Video Of Day

Breaking News

മന്ത്രവാദത്തിന് പോയ മലപ്പുറം സ്വദേശിനിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

പേരാമ്പ്ര: ചാക്കില്‍ കെട്ടിയ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കല്‍ നീരോല്‍പ്പില്‍ പരേതനായ മനോഹരന്റെ ഭാര്യ എം.സി. ശകുന്തള (46) ആണ് മരിച്ചതെന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി മകനും ഭാര്യയും തിരിച്ചറിഞ്ഞു.

ചവറംമൂഴി പുഴയില്‍ ഒറ്റക്കണ്ടം പറമ്പില്‍ ഭാഗത്തു ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എങ്ങനെ ഇവിടെ എത്തിയെന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി അറിയുന്നു.

പുളിക്കല്‍ എഎംഎം ഹൈസ്‌കൂളിലെ പാചകത്തൊഴിലാളിയായ ശകുന്തള ക്ഷേത്രത്തില്‍ പോകുകയാണെന്നു പറഞ്ഞ് 12നു വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. തിരികെ എത്താതായപ്പോള്‍ 13നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മന്ത്രവാദത്തില്‍ വിശ്വാസമുള്ള ശകുന്തള നിധി കിട്ടാന്‍ വേണ്ടി കുറ്റിയാടി സ്വദേശിയും പുളിക്കല്‍ ഭാഗത്തെ പൂജാരിയുമായ ആളെക്കൊണ്ടു പൂജ നടത്തിച്ചിരുന്നുവെന്നു പറയുന്നു. ഇതുസംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

സ്വാഭാവിക മരണമല്ലെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും പ്രതികളെക്കുറിച്ചു സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നും പേരാമ്പ്ര സിഐ ജോഷി ജോസ് പറഞ്ഞു. ശരത്, സ്വരൂപ് എന്നിവരാണ് ശകുന്തളയുടെ മക്കള്‍. മരുമകള്‍: വിജില.  

അഭിപ്രായങ്ങളൊന്നുമില്ല