Video Of Day

Breaking News

കുഞ്ഞ് തന്റേതല്ലെന്ന്, ഗര്‍ഭിണിയെ സ്‌നേഹത്തില്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്നു

നെടുമങ്ങാട്: സംശയരോഗിയായ ഭര്‍ത്താവ് പിണങ്ങി കഴിയുകയായിരുന്ന പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ സ്‌നേഹത്തില്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്നു. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി കുറ്റം സമ്മതിച്ചു. നെടുമങ്ങാട് പഴകുറ്റി പുളിയൂര്‍ തമ്മത്തുംമൂലയില്‍ ശ്രീകുമാറാണ് (37) ഭാര്യ അമ്പൂരി കൂട്ടപ്പൂ സ്വദേശിനി മഞ്ചുവിനെ (27) വെട്ടിക്കൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഇതേക്കുറിച്ച് നെടുമങ്ങാട് പൊലീസ് നല്‍കുന്ന വിവരം ഇതാണ്: പൂവത്തൂര്‍ കുശര്‍കോട് സ്വദേശിയായ ശ്രീകുമാര്‍ വിവാഹത്തിന് മുന്നോടിയായി രണ്ട് വര്‍ഷം മുമ്പാണ്  പഴകുറ്റിയിലെ വീടും സ്ഥലവും വാങ്ങിയത്. പൊന്‍മുടി ഗസ്റ്റ് ഹൗസില്‍ പത്ത് വര്‍ഷമായി താല്ക്കാലിക ജീവനക്കാരനായി ജോലിയെടുക്കുന്ന ശ്രീകുമാര്‍, വിവാഹ ശേഷം ഗസ്റ്റ് ഹൗസിലായി താമസം. ഇവിടെ കഴിയവെ ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. തുടര്‍ന്ന് മാനസികരോഗത്തിന് ഇയാളെ ചികിത്സിച്ചു.

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലായിരുന്നു ചികിത്സ. ചികിത്സ കഴിഞ്ഞ് തിരിച്ചുവന്ന് ഇയാള്‍ ജോലിക്ക് ചേര്‍ന്നെങ്കിലും ഭാര്യയെ അവരുടെ അമ്പൂരിയിലെ വീട്ടില്‍ കൊണ്ടാക്കി. ഇതിനിടെ മഞ്ചു ഗര്‍ഭിണിയായി. ഇപ്പോള്‍  എട്ടു  മാസം ഗര്‍ഭിണിയാണ് മഞ്ചു. ഇന്നലെ മഞ്ചുവിന്റെ വീട്ടിലെത്തിയ ഇയാള്‍ വീട്ടുകാരാരും അറിയാതെ മഞ്ചുവിനേയും കൂട്ടി പഴകുറ്റിയിലെ വീട്ടിലെത്തി. ഇക്കാര്യം വീട്ടുകാരോ അയല്‍ക്കാരോ അറിഞ്ഞിരുന്നില്ല. വല്ലപ്പോഴും മാത്രമാണ് ഇയാള്‍ പഴകുറ്റിയിലെ വീട്ടില്‍ വരാറുള്ളത്.

ഇന്ന് പുലര്‍ച്ചെ മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് ഇയാള്‍ മഞ്ചുവിനെ കഴുത്തിനും തലയ്ക്കും വെട്ടി. കട്ടിലില്‍ ഉറങ്ങുമ്പോഴായിരുന്നു വെട്ടിയത്. വെട്ടേറ്റ് മഞ്ചു തറയില്‍ തെറിച്ചുവീണ നിലയിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചുവിന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് തന്റേതല്ലെന്ന സംശയത്തിലാണ് കൊന്നതെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല