപാത്രം ആവശ്യപ്പെടുന്ന രീതികളെ എങ്ങനെ സ്വീകരിക്കണമെന്നത് അഭിനേതാവിന്റെ സ്വാതന്ത്ര്യമാണെന്നും കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതിനാവശ്യമായ രീതിയില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും ദീപിക കുറിക്കുന്നു.

ഇന്ത്യയുടെ സംസ്‌കാരത്തില്‍ ഷാറൂഖ് ഖാന്റെ 8 പാക്ക് കാണുന്ന രീതിയിലല്ല ഒരു സ്ത്രീ ശരീരം കാണുകയെന്നും വായനക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി സൃഷ്ടിക്കുന്ന തലക്കെട്ടുകളോട് എതിര്‍പ്പുണ്ടെന്നും ദീപിക പറയുന്നു. തന്റെ ശരീരം ഒരു ആഘോഷമാക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും കഥാപാത്രത്തിന്റെ ആവശ്യമനുസരിച്ച് താന്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും ദീപിക വ്യക്തമാക്കുന്നു.

അടുത്ത സിനിമയില്‍ തന്റെ കഥാപാത്രം ഒരു ബാര്‍ ഡാന്‍സറാണെന്നും ദീപിക വെളിപ്പെടുത്തി. കഥാപാത്രത്തിന്റെ ശരീര ഭാഗങ്ങള്‍ വിവരിക്കുന്നതു പോലെയല്ല ഒരു സ്ത്രീയുടെ ശരീരം വര്‍ണിക്കേണ്ടതെന്നും ദീപിക ഓര്‍മപ്പെടുത്തുന്നു. വാര്‍ത്തകള്‍ വിറ്റ് പോകുന്നതിനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്ന രീതിയാണ് ഇവിടെ സ്ത്രീകളോടുള്ള മനോഭാവം മാറുന്നതിന് വരെ കാരണമാകുന്നതെന്നും ദീപിക പറയുന്നു. അതിനാല്‍ തന്നെ സ്ത്രീകളെ ബഹുമാനിക്കാനും സ്‌നേഹിക്കാനും അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും ദീപിക ആവശ്യപ്പെട്ടു കൊണ്ടാണ് ദീപികയുടെ കുറിപ്പ് അവസാനിക്കുന്നത്. സാധാരണയായി വിവാദങ്ങളോട് നിസംഗത പുലര്‍ത്താറുള്ള ദീപിക ഇതാദ്യമായാണ് ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല