സ്‌ത്രീയുടെ ശക്‌തി നശിക്കില്ല, കുട്ടികള്‍ക്കും കുടുംബത്തിനും സമര്‍പ്പിക്കാനുള്ളതല്ല ജീവിതം: മഞ്‌ജുവാര്യര്‍
'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെ മഞ്‌ജുവാര്യര്‍ നേടിയെടുത്തത് രണ്ടാംവരവ് അത്യുജ്‌ജ്വലമാക്കിയ നായികനടി എന്ന ലേബലല്ല, മറിച്ച് മലയാളികള്‍ എവിടെയുണ്ടോ അവിടത്തെ സ്‌ത്രീകളുടെ സ്‌നേഹവും ആദരവുമാണ്. അതിനു കാരണം നിരുപമ എന്ന കഥാപാത്രമാണ്. പ്രായം ഒന്നിനും തടസമല്ലെന്ന് നിരുപമ എന്ന കഥാപാത്രത്തിലൂടെ മഞ്‌ജുവാര്യര്‍ തെളിയിക്കുകയുണ്ടായി.
'കുടുംബശ്രീ' ജൈവകൃഷി ഗുഡ്‌വില്‍ അംബാസിഡറായി കേരള ഗവണ്‍മെന്റ് മഞ്‌ജുവാര്യരെ നിയമിച്ചത് നിരുപമയുടെ ആദര്‍ശവും ദൃഢനിശ്‌ചയവും പ്രവര്‍ത്തനവുമാണ്. പ്രായമായാല്‍ ഒന്നിനും കഴിയില്ലെന്നു വിചാരിച്ച് ജീവിതം ഇരുട്ടില്‍ തളച്ചിടുന്ന കുടുംബിനികള്‍ക്ക് ഉണര്‍ന്നെണീക്കാനുള്ള സന്ദേശം നിരുപമയിലൂടെ വന്നതു കൊണ്ടാണ് സംസ്‌ഥാന ഗവണ്‍മെന്റ് കുടുംബശ്രീ ജൈവകൃഷി ഗുഡ്‌വില്‍ അംബാസിഡറായി മഞ്‌ജുവിനെ തെരഞ്ഞെടുത്തത്.
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ തിങ്ങിനിറഞ്ഞ 'കുടുംബശ്രീ' പ്രവര്‍ത്തകരെ സാക്ഷിയാക്കി 'കുടുംബശ്രീ' ജൈവകൃഷി ഗുഡ്‌വില്‍ അംബാസിഡറായി മഞ്‌ജുവാര്യര്‍ ചുമതലയേറ്റു.
''സ്‌ത്രീയുടെ ശക്‌തി ഒരിക്കലും നശിക്കില്ല. കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി സ്വയം സമര്‍പ്പിക്കുന്നതുകൊണ്ടാണ് പല കഴിവുകളും സ്‌ത്രീക്ക് പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്നത്. മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം നശിച്ചു എന്നതുകൊണ്ട് ഒരിക്കലും തിരിച്ചുവരാന്‍ കഴിയില്ലെന്നു കരുതരുത്.
സ്‌ത്രീക്കു മാത്രമേ തങ്ങളുടെ കഴിവും ശക്‌തിയും മനസിലാക്കി തിരിച്ചുവരാന്‍ കഴിയൂ. അതിനു പ്രായവും സമയവും കാലവും തടസമല്ല. ഹൗ ഓള്‍ഡ് ആര്‍ യു സിനിമയിലെ നിരുപമ രാജീവും ഞാനും ഈ അഭിപ്രായമുള്ളവരാണ്.'' ഗുഡ്‌വില്‍ അംബാസിഡറായി ചുമതലയേറ്റ മഞ്‌ജുവാര്യര്‍ കുടുംബശ്രീ പ്രവര്‍ത്തകരെ സാക്ഷിയാക്കി പറഞ്ഞു.
'ഹൗ ഓള്‍ഡ് ആര്‍ യു. സിനിമയ്‌ക്ക് നികുതിയിളവ് നല്‍കിയതായി മന്ത്രി എം.കെ. മുനീര്‍ പ്രഖ്യാപിച്ചു.
കേരളത്തിലെ പച്ചക്കറി ഉപഭോഗത്തെക്കുറിച്ചുള്ള കണക്ക് കുടുംബശ്രീ അംഗങ്ങള്‍ക്കുവേണ്ടി മഞ്‌ജുവാര്യര്‍ അവതരിപ്പിച്ചു. കേരളത്തില്‍ 25 ലക്ഷം ടണ്‍ പച്ചക്കറിയാണ് വേണ്ടത്. ഇതില്‍ ഏഴുലക്ഷം ടണ്‍ മാത്രമാണ് ഇവിടെ ഉല്‌പാദിപ്പിക്കുന്നത്. ബാക്കിയുള്ളവ മൈസൂര്‍, പൊള്ളാച്ചി തുടങ്ങിയ സ്‌ഥലങ്ങളില്‍നിന്നാണ് എത്തിക്കുന്നത്. അത് കീടനാശിനി പ്രയോഗിച്ച് വിഷമയമാണ്. 1100 കോടി രൂപയുടെ പച്ചക്കറി വിദേശരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്നു.
വിഷം കലര്‍ന്ന ഭക്ഷണം സമൂഹത്തിലേക്ക് എത്തുന്നതു തടയാനുള്ള നിയോഗത്തില്‍ പങ്കാളിയാകണമെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്നു. കുടുംബശ്രീയുടെ മുഖമാകാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്''- മഞ്‌ജുവാര്യര്‍ പറഞ്ഞു.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ കെ.ബി. വത്സലകുമാരി, പ്രോഗ്രാം മാനേജര്‍ ഡോ. എസ്. സലിം തുടങ്ങിയവര്‍ സംസാരിച്ചു.
'ഹൗ ഓള്‍ഡ് ആര്‍ യു.' സിനിമയുടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സന്ദേശം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