Video Of Day

Breaking News

സ്‌ത്രീധന പീഡനത്തിലെ വാദി ശൈശവ വിവാഹത്തില്‍ പ്രതിയായി

rep imag
ന്യൂഡല്‍ഹി: സ്‌ത്രീധന പ്രശ്‌നത്തെ തുടര്‍ന്നുള്ള പീഡനത്തിന്റെ പേരില്‍ മകളുടെ ഭര്‍ത്താവിനെതിരേ കോടതിയിലെത്തിയ മാതാപിതാക്കള്‍ക്കെതിരേ ശൈശവ വിവാഹം നടത്തിയതിന്റെ പേരില്‍ കേസ്‌. ന്യൂഡല്‍ഹിയിലെ ഒരു പ്രാദേശിക കോടതിയിലാണ്‌ വാദം മൂര്‍ഛിച്ചപ്പോള്‍ വാദി പ്രതിയായി മാറിയത്‌. പ്രായപൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ മകളെ വിവാഹം കഴിച്ചയച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടു.

ബലാത്സംഗത്തേക്കാള്‍ മോശമായ കാര്യമാണ്‌ ശിശുവിവാഹമെന്നും സമൂഹത്തില്‍ നിന്നും പൂര്‍ണ്ണമായും തുടച്ചു നീക്കേണ്ട കാര്യമാണ്‌ ഇതെന്നും കേസ്‌ പരിഗണിച്ച കോടതി പറഞ്ഞു. 3.5 ലക്ഷം രൂപ നല്‍കി വിവാഹം കഴിച്ചയച്ച പെണ്‍കുട്ടിയെ 50,000 രൂപയും കാറും ഇനിയും വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നതായി ആരോപിച്ചു കൊണ്ട്‌ 2011 ലാണ്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കേസ്‌ കൊടുത്തത്‌. കേസ്‌ പരിഗണിച്ച കോടതി വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി മൈനറാണെന്ന്‌ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ ലീവിംഗ്‌ സര്‍ട്ടിഫിക്കറ്റ്‌ പരിശോധിച്ചാണ്‌ കോടതി പെണ്‍കുട്ടി വിവാഹിതയാകുമ്പോള്‍ മൈനറായിരുന്നെന്ന്‌ കണ്ടെത്തിയത്‌.

മാതാപിതാക്കള്‍ക്കെതിരേ എഫ്‌ ഐ ആര്‍ സമര്‍പ്പിക്കാന്‍ പോലീസിനോട്‌ ആവശ്യപ്പെട്ടു. 2011 മെയ്‌ 5 നായിരുന്നു വിവാഹം. സ്‌ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നും കാണിച്ചുകൊണ്ട്‌ ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും പേരില്‍ ഗാര്‍ഹികപീഡനം നേരത്തേ ചുമത്തിയിരുന്നു. 14 വയസ്‌ മാത്രമുള്ള പെണ്‍കുട്ടിയെ വിവാഹിതയാകാന്‍ സമ്മതിച്ചതില്‍ സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. ഒക്‌ടോബര്‍ 19 ന്‌ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഡിസിപിയോട്‌ കോടതി ആവശ്യപ്പെട്ടു.

കേസില്‍ പെണ്‍കുട്ടിക്കെതിരേ ഗാര്‍ഹിക പീഡനം നടത്തിയ ഭര്‍ത്താവും കുടുംബവും ചെയ്‌തതിനേക്കാള്‍ ഗൗരവതരമായ കുറ്റമാണ്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നടത്തിയതെന്നും കോടതി പറഞ്ഞു. കൊച്ചു പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത് അയച്ചതിലൂടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള അവസരം നിഷേധിച്ചു, ശാരീരികമായി ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചു, ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ മരണമടഞ്ഞാല്‍ എന്തു ചെയ്യുമായിരുന്നു എന്നും മാതാപിതാക്കളോട്‌ കോടതി ചോദിച്ചു. പെണ്‍കുട്ടിയ്‌ക്ക് ശാരീരികമായി ദ്രോഹിച്ചതിനും നഷ്‌ടം വരുത്തിയതിനും 4000 രൂപ വീതം മാസം നല്‍കാന്‍ കോടതി ഭര്‍ത്താവിനോട്‌ ആവശ്യപ്പെട്ടു.
കടപ്പാട്:

അഭിപ്രായങ്ങളൊന്നുമില്ല