Video Of Day

Breaking News

കെ സുരേന്ദ്രന്‌ അഡ്വ ജയശങ്കര്‍ രക്ഷാബന്ധന്‍ കെട്ടി, ഫേസ്ബുക്കില്‍ തെറിവിളി

ചാനല്‍ചര്‍ച്ചകളില്‍ മുഖം നോക്കാതെ വിമര്‍ശനം ഉന്നയിക്കുന്ന രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കറ്റ്‌ ജയശങ്കര്‍ രക്ഷാബന്ധന്‍ മഹോല്‍സവത്തിന്റെ ഭാഗമായി ആര്‍എസ്‌എസ്‌പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായി. ബിജെപി നേതാവ്‌ കെസുരേന്ദ്രന്‌ രക്ഷാബന്ധന്‍ കെട്ടിക്കൊടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ്‌ ഫെയ്‌സ്‌ബുക്കിലേതുള്‍പ്പെടെ സിപിഐഎമ്മിന്റെ അണികള്‍ ശക്തായ പ്രതിഷേധവുമായി രംഗത്തെത്തിയത്‌. നിരവധി പോസ്‌റ്റുകള്‍ വിമര്‍ശനവുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. നജീം കൊച്ചുകലുങ്കിന്റെ ഒരു പോസ്‌റ്റ്‌ ഡെയ്‌ലി വാര്‍ത്ത പ്രസിദ്ധീകരിക്കുകയാണ്‌.

ഇതോ നിഷ്‌പക്ഷ രാഷ്ട്രീയ നിരീക്ഷകന്‍

ചാനല്‍ ചര്‍ച്ചകളില്‍ നിഷ്‌പക്ഷ രാഷ്ട്രീയ നിരീക്ഷകനായി പ്രത്യക്ഷപ്പെടാറുള്ള, മുഴുവന്‍ രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങളേയും ജാതിയും മതങ്ങളും പറഞ്ഞ്‌ മാത്രം പരിചയപ്പെടുത്താറുള്ള, സി.പി.എം നേതാക്കളെ പ്രത്യേകിച്ച്‌ പിണറായി വിജയനെ പതിവായി തെറിവിളിക്കാറുള്ള അഡ്വ. ജയശങ്കറിന്‍െറ ജാതിയും മതവും രാഷ്ട്രീയവും ഏതാണെന്ന്‌ അദ്ദേഹത്തിലൂടെ തന്നെ എന്നാല്‍ അദ്ദേഹമറിയാതെ പുറംലോകം അറിഞ്ഞിരിക്കുന്നു. തന്‍െറ യഥാര്‍ഥ പക്ഷം വെളിപ്പെടുത്താന്‍ അവസരം സൃഷ്ടിച്ച അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു. സംഘ്‌പരിവാറിന്‍െറ രക്ഷാബന്ധന്‍ ചടങ്ങില്‍ ഏക വിശിഷ്ടാതിഥിയായി പങ്കെടുത്ത്‌ ബി.ജെ.പി നേതാവ്‌ സുരേന്ദ്രന്‌ അങ്ങോട്ടും സുരേന്ദ്രന്‍ ജയശങ്കറിന്‌ ഇങ്ങോട്ടും രക്ഷാബന്ധന്‍ കെട്ടിക്കെടുത്തതിലൂടെ മേലില്‍ ജയശങ്കറുടെ രാഷ്ട്രീയ, സാംസ്‌കാരിക പക്ഷം ഒളിമറ കൂടാതെ മനസിലാക്കാന്‍ ജനങ്ങള്‍ക്ക്‌ വഴിതുറന്നുകിട്ടി. ഇനി സംഘ്‌പരിവാര്‍ പക്ഷം പറയാന്‍ ചാനലുകള്‍ക്ക്‌ ഇവരെ രണ്ടുപേരേയും മാറിമാറി വിളിക്കാം.

നിഷ്‌പക്ഷ രാഷ്ട്രീയ നിരീക്ഷകന്‍ എന്നത്‌ മേലില്‍ ജയശങ്കറുടെ കാര്യത്തില്‍ ഒരു അശ്‌ളീലപദമാണ്‌. ഇനി അത്‌ ഏതെങ്കിലും ചാനല്‍ ജയശങ്കറെ പരിചയപ്പെടുത്താന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അനാശാസ്യത്തിന്‌ കേസെടുക്കണം. (പൊതുവേദിയില്‍ ഒരു രാഷ്ട്രീയ നേതാവിനെ കേട്ടാലറക്കുന്ന വാക്കുകള്‍ കൊണ്ട്‌ തെറിവിളിച്ച്‌ നിര്‍ഭയമായി ജീവിക്കാനുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിച്ചുകിട്ടിയ ലോകത്തെ ഏക വ്യക്തിയാണ്‌ അഡ്വ. ജയശങ്കര്‍. മാന്യദേഹത്തിന്‍െറ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാന്‍ നിരന്തരം തെറിവിളിക്ക്‌ ഇരയായി കൊണ്ടിരുന്നത്‌ പിണറായി വിജയനും. മോഡിയെ തെറി പോലുമല്ലാത്ത വാക്കുകളില്‍ ഒന്ന്‌ വിശേഷിപ്പിച്ചതിന്‌ ചെറുപ്പക്കാരെ ജയിലിലടച്ച കേരളത്തിലാണ്‌ പിണറായി വിജയനെ പതിവായി പരസ്യമായി തെറിവിളിച്ച്‌ ജയശങ്കര്‍ ഇപ്പോഴും ചാനലുകളില്‍ നിറഞ്ഞു ചിരിച്ച്‌ പ്രത്യക്ഷപ്പെടുന്നത്‌. എന്നിട്ടും സി.പി.എമ്മും പിണറായി വിജയനുമാണ്‌ ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റുകള്‍!!!) 

അഭിപ്രായങ്ങളൊന്നുമില്ല