Video Of Day

Breaking News

ഹൌസ് ബോട്ടുകളില്‍ 1000 ലൈംഗിക തൊഴിലാളികള്‍ , മിക്കവര്‍ക്കും മാരക രോഗങ്ങള്‍

ആലപ്പുഴ: ആലപ്പുഴയിലെ ഹൌസ് ബോട്ടുകളില്‍ ഏകദേശം ആയിരത്തോളം ലൈംഗിക തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ പലര്‍ക്കും എയ്ഡ്‌സ് പോലുള്ള മാരക ലൈംഗികരോഗങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. മറ്റു ജില്ലകളില്‍ നിന്നുള്ള ലൈംഗികതൊഴിലാളികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും വലിയ ടൂറിസം ആകര്‍ഷണമായ ഹൗസ്‌ബോട്ടുകള്‍ സെക്‌സ് ടൂറിസം കേന്ദ്രങ്ങളാകുന്നതായാണ് റിപ്പോര്‍ട്ട്‌. ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഹൗസ്‌ ബോട്ടുകളില്‍ രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്‌ ജില്ലാ ഭരണകൂടം. ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട്‌ പോലീസ്‌, ലൈസന്‍സ്‌ അധികാരികളില്‍ നിന്നും തേടിയിട്ടുണ്ടെന്നാണ്‌ വിവരം.

ഈ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പോലീസിന്റെയും തുറമുഖ വകുപ്പിന്റെയും സംയുക്‌ത പ്രവര്‍ത്തനത്തിലൂടെ പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിച്ച്‌ സെപ്‌തംബര്‍ മുതല്‍ ഹൗസ്‌ബോട്ടുകളില്‍ റെയ്‌ഡ് നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. റജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ സമ്മതിക്കുന്ന മാര്‍ഗ്ഗനിര്‍ദേശം പിന്നീട്‌ പല ഹൗസ്‌ബോട്ടുകളും പാലിക്കാറില്ലെന്ന പരാതി വ്യാപകമായിരിക്കുകയാണ്‌.

ബോട്ടുകള്‍ രഹസ്യ വേശ്യാലയങ്ങളായി മാറുന്നുണ്ടെന്ന രഹസ്യ റിപ്പോര്‍ട്ട്‌ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും സമ്മതിക്കുന്നുണ്ട്‌. അതിഥികള്‍ ആവശ്യപ്പെടുന്ന മുറയ്‌ക്ക് ലൈംഗിക തൊഴിലാളികളെ എത്തിച്ച്‌ നല്‍കാറുണ്ടെന്ന്‌ ചില ഇടനിലക്കാര്‍ പറഞ്ഞതായിട്ടാണ്‌ വിവരം. വലിയ നൂലാമാലകളായതിനാല്‍ മിക്കവാറും ഇത്തരം ഗസ്‌റ്റുകളെ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്ന്‌ ഹൗസ്‌ബോട്ട്‌ ഉടമകളും പറയുന്നുണ്ട്‌.

ആലപ്പുഴയിലെ 1,528 ലൈംഗിക തൊഴിലാളികളില്‍ 1000 പേര്‍ പ്രവര്‍ത്തിക്കുന്നത്‌ ഈ മേഖലയിലാണെന്ന എയ്‌ഡ്സ്‌ നിയന്ത്രണ സൊസൈറ്റി പറയുന്നു. ഈ കാരണം കൊണ്ട്‌ തന്നെ ബോട്ടുകളില്‍ കോണ്ടം ബോക്‌സുകള്‍ വെയ്‌ക്കാനും സമ്മതിച്ചിട്ടുണ്ട്‌. റജിസ്‌ട്രേഷന്‍ കാര്യത്തില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പല ഹൗസ്‌ ബോട്ടുകളും പാലിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ 2,59,000 ആഭ്യന്തര ടൂറിസ്‌റ്റുകളും 58,000 വിദേശ ടൂറിസ്‌റ്റുകളും കഴിഞ്ഞ വര്‍ഷം ആലപ്പുഴ സന്ദര്‍ശിച്ചു മടങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല