Video Of Day

Breaking News

വീട്ടിലെ ലൈംഗിക പീഡനം ഭയന്ന് പെണ്‍കുട്ടികള്‍ ഓടിമറയുന്നതെവിടേക്ക് ? വായിച്ചിരിക്കേണ്ടത്

കോഴിക്കോട് : കേരളത്തില്‍ പെണ്‍കുട്ടികളെ കാണാതാവുന്നത് ഭയനാകമാംവിധം വര്‍ദ്ധിക്കുന്നു. കാണാതാവുന്നവരില്‍ ബഹുഭൂരിപക്ഷവും തിരികെ വരുന്നില്ല. അല്ലെങ്കില്‍ തിരിച്ചുകിട്ടുന്നില്ല. ഇവര്‍ എവിടേക്ക് പോകുന്നു, എവിടെ എത്തിച്ചേരുന്നു. പിണങ്ങിപ്പോകുന്നതോ, കെണിയില്‍പെടുത്തി കടത്തിക്കൊണ്ടുപോകുന്നതോ അധികൃതരുടെ കൈയിലും കൃത്യമായ ഉത്തരമില്ല. പ്രേമക്കെണിയില്‍പെട്ടും പെണ്‍വാണിഭസംഘങ്ങളുടെ കുരുക്കില്‍പെട്ടും വീട്ടിലെ അരക്ഷിതാവസ്ഥയില്‍ ആശങ്കപ്പെട്ടും വീടുകളിലെ ലൈംഗിക പീഡനം ഭയന്നും ഈ പെണ്‍കുട്ടികള്‍ ഓടി മറയുന്നതെങ്ങോട്ട്. കേരളത്തില്‍ കാണാതാവുന്ന കുട്ടികളില്‍ എറെയും പെണ്‍കുട്ടികളാണെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ എടുത്താല്‍ അടുത്ത കാലത്തായി കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ നിന്നും 2004 കാണാതായ കുട്ടികളില്‍ 41 ശതമാനം കുട്ടികള്‍ പെണ്‍കുട്ടികളായിരുന്നെങ്കില്‍ ഈവര്‍ഷം ഒക്ടോബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 70 ശതമാനം പേരും പെണ്‍കുട്ടികളാണ്.

ഈവര്‍ഷം കാണാതായ പെണ്‍കുട്ടികളില്‍ 41.2 ശതമാനം പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലും അധികൃതര്‍ക്കായിട്ടില്ല. എന്നാല്‍ കാണാതായ ആണ്‍കുട്ടികളില്‍ 58 ശതമാനം പേരെയും തിരികെയെത്തിക്കാന്‍ പോലീസിനായി. പോലീസ് സ്‌റ്റേഷനുകളില്‍ പരാതിപ്പെട്ടവരുടെ കണക്കുകള്‍ മാത്രമാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോവിലുള്ളു എന്നതും ഏറെ ശ്രദ്ധേയമാകുന്നു. രേഖപ്പെടുത്താതെ, പരാതിപ്പെടാതെ പോകുന്നകണക്കുകള്‍ തല്ക്കാലം മറക്കാം.

2005 ല്‍ കാണാതായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ തുര്‍ന്നിങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണം ക്രമമായി വര്‍ദ്ധിക്കുന്നത് കാണാം.

കാണാതായ കുട്ടികളെ കണ്ടെത്താന്‍ സാധിക്കുന്നുണ്ടെങ്കിലും വര്‍ഷാവര്‍ഷം കാണാതാവുന്ന പെണ്‍കുട്ടികളില്‍ കണ്ടത്തെുന്നവരുടെ ശതമാനം കുറയുകയാണ്. 2005 ല്‍ 47.6 ശതമാനം പെണ്‍കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇത് 2012 ല്‍ 67.09 ശതമാനമായി ഉയര്‍ന്നു. അതായത് കഴിഞ്ഞ വര്‍ഷം കാണാതായ 777 പെണ്‍കുട്ടികളില്‍ 310 പേരെ കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ലെന്ന് സാരം. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 70.3 ശതമാനം പെണ്‍കുട്ടികളെ (407 ല്‍ 168 പേരെ ) ഇതേ വരെ കണ്ടെത്താനായിട്ടില്ല.

ഇവരെവിടെ പോകുന്നുവെന്ന് നാട്ടിലെ സാമൂഹ്യപ്രവര്‍ത്തകരോ അധികൃതരോ ശ്രദ്ധിക്കുന്നില്ലെന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വീടുകളില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെയും അരക്ഷിതാവസ്ഥയുടെയും വര്‍ദ്ധനവു തന്നെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പെണ്‍വാണിഭക്കാരുടെയും വീട്ടുജോലിക്ക് കുട്ടികളെ വില്ക്കുന്ന മാഫിയയുടെയും കൈകളില്‍ പെടുന്നതിനാലാണ് ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളെ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതെന്ന് അധികൃതര്‍ തന്നെ പറയുന്നു.

കാണാതായ കുട്ടികളില്‍ തിരികെ ലഭിക്കാത്തവരില്‍ നല്ലൊരുശതമാനം മരിച്ചെന്ന വാദവുമായി ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതിന് മുമ്പ് സമൂഹത്തിലേക്ക് തിരികെ നോക്കാന്‍ അധികൃതരെ ഇത് പ്രേരിപ്പിക്കേണ്ടിയിരിക്കുന്നു.

കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ നടപടിയെടുക്കാത്തതിന് കേരളാ പോലീസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും നിരവധി തവണ ഏറ്റുവാങ്ങിയിട്ടുണ്ട്. പത്രപരസ്യവും കേരളത്തിനുപുറത്തേക്ക് അന്വേഷണ സംഘം നടത്തിയ യാത്രയുടെ രേഖയു ംകാണിച്ച് കോടതിയുടെ മുന്നില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെടാറാണ് പോലീസ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ കാണാതാവുന്ന നഗരമാണ് ബാംഗ്ലൂര്‍. ഇവിടെ 2013 ല്‍ മാത്രം 2743 പെണ്‍കുട്ടികളെ കാണാതായി. മലയാളി കൂടിയായ കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ അഭിപ്രായപ്രകാരം മിക്ക കേസുകളും പ്രണയം മൂലമുള്ള ഒളിച്ചോട്ടമാണത്രേ. ഇത്തരം ഉത്തരങ്ങളിലൂടെ കൈകഴുകാന്‍ അധികൃതര്‍ക്കാവുമെങ്കിലും സാമൂഹ്യപ്രവര്‍ത്തകര്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല