Video Of Day

Breaking News

സയനൈഡ് കഴിച്ച് മരണം: സെക്സ് റാക്കറ്റുകാര്‍ വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തെന്ന്

കാഞ്ഞിരപ്പള്ളി: ദുരൂഹ സാഹചര്യത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതായുള്ള സംശയമാണ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ കാരണം എന്നറിയുന്നു. ഇരുപതോളം പേരെ പോലീസ് ചോദ്യം ചെയ്തതായാണ് വിവരം. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കസ്റ്റഡി വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.

മരണമടഞ്ഞ ബിന്ധ്യ പൊന്‍കുന്നം സ്വദേശിയായ യുവാവിന്റെ വലയില്‍പെട്ടിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വകാര്യാസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയും ചില റാക്കറ്റുകളുടെ പിടിയില്‍പെട്ടിരുന്നതായും പോലീസ് കരുതുന്നു. പ്ലസ് വണ്‍ ക്ലൂസില്‍ സഹപാഠികളായതോടെ ഇരുവരെയും ഒരുമിച്ച് കുടുക്കിലാക്കാന്‍ റാക്കറ്റുകള്‍ക്കായെന്നും പോലീസ് സംശയിക്കുന്നുണ്ട്.

മരിച്ച ബിന്ധ്യയുടെ വീട്ടിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ പോലീസ് കാര്യമായെടുത്തിട്ടില്ല. ബിന്ധ്യയുടെ വീട്ടില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെന്ന് ബന്ധുക്കളും അയല്‍ക്കാരും വ്യക്തമാക്കിയതോടെ സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്യേണ്ടി വരും. അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരുവരുടെയും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പോലീസ് തടഞ്ഞിരിക്കുകയാണ്. അപകടനില തരണം ചെയ്ത് ആരോഗ്യം വീണ്ടെടുത്ത പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിലെ ദൂരൂഹതക്ക് വിരാമമാകും എന്ന വിശ്വാസത്തിലാണ് പോലീസ്.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. വി.യു.കുര്യാക്കോസ്, സി.ഐ. എന്‍.ജി.ശ്രീമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. 

അഭിപ്രായങ്ങളൊന്നുമില്ല