Video Of Day

Breaking News

ഓടുന്ന ട്രെയിനുനേരെ കല്ലെറിഞ്ഞു; പ്രതികൾ അറസ്റ്റിൽ

പാലക്കാട്‌: ഓടുന്ന ട്രെയിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ നാലു യുവാക്കളെ പാലക്കാട്‌ റെയില്‍വേ സംരക്ഷണ സേന(ആര്‍.പി.എഫ്‌) അറസ്‌റ്റ് ചെയ്‌തു. എലപ്പുള്ളി നെയ്‌ത്താരക്കോട്ടില്‍ സി. രഞ്‌ജിത്‌(20), ഒലവക്കോട്‌ പൂക്കാരത്തോട്ടം വി. സനൂപ്‌(22), പുതുപ്പരിയാരം ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റ്‌ എരിയാണി ഹൗസില്‍ എസ്‌. സവാദ്‌(22), കാവില്‍പ്പാട്‌ താവുങ്ങല്‍ വീട്ടില്‍ കെ. അജിത്‌(21) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
ഞായറാഴ്‌ച രാത്രി 8.40 നാണ്‌ സംഭവം. ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസിനുനേരെ ഒലവക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‌ തൊട്ടടുത്തുള്ള താണാവ്‌ മേല്‍പ്പാലത്തിന്‌ സമീപത്തുനിന്നാണ്‌ കല്ലേറുണ്ടായത്‌. ട്രെയിനിനുനേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന്‌ ടിക്കറ്റ്‌ പരിശോധകനും യാത്രക്കാരും പാലക്കാട്‌ സ്‌റ്റേഷനില്‍ പരാതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ആര്‍.പി.എഫ്‌ നടത്തിയ അന്വേഷണത്തിലാണ്‌ കല്ലെറിഞ്ഞവരെ കുറിച്ച്‌ സൂചന ലഭിച്ചത്‌.
അവധിദിവസം ആഘോഷിക്കാന്‍ ഒത്തുകൂടിയ ഇവര്‍ മദ്യലഹരിയിലാണ്‌ കല്ലെറിഞ്ഞതെന്ന്‌ മൊഴി നല്‍കിയിട്ടുണ്ട്‌. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാണ്‌ കേസെടുത്തത്‌. റെയില്‍വേ സ്‌ഥലത്ത്‌ അതിക്രമിച്ചു കടന്നതിനും യാത്രക്കാര്‍ക്ക്‌ ശല്യമുണ്ടാക്കിയതിനുമാണ്‌ കേസ്‌. ഓടുന്ന ട്രെയിനിലേക്ക്‌ കല്ലുകള്‍ തുടര്‍ച്ചയായി എറിഞ്ഞത്‌ രഞ്‌ജിത്താണെന്നും വ്യക്‌തമായി. ഇതിന്റെ അടിസ്‌ഥാനത്തില്‍ രഞ്‌ജിത്തിനെതിരെ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉയര്‍ത്തിയതിന്‌ റെയില്‍വേ നിയമം 153-ാം വകുപ്പും ചുമത്തിയിട്ടുണ്ട്‌. അഞ്ചുവര്‍ഷംവരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന്‌ ആര്‍.പി.എഫ്‌ അറിയിച്ചു.
ആര്‍.പി.എഫ്‌ ഇന്‍സ്‌പെക്‌ടര്‍ ജി. വിജയകുമാര്‍, എ.എസ്‌.ഐമാരായ എം.കെ. ഉണ്ണികൃഷ്‌ണന്‍, പ്രേംകുമാര്‍, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ സജിഅഗസ്‌റ്റിന്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ട്രെയിനിനുനേരെ കല്ലേറുണ്ടായ എട്ടുകേസുകളാണ്‌ കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. ഏറ്റവും ഒടുവില്‍ മലബാര്‍ മേഖലയില്‍ ഒരു ഗാര്‍ഡിനെ എറിഞ്ഞു വീഴ്‌ത്തിയ സംഭവവും ഉണ്ടായി. ഓടുന്ന ട്രെയിനിനു നേരെ കല്ലെറിയുമ്പോള്‍ സൈഡ്‌ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരുടെ കണ്ണ്‌ നഷ്‌ടപ്പെടുകയും തലയ്‌ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയുമാണ്‌ ചെയ്യുക. പലപ്പോഴും കളിയായി ചെയ്യുന്ന കല്ലേറാണ്‌ യാത്രക്കാര്‍ക്ക്‌ വിനയാകുന്നത്‌. അതുകൊണ്ടുതന്നെ ട്രെയിനിനു നേരെ കല്ലെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ്‌ ആര്‍.പി.എഫ്‌ സ്വീകരിക്കുന്നത്‌

കടപ്പാട് : മംഗളം

അഭിപ്രായങ്ങളൊന്നുമില്ല