Video Of Day

Breaking News

മൂട്ടയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ ആശുപത്രി പൂട്ടി; രോഗികള്‍ വെട്ടിലായി

കുറവിലങ്ങാട്: മൂട്ടയെ തുരത്താനായി കുറവിലങ്ങാട് താലൂക്ക് ആശുപത്രി പൂട്ടി. ആറുമുറികള്‍ മാത്രമുള്ള പേ വാര്‍ഡിലേയ്ക്ക് ആശുപത്രി പ്രവര്‍ത്തനം ഒതുക്കിയതോടെ ജനം ദുരിതത്തിലായി. തിരുവോണദിനത്തില്‍ ചികിത്സതേടിയെത്തിയ രോഗികള്‍ ചികിത്സ ലഭിക്കാതെ നിസഹായരായി മടങ്ങി.

മൂട്ടയെ തുരുത്തുന്നതിനായി ആശുപത്രിയിലെ ഓഫീസും ഡോക്ടര്‍മാരുടെ ഇരിപ്പിടങ്ങളുമൊഴിവാക്കിയാണ് കീടനാശിനിയടിച്ചത്. ആശുപത്രിയുടെ പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള വി.കെ കുര്യന്‍ ബ്ലോക്കും കീടനാശിനിയില്‍ മുക്കി. അടുത്തനാളില്‍ ഒരു സംഘടന ആശുപത്രിക്ക് കിടക്കകള്‍ നല്‍കിയതോടെയാണ് ശുചീകരണ യജ്ഞത്തിന് ആശയമുദിച്ചതെന്നാണ് പറയപ്പെടുന്നത്. ആശുപത്രി ഒന്നാകെ അടച്ചാലുണ്ടാകുന്ന പ്രതിസന്ധിയെന്നും ഡോക്ടര്‍മാരും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്കാരും ആലോചിച്ചില്ല.

  പണം നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രിയിക്കുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രി അടച്ചിട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അറിയാനിടയില്ലാത്തതിനാലാകും ഇത്തരത്തിലുള്ള നടപടിയെന്നാണ് ആക്ഷേപം. ഏഴു ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ ഇപ്പോള്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നുമില്ലാത്ത സ്ഥിതിയാണ്. അഞ്ച് ദിവസത്തേയ്ക്കാണ് ആശുപത്രി അടച്ചിട്ടിരിക്കുന്നതെന്നാണ് പറയുന്നത്.

നിര്‍ധനരായ രോഗികളെ ഡിസ്ചാര്‍ജ് ചെയ്താണ് ആശുപത്രി അടച്ചുപൂട്ടാന്‍ അവസരമൊരുക്കിയത്. അതിനും കഴിയാത്തവരെ സമീപമുള്ള പേ വാര്‍ഡിലേയ്മാറ്റി. ദിവസേന നൂറുകണക്കിന് രോഗികളെത്തുന്ന ഇവിടെ പത്തില്‍ താഴെ രോഗികളെ മാത്രമേ പ്രവേശിപ്പിക്കാനാവൂ. ആശുപത്രി പ്രവര്‍ത്തനം പൂര്‍ണ്ണമായും നിറുത്തിയിട്ടില്ലെന്ന് നിയമപര സുരക്ഷയ്ക്കുമാത്രമാണ് ഒരു മുറിയിലൊതുക്കിയ ചികിത്സ. ആശുപത്രി കെട്ടിടങ്ങള്‍ പൂട്ടിയ വിവരമറിയാതെ ഒട്ടേറെപ്പേരാണ് ആശുപത്രിയിലെത്തുന്നതും നിരാശരായി മടങ്ങുന്നതും.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല