Video Of Day

Breaking News

ജാര്‍ഖണ്ഡില്‍ പതിനെട്ടുകാരി തെരുവുനായയെ വിവാഹം കഴിച്ചു

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ പതിനെട്ടുകാരി തെരുവുപട്ടിയെ വിവാഹം കഴിച്ചു. ജാര്‍ഖണ്ഡിലെ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള മംഗ്‌ലി മുണ്ട എന്ന യുവതിയാണ് തെരുവില്‍ അലയുന്ന പട്ടിയെ വിവാഹം ചെയ്തത്.

എഴുപതോളം അതിഥികളുടെ മുന്നിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. പെണ്‍കുട്ടിയുടെ മേല്‍ ദൗര്‍ഭാഗ്യങ്ങളുണ്ടെന്നും അവളെ വിവാഹം കഴിക്കുന്ന പുരുഷനും കുടുംബത്തിനും അവരുള്‍പ്പെട്ട സമൂഹത്തിനും അത് ദോഷകരമാണെന്നുമാണ് സ്ഥലത്തെ പ്രാദേശിക ഗുരു പറഞ്ഞത്. പട്ടിയെ വിവാഹം കഴിച്ചാല്‍ പൈശാചിക ശക്തികള്‍ ഒഴിവായി പോകുമെന്ന് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഉപദേശിച്ചതിനെ തുടര്‍ന്നാണ് മംഗ്‌ലി ഷേരു എന്ന് നാട്ടുകാര്‍ വിളിക്കുന്ന പട്ടിയെ ഭര്‍ത്താവാക്കാന്‍ തീരുമാനിച്ചത്. ഇതോടെ തെരുവില്‍ തെണ്ടിത്തിരിഞ്ഞു നടന്ന ഷേരുവിന്രെ നല്ലകാലം തെളിഞ്ഞു. പട്ടിയെ കാറിനകത്ത് കയറ്റിയാണ് വിവാഹത്തിനായി കൊണ്ടുവന്നത്.

സ്‌കൂളില്‍ പോയിട്ടില്ലാത്ത മംഗ്‌ലി തനിക്ക് പട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലായിരുന്നെന്നും തന്രെ ദോഷം മാറ്റാനായി എല്ലാവരും കൂടി നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും പറഞ്ഞു. താന്‍ പട്ടിയെ വിവാഹം കഴിച്ചതോടെ തന്രെ ദോഷം പട്ടിയിലേക്ക് മാറുമെന്നാണ് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ വിശ്വസിക്കുന്നതെന്നും നവവധു പറഞ്ഞു. ഇനി താന്‍ വിവാഹം കഴിക്കുന്ന പുരുഷന് ദീര്‍ഘായുസുണ്ടാകുമെന്ന് മംഗ്‌ലി വ്യക്തമാക്കി.

തന്രെ മകള്‍ക്ക് ചേരുന്ന പട്ടിയെ കണ്ടു പിടിച്ചത് മംഗ്‌ലിയുടെ പിതാവായ ശ്രീഅംന്‍മുണ്ടയാണ്. എത്രയും പെട്ടെന്ന് ഒരു പട്ടിയെക്കൊണ്ട് മകളുടെ വിവാഹം നടത്തുക മാത്രമാണ് മകളുടെ ജീവിതം നിലനിര്‍ത്താനുള്ള പോംവഴിയെന്ന് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ പറഞ്ഞതിനാലാണ് ചടങ്ങ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടി പട്ടിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ തങ്ങളുടെ ഗ്രാമത്തില്‍ പലപ്പോഴും നടക്കാറുള്ളതാണെന്നും ഇത് തങ്ങളുടെ ഒരു വിശ്വാസമാണെന്നും പെണ്‍കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.

ഗ്രാമത്തിന്രെ ചടങ്ങുകളനുസരിച്ച് ഈ വിവാഹം ഒരിക്കലും മംഗ്‌ലിയുടെ ജീവിതത്തെ ബാധിക്കില്ല. പട്ടിയുമായി വിവാഹമോചനം നടത്താതെ തന്നെ അവള്‍ക്ക് മറ്റൊരാളെ വിവാഹം കഴിക്കാനാകും.

വരന്‍ പട്ടിയാണെന്നതൊഴിച്ചാല്‍ മറ്റെല്ലാ ചടങ്ങുകളും ആര്‍ഭാടമായി തന്നെയാണ് നടത്തിയത്. ഒരു വരന് നല്‍കേണ്ട എല്ലാ ബഹുമാനവും പട്ടിക്ക് നല്‍കിയതായും വധുവിന്രെ അമ്മ സീംസ്‌ദേവി പറഞ്ഞു. വിവാഹശേഷം അടുത്ത കുറച്ച് മാസത്തേക്ക് പട്ടിയെ നോക്കേണ്ടത് മംഗ്‌ലിയുടെ കടമയാണ്. താനെന്തായാലും തന്രെ സ്വപ്നത്തിലെ രാജകുമാരനെ കണ്ടെത്തി വിവാഹം കഴിക്കുമെന്നാണ് മംഗ്‌ലി പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല