Video Of Day

Breaking News

സ്വിസ് പാര്‍ലമെന്റിലെ സെക്‌സി, അഥവാ തുണിയില്ലാ സെല്‍ഫികള്‍

എന്തുകൊണ്ടാണ് ലോകത്തിലെ കള്ളപ്പണം മുഴുവന്‍ സ്വിസ് ബാങ്കിലേക്ക് ഒഴുകുന്നതെന്നറിയാമോ? സ്വകാര്യതക്ക് ഇത്രമാത്രം പ്രാധാന്യം കൊടുക്കുന്ന മറ്റൊരു രാജ്യം വേറെയില്ലെന്നതാണ് അതിനുള്ള ഉത്തരം. സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങള്‍ മറ്റൊരാള്‍ക്കു നല്‍കുന്നത് നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണവിടെ. സ്വകാര്യത, ലൈംഗികത എന്നീ കാര്യങ്ങളിലൊന്നും ആ രാജ്യക്കാര്‍ക്ക് കാര്യമായ ഭയമൊന്നുമില്ല. അത്രമാത്രമുണ്ട് നിയമത്തിന്റെ സംരക്ഷണം. അവിടെ വേശ്യാവൃത്തി നിയമവിധേയമാണ്. കോള്‍ ഗേളുകള്‍ക്ക് പത്രത്തില്‍ കസ്റ്റമേഴ്‌സിനെ തേടി പരസ്യം വരെ കൊടുക്കാം. മാത്രവുമല്ല സര്‍ക്കാരിലേക്ക് നികുതി വരെ അടയ്ക്കുന്നുണ്ട് അവര്‍.
പക്ഷേ കൊത്തിക്കൊത്തി മുറത്തീക്കേറി കൊത്തി എന്ന അവസ്ഥയിലായിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ കാര്യങ്ങള്‍.

രാജ്യത്തിന്റെ പരമോന്നത ഭരണനിര്‍വഹണ കേന്ദ്രമായ പാര്‍ലമെന്റില്‍ വരെ കയറിയാണിപ്പോള്‍ സ്വകാര്യതാവിവാദം തകര്‍ക്കുന്നത്. 162 വര്‍ഷം പഴക്കമുള്ള ഫെഡറല്‍ പാലസ് എന്ന സ്വിസ് പാര്‍ലമെന്റില്‍ ഓഗസ്റ്റ് ആദ്യമായിരുന്നു ആദ്യത്തെ സെല്‍ഫി ബോംബ് വീണത്. അവിടത്തെ ഒരു വനിതാപാര്‍ലമെന്ററി സെക്രട്ടറിയായിരുന്നു വിവാദതാരം. കക്ഷി ഒരു സെല്‍ഫിയെടുത്ത്  ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 11,000 ഫോളോവര്‍മാരുള്ള സെക്രട്ടറിയുടെ ഫോട്ടോ പെട്ടെന്നുതന്നെ വൈറലായി. വെറുമൊരു സെല്‍ഫി വൈറലാകണമെങ്കില്‍ അതില്‍ എന്തെങ്കിലും വേണ്ടേ? ഉണ്ടായിരുന്നു. അതായത്, കഥാനായികയുടെ സെല്‍ഫി അര്‍ധനഗ്നയായിട്ടായിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ അതൊരു തെറ്റാണോ? അല്ല. പക്ഷേ സെല്‍ഫി എടുത്തിരിക്കുന്നത് പാര്‍ലമെന്റിനകത്തു വച്ചായിരുന്നു. ഒരൊറ്റ സെല്‍ഫിയാണെങ്കില്‍ ക്ഷമിക്കാം. തൊട്ടടുത്ത ദിവസം തന്നെ അവിടത്തെ ഒരു ടാബ്ലോയിഡ് സെക്രട്ടറിയുടെ പലവിധ പോസുകളിലുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. എല്ലാം പാര്‍ലമെന്റിലെ പലവിധ ഭാഗങ്ങളില്‍ നിന്നുള്ളവ. ചിലത് അര്‍ധനഗ്നം, മറ്റുചിലത് പ്രകോപനപരവും. സംഗതി വിവാദമായതോടെ സെക്രട്ടറി ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

