കൂട്ടക്കൊലയ്‌ക്ക് ആളെ വേണം ; ഹിന്ദിയിലും തമിഴിലും ഐസിസിന്റെ പ്രചരണ വീഡിയോ

ന്യൂഡല്‍ഹി: ഇറാഖില്‍ നാശം വിതച്ചു കൊണ്ടിരിക്കുന്ന വിമതസേന ആളെ സംഘടിപ്പിക്കാന്‍ പ്രചരണവുമായി ഇന്റര്‍നെറ്റില്‍. ഇറാഖിലും സിറിയയിലും കൂട്ടക്കുരുതി നടത്താന്‍ ആളെ കൂട്ടാനുള്ള ഇംഗ്‌ളീഷ് വീഡിയോയ്‌ക്ക് ഉറുദുവിന് പുറമേ ഇന്ത്യന്‍ ഭാഷകളായ ഹിന്ദിയിലും തമിഴിലും സബ്‌ടൈറ്റിലുകളുണ്ട്. വടക്കന്‍ സിറിയയിലെ മിനിഗ് വിമാനത്താവളത്തിലെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടയാള്‍ എന്ന് കരുതുന്ന അബു മുസ്‌ളീമെന്ന് പേരോട് കൂടിയ ക്യാനഡക്കാരന്‍ ഐസിസിനെക്കുറിച്ച് വര്‍ണ്ണിക്കുന്നതും ചേരാന്‍ ആഹ്വാനം ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ഇംഗ്‌ളീഷില്‍ ഐസിസിനെ കുറിച്ച് പറയുന്നതാണ് 11 മിനിറ്റ് നീളുന്ന വീഡിയോയിലുള്ളത്. ക്യാനഡയില്‍ 2000 ഡോളര്‍ മാസ ശമ്പളത്തിന് ജോലി ചെയ്‌തിരുന്നയാളായിരുന്നെന്നും ആറു വര്‍ഷം മുമ്പ് മതം മാറി സിറിയയിലേക്ക് പോന്നതായും ഇയാള്‍ പറയുന്നു. കഴിയാവുന്ന വിധത്തില്‍ ഐസിസിനെ സേവിക്കാന്‍ ഇയാള്‍ വീഡിയോയിലൂടെ മറ്റുള്ളവരോട് ആവശ്യപ്പെടുന്നു. മിനിഗ് വിമാനത്താവളത്തിന്റെ പശ്‌ചാത്തലത്തില്‍ അബു മുസ്‌ളീമിനെ വാഴ്‌ത്തുന്ന വോയ്‌സ് ഓവറാണ് തൊട്ടടുത്ത ദൃശ്യത്തില്‍ നല്‍കിയിരിക്കുന്നത്. ഐസിസ് വീഡിയോകള്‍ പ്രചരിപ്പിക്കുന്ന അല്‍ ഇസബാ മീഡിയ ഗ്രൂപ്പ് എന്ന പേരില്‍ ഫേസ്‌ബുക്കിലും ട്വിറ്ററിലും വീഡിയോ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. തങ്ങളുടെ പ്രചരണം ശക്‌തമാക്കാനുള്ള ഐസിസിന്റെ നിഗൂഡ അജണ്ഡയാണ് വീഡിയോയ്‌ക്ക് പിന്നിലെന്ന് ആക്ഷേപമുയരുന്നുണ്ട്.
ഇറാഖില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും തയ്യാറാകാത്തവരെ കൂട്ടക്കൊല ചെയ്യുന്നതിന്റെയും പേരില്‍ അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നില്‍ ക്രൂരന്മാരുടെ പരിവേഷമാണ് ഐസിസ് വിമതര്‍ക്ക് കിട്ടിയിരിക്കുന്നത്. സൗരാഷ്‌ട്ര, ക്രിസ്‌തു മതങ്ങളില്‍ പെട്ട ആയിരങ്ങളെ ഇവര്‍ കൂട്ടക്കൊല ചെയ്‌തതായി കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. സൗരാഷ്‌ട്ര വിശ്വാസം പിന്തുടരുന്ന ഇറാഖിലെ ന്യൂനപക്ഷമായ യാസിദി സമൂഹത്തെ മലനിരയിലേക്ക് ഓടിച്ചു കയറ്റി പട്ടിണിക്കിടയുകയും 500 ലധികം പേര്‍ മരണമടയുകയും ചെയ്‌തിരുന്നു. ദിവസങ്ങള്‍ക്കു ശേഷം അമേരിക്കന്‍ വ്യോമസേനയുടെ ആക്രമണത്തെ തുടര്‍ന്നായിരുന്നു മലയില്‍ കുടുങ്ങിയവര്‍ രക്ഷപ്പെട്ടത്. ഇതിനകം അനേകം പേര്‍ മരണമടയുകയും ചെയ്‌തിരുന്നു.
കടപ്പാട്:
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്‌റ്റ് ചെയ്യൂ