Video Of Day

Breaking News

മനസിനും ചിന്തകള്‍ക്കും തിമിരം ബാധിച്ചവരെ നന്നാക്കാനാവില്ല: മമ്മൂട്ടി

കൊച്ചി: പൊതുസ്‌ഥലങ്ങള്‍ സംരക്ഷിച്ച്‌ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച്‌. മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ച്‌ മൈട്രീ ചലഞ്ചിനു പിന്തുണ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാഴ്‌ച 2020 സൗജന്യ തിമിര നിര്‍മാര്‍ജന പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിലാണു മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ച്‌ ചര്‍ച്ചയായത്‌.
പൊതുസ്‌ഥലങ്ങളില്‍ മരംനടുന്നതിനു ജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പ്രോത്സാഹനമായാല്‍ നശിച്ചുകൊണ്ടിരിക്കുന്ന വനങ്ങളും തണലുകളും ശ്വാസവായുവും നമുക്ക്‌ തിരിച്ചുകിട്ടും. മൈ ട്രീ ചലഞ്ചിലൂടെ താന്‍ നടത്തിയ വെല്ലുവിളി സമൂഹം ഏറ്റെടുക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ മമ്മൂട്ടി പറഞ്ഞു. തലച്ചോറിന്‌ എന്തോ കുഴപ്പമുള്ളവരാണ്‌ ഐസ്‌ വാട്ടര്‍ ചലഞ്ച്‌ എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നു പിടിച്ച മത്സരത്തിന്‌ പിന്നിലുള്ളതെന്ന്‌ മമ്മൂട്ടി പരിഹസിച്ചു.

താന്‍ ആരംഭിച്ച മൈ ട്രീ ചലഞ്ചിന്‌ പ്രേരണയായത്‌ ഐസ്‌ വാട്ടര്‍ ചലഞ്ച്‌ എന്ന പരിപാടിയാണ്‌. തലച്ചോറിനെ ബാധിക്കുന്ന ഒരസുഖത്തിനുള്ള ചികിത്സയാണ്‌ ഇതെന്നാണ്‌ പറയുന്നത്‌. പൊതുവെ ആര്‍ക്കുമുള്ള അസുഖമല്ല ഇത്‌. തലയില്‍ വെള്ളം കോരിയൊഴിക്കാന്‍ വെല്ലുവിളിക്കുന്ന പരിപാടിയുടെ പിന്നിലുള്ളവരുടെ തലച്ചോറിനാണ്‌ കുഴപ്പമെന്ന്‌ മമ്മൂട്ടി കളിയാക്കി.
കാഴ്‌ച 2020 പദ്ധതിയില്‍ തിമിരത്തിന്‌ മാത്രമല്ല, കാഴ്‌ചയുമായി ബന്ധപ്പെട്ട എല്ലാ അസുഖത്തിനുമുള്ള ചികിത്സ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇത്തരം സേവന പ്രവര്‍ത്തനങ്ങളില്‍ താനൊരു ഭിത്തി മാത്രമാണ്‌. അതില്‍ പോസ്‌റ്ററൊട്ടിച്ച്‌ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുമെങ്കില്‍ സന്തോഷം മാത്രമേ ഉള്ളൂ.

എന്നാല്‍ മനസിനും ചിന്തകള്‍ക്കും തിമിരം ബാധിച്ചവര്‍ സമൂഹത്തില്‍ ഒരുപാടുണ്ടെന്നും അവരെ ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഇന്ന്‌ ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക്‌ ആരാധകര്‍ ഒരുക്കിയ പിറന്നാള്‍ കേക്ക്‌ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുറിച്ചു. മലയാളത്തിന്റെ മമ്മൂട്ടിക്ക്‌ ജന്മദിന ആശംസകളോടെ മുഖ്യമന്ത്രി എന്നെഴുതി തയാറാക്കിയ കേക്കിന്റെ മധുരം മമ്മൂട്ടി വേദിയിലുണ്ടായിരുന്ന മുഴുവന്‍ പേരുമായും പങ്കുവെച്ചു. ആരാധകര്‍ സദസില്‍ മധുരപലഹാര വിതരണം നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല