Video Of Day

Breaking News

മംഗള്‍‌യാനിന്റെ വിജയത്തിന് പിന്നില്‍ നടന്‍ ഇന്നസെന്റും

ഇരിങ്ങാലക്കുട: ഡോ. കെ. രാധാകൃഷ്‌ണന്റെ ചേട്ടനു താന്‍ കൊടുത്ത വാക്കുപാലിച്ചതുകൊണ്ടാണ്‌ അദ്ദേഹം ഇന്നു ലോകമറിയുന്ന ശാസ്‌ത്രജ്‌ഞനായി മാറിയതെന്നു നടനും എം.പിയുമായ ഇന്നസെന്റ്‌ പറഞ്ഞാല്‍ അതിശയോക്‌തി തോന്നുന്നുണ്ടോ? തനി ഇന്നസെന്റ്‌ കഥയായി ഇതൊന്നു കേള്‍ക്കു.
ഇരിങ്ങാലക്കുട സംഗമേശ്വര വിലാസം സ്‌കൂളില്‍ ഡോ. രാധാകൃഷ്‌ണന്റെ ജ്യേഷ്‌ഠ സഹോദരന്‍ ശിവദാസന്‍ നടനും എം.പിയുമായ ഇന്നസെന്റിന്റെ സഹപാഠിയായിരുന്നു. നാലാം ക്ലാസിലെ പരീക്ഷയുടെ റിസല്‍ട്ട്‌ അറിഞ്ഞപ്പോള്‍ ഇന്നസെന്റ്‌ തോറ്റു; ശിവദാസന്‍ അഞ്ചിലേക്കു ജയിച്ചു.

സംഭവറിഞ്ഞ ശിവദാസന്‍ കുറച്ചുസമയം മൗനമായിരുന്നശേഷം ഇന്നസെന്റിനോടു വികാരനിര്‍ഭരനായി പറഞ്ഞു. നിന്നെ ക്ലാസില്‍ തനിച്ചാക്കി പോകുന്നകാര്യം എനിക്കു സഹിക്കാനാവുന്നില്ല. ഇന്നസെന്റ്‌ ശിവദാസനെ സാന്ത്വനപ്പെടുത്തി സാരല്ല്യ ശിവദാസാ... ഇതിപ്പോ ആദ്യായിട്ടൊന്നുമല്ലല്ലോ എത്ര പേര്‍ ഇങ്ങിനെ പോയിട്ടുണ്ട്‌ എന്നെയിങ്ങനെ തനിച്ചാക്കീട്ട്‌.
ശിവദാസന്റെ വിഷമം മാറുന്നില്ല എന്നു കണ്ടു ഇന്നസെന്റ്‌ വീണ്ടും ചോദിച്ചു. എന്താടാ നീയിങ്ങനെ വിഷമിക്കണേ ഞാനിവിടെതന്നെ ഇല്ല്യേ. അപ്പോഴായിരുന്നു ശിവദാസന്റെ മറുപടി. അതു തന്നെയാണെടാ എന്റെ വിഷമം. അടുത്ത വര്‍ഷം എന്റെ അനിയന്‍ രാധാകൃഷ്‌ണന്‍ ഈ ക്ലാസില്‍ വരണുണ്ട്‌. നീയവനെ ചീത്തയാക്കരുത്‌.!

പ്രിയ സുഹൃത്ത്‌ തന്നോടാവശ്യപ്പെട്ട കാര്യം ഇന്നസെന്റ്‌ നിറവേറ്റി. അംബുജം ടീച്ചറുടെ ക്ലാസില്‍ രാധാകൃഷ്‌ണനും ഇന്നസെന്റും അങ്ങനെ ഒരേ ക്ലാസിലിരുന്നു പഠനം തുടങ്ങി. രാധാകൃഷ്‌ണനെക്കൂടി തന്റെ കൂട്ടത്തിലേക്ക്‌ കൊണ്ടു വരാന്‍ പലതവണ ഉള്‍പ്രേരണ ഉണ്ടായിട്ടും ശിവദാസനു കൊടുത്ത വാക്കു പാലിക്കാന്‍ തനിക്കു സാധിച്ചു എന്നും അതുകൊണ്ടാണ്‌ ഇന്ത്യയ്‌ക്ക്‌ ഡോ. കെ. രാധാകൃഷ്‌ണനെന്ന ശാസ്‌ത്രജ്‌ഞനെ ലഭിച്ചതെന്നും ഇന്നസെന്റ്‌ പറയുന്നു. അന്നു മുതല്‍ തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു.
ലോകത്തിന്‌ ഇരിങ്ങാലക്കുട നല്‍കിയ സംഭാവനയാണു മംഗള്‍യാന്റെ അമരക്കാരന്‍ ഡോ. കെ. രാധാകൃഷ്‌ണനെന്ന്‌ ഇന്നസെന്റ്‌ പറഞ്ഞു. ഇന്ത്യക്കുവേണ്ടി കാത്തുസൂക്ഷിച്ച മുത്താണു രാധാകൃഷ്‌ണന്‍.

രാധകൃഷ്‌ണനെ തന്റെ വഴിയേ കൊണ്ടുവന്നില്ല; അല്ലെങ്കില്‍ ശാസ്‌ത്രജ്‌ഞനെ നഷ്‌ടപ്പെട്ടേനെ-ഇന്നസെന്റ്‌ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല