Video Of Day

Breaking News

കസ്‌റ്റഡിയില്‍ തൂങ്ങിമരണം: ഹനീഷയെ 'അമ്മാവന്‍' ലൈംഗികമായി ഉപയോഗിച്ചിരുന്നു

മലപ്പുറം: അഞ്ചുമാസം മുമ്പു ചങ്ങരംകുളം പോലീസ്‌ സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഹനീഷ(23)യെ, അമ്മാവനെന്ന്‌ അവകാശപ്പെട്ടയാള്‍ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചിരുന്നെന്നു ക്രൈംബ്രാഞ്ച്‌ കണ്ടെത്തല്‍. കുറ്റിപ്പുറം സ്വദേശി അഷ്‌റഫാണ്‌ ഉപദ്രവിച്ചത്‌. എന്നാല്‍, ഇയാള്‍ക്കു തങ്ങളുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നു ഹനീഷയുടെ സഹോദരന്‍ അനീഷ്‌ പറഞ്ഞു. ഹനീഷയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത ദിവസം രാത്രി 10 വരെ അഷ്‌റഫ്‌ ഫോണില്‍ വിളിച്ചിരുന്നു.

അന്വേഷണത്തിന്റെ തുടക്കത്തില്‍തന്നെ സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മുങ്ങി. പിന്നീടു ക്രൈംബ്രാഞ്ച്‌ കസ്‌റ്റഡിയിലെടുത്തു ചോദ്യംചെയ്‌തപ്പോഴാണു ഹനീഷയുടെ അമ്മാവനാണെന്ന്‌ ഇയാള്‍ വ്യക്‌മാക്കിയത്‌. ഹനീഷയുടെ മരണവുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നു പറയാനാകില്ലെന്നും അന്വേഷണോദ്യോഗസ്‌ഥര്‍ പറയുന്നു. മോഷണക്കേസില്‍ അറസ്‌റ്റിലായ ഹനീഷ തുടര്‍നടപടികളേക്കുറിച്ചുള്ള ഭയം മൂലമാകാം ആത്മഹത്യ ചെയ്‌തതെന്ന നിഗമനത്തിലാണു ക്രൈംബ്രാഞ്ച്‌. എന്നാല്‍, ഹനീഷയെ മുമ്പും പോലീസ്‌ പിടികൂടിയിട്ടുണ്ടെന്നും അതിനാല്‍ ആത്മഹത്യ ചെയ്‌തതായി വിശ്വസിക്കുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.

പോലീസ്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്നാണു മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ആരോപണം. ആത്മഹത്യയാണെന്ന നിലപാടില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം മുന്നോട്ടുപോകുമ്പോഴും സ്‌റ്റേഷനില്‍ മരണം സംഭവിക്കാനിടയായ സാഹചര്യത്തില്‍ പോലീസിന്റെ അനാസ്‌ഥയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 23-നു ചങ്ങരംകുളം പോലീസ്‌ കസ്‌റ്റഡിയിലെടുത്ത ഹനീഷയെ 24-നു പുലര്‍ച്ചെയാണു സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ചങ്ങരംകുളം, കുറ്റിപ്പുറം എസ്‌.ഐമാരടക്കം ഏഴുപേരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. സംഭവദിവസം രാത്രി സ്‌റ്റേഷന്‍ സന്ദര്‍ശിച്ചതിനാണു കുറ്റിപ്പുറം എസ്‌.ഐക്കെതിരേ നടപടിയെടുത്തത്‌.

എന്നാല്‍ മേലുദ്യോഗസ്‌ഥന്റെ നിര്‍ദേശപ്രകാരമാണു കുറ്റിപ്പുറം എസ്‌.ഐ. ചങ്ങരംകുളം സ്‌റ്റേഷനിലെത്തിയതെന്നു ക്രൈംബ്രാഞ്ച്‌ അന്വേഷണത്തില്‍ വ്യക്‌തമായി. ചങ്ങരംകുളം പോലീസ്‌ സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരുടെ കൃത്യവിലോപം ചുണ്ടിക്കാട്ടി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണു ക്രൈംബ്രാഞ്ച്‌. മൂന്നുമാസത്തിനിടെ കുറ്റിപ്പുറം സ്‌റ്റേഷനില്‍ രണ്ടാമത്തെ കസ്‌റ്റഡിമരണമാണു ഹനീഷയുടേത്‌. പോലീസ്‌ കംപ്ലയിന്റ്‌ അഥോറിട്ടി ചെയര്‍മാന്‍ സിറ്റിംഗ്‌ നടത്തി അഭ്യന്തരവകുപ്പിനു നല്‍കിയ ശിപാര്‍ശപ്രകാരമാണു കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറിയത്‌.
കടപ്പാട് മംഗളം

അഭിപ്രായങ്ങളൊന്നുമില്ല