ഇങ്ങിനെയൊരു അക്രമത്തിന് എവിടുന്നു കിട്ടി ധൈര്യമെന്നു ചോദിച്ചവരോടെല്ലാം സെക്രട്ടറി പറഞ്ഞു-സഹപ്രവര്‍ത്തകര്‍ക്കും പാര്‍ലമെന്റ് ജീവനക്കാര്‍ക്കും ഉന്നതാധികാരികള്‍ക്കും ഏത് സാഹചര്യത്തിലും കാണാവുന്ന ഫോട്ടോകളേ വെബ്ബില്‍ പോസ്റ്റ് ചെയ്യാവൂ എന്നാണ് നിയമം. എന്റെ ചിത്രം ഏത് സാഹചര്യത്തിലും കാണാവുന്നതല്ലേ? (സ്വിസ് സാഹചര്യത്തില്‍ ആ ചോദ്യം പ്രസക്തവുമാണല്ലോ!) മാത്രവുമല്ല, ചിത്രങ്ങള്‍ തന്റെ സ്വകാര്യനിമിഷങ്ങളുടെയാണ്. അത്തരം ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്നും നിയമമുണ്ട്. അതോടെ ചര്‍ച്ചകള്‍ സ്വകാര്യതാനിയമങ്ങള്‍ക്കു നേരെ തിരിഞ്ഞു. ഭരണനിര്‍വഹണമേഖലയിലുള്ളവരുടെ പ്രവര്‍ത്തികള്‍ സംബന്ധിച്ച് നിയമം മാറ്റിയെഴുതണമെന്നു വരെ നിര്‍ദേശം വന്നു. അതിനിടെ അന്വേഷണവിധേയമായി സെക്രട്ടറിയെ സസ്‌പെന്‍ഡും ചെയ്തു. അപ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത-ആ സെക്രട്ടറി ഇരുനൂറിലേറെ പോണ്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടത്രേ!

എന്തായാലും വിവാദം അല്പമൊന്നു കെട്ടടങ്ങിയപ്പോഴാണ് അടുത്ത സെല്‍ഫിയുടെ വരവ്. അതും പാര്‍ലമെന്റില്‍ നിന്നു തന്നെ. ബേഡന്‍ നഗരത്തിലെ മേയര്‍ ജെറി മുള്ളറാണ് സെക്‌സി സെല്‍ഫിയില്‍ കുടുങ്ങിയത്. 53കാരനായ ഇദ്ദേഹം ഗ്രീന്‍ നാഷനല്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവും പാര്‍ലമെന്റ് അംഗവുമാണ്. എന്നാല്‍ 33കാരിയായ പെണ്‍സുഹൃത്തിന് മുള്ളര്‍ വാട്ട്‌സ്ആപ്പില്‍ അയച്ചു കൊടുത്ത അര്‍ധനഗ്നചിത്രങ്ങള്‍ പുറത്തു വന്നതോടെ കക്ഷി മേയര്‍പണി തല്‍ക്കാലത്തേക്ക് ഒഴിഞ്ഞു. മുള്ളര്‍ ആ സെല്‍ഫികളെടുത്തതും മേയറുടെ ഓഫിസിനകത്തു നിന്നും എന്തിന് പാര്‍ലമെന്റിലെ ഡിബേറ്റിങ് ചേംബറിനകത്തു വരെ നിന്നു കൊണ്ടായിരുന്നു.

സെക്രട്ടറിയുടെ സെക്‌സി സെല്‍ഫി വിവാദമായതോടെയാണ് മുള്ളറും കുടുങ്ങിയത്. താനയച്ചു തന്ന ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്യണമെന്നും ഇനിയീ ബന്ധം തുടരേണ്ടെന്നും കക്ഷി പറഞ്ഞതോടെ പെണ്‍സുഹൃത്ത് വിറച്ചുതുള്ളി. നേരെ പോയി ആ നഗ്നചിത്രങ്ങളെല്ലാം മാധ്യമങ്ങള്‍ക്കു കൊടുക്കുകയും ചെയ്തു. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് മുള്ളറും രംഗത്തു വന്നതോടെ മേയര്‍ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. പാര്‍ലമെന്റ് ഭരിക്കാനുള്ളതാണോ അതോ തുണിയില്ലാതെ പടമെടുക്കാനുള്ള സ്ഥലമാണോ എന്നും ചോദിച്ച് സ്വിസ് സോഷ്യല്‍മീഡിയയില്‍ പൊതുജനം തകര്‍ക്കുകയാണ്. എന്തൊക്കെയാണെങ്കിലും സ്വിസ് പാര്‍ലമെന്റിലെ സെക്‌സി സെല്‍ഫികള്‍ ചില നിയമങ്ങളെ പൊളിച്ചടുക്കാനെങ്കിലും ഉപകാരപ്പെടുമെന്ന പ്രതീക്ഷയിലാണ് ജനം.

അഭിപ്രായങ്ങളൊന്നുമില്ല