Video Of Day

Breaking News

ആയുസ്സ് നീട്ടാനും മരണത്തെ തടയാനും ദൈവത്തെ വിളിക്കേണ്ട; ഗൂഗിള്‍ മതി

ആളുകളുടെ ആരോഗ്യപ്രശ്‌നങ്ങളെയും ആയുസ്സിനെയും പറ്റി പഠിക്കാനും പോംവഴികള്‍ ആരായാനുമായി ഗൂഗിള്‍ പദ്ധതി തയ്യാറാക്കുന്നു. അതിന് വേണ്ടി കാലിക്കോ എന്ന പേരില്‍ ഒരു പുതിയ കമ്പനിക്കും ഗൂഗിള്‍ രൂപം നല്‍കിയിരിക്കുകയാണ്. ഇതിന്റെ ലക്ഷ്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും പറ്റി കാലിക്കോയുടെ വെബ്‌സൈറ്റില്‍ വിശദാംശങ്ങളുണ്ട്. പ്രായമാവുകയെന്നത് ജീവിതത്തിലെ ഏറ്റവും വലിയ നിഗൂഢതയാണെന്നും ഞങ്ങള്‍ അതിനെ നിരീക്ഷിക്കുകയാണെന്നുമാണ് വെബ്‌സൈറ്റിലുള്ളത്. ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവായ ലാറി പേജാണ് ഈ പദ്ധതിയെ സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപനം നടത്തിയത്.

കാലിക്കോ ഗവേഷണവികസന സ്ഥാപനമാണെന്നും ജീവശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകള്‍ വികസിപ്പിക്കാന്‍ പുതിയ ടെക്‌നോളജികള്‍ വികസിപ്പിക്കുയാണ് അതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആയുര്‍ദൈര്‍ഘ്യത്തെ നിയന്ത്രിക്കുന്നത് ജീവശാസ്ത്രമായതിനാലാണ് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ജീവശാസ്ത്രത്തെക്കുറിച്ച് ലഭിക്കുന്ന പുതിയ അറിവുകളിലൂടെ ആരോഗ്യത്തോടെയും ദീര്‍ഘായുസ്സോടെയും ജീവിക്കാനുള്ള പദ്ധതികള്‍ വികസിപ്പിക്കുകയാണ് കാലിക്കോയുടെ ലക്ഷ്യമെന്നും ലാറി പേജ് വെളിപ്പെടുത്തിയിട്ടുണ്ട്.

ആര്‍തര്‍ ലെവിന്‍സനാണ് കമ്പനിയുടെ തലവന്‍. 1995 മുതല്‍ 2009 വരെ ജെനിടെക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പദവിയിലിരുന്നയാളാണ് അദ്ദേഹം. ഇപ്പോള്‍ ആപ്പിളിന്റെ ബോര്‍ഡിന്റെ ചെയര്‍മാനാണ്. ഹോഫ്മാന്‍ലാ റോച്ചെ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ ഹാള്‍ ബാരന്‍, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ജെനോമിക്‌സ് പ്രൊഫസറായ ഡേവിഡ് ബോട്‌സ്‌ടെയിന്‍, കാലിഫോര്‍ണിയ സര്‍വകലാശാസയില്‍ ജീവശാസ്ത്രത്തിലും ജെനെറ്റിക്‌സിലും ഗവേഷണം നടത്തുന്ന ഗവേഷകനായ സൈന്‍തിയ കെനിയോണ്‍, ജെനെടെക്ക് ഓങ്കോളജി റിസര്‍ച്ചറായ റോബര്‍ട്ട് കോഹെന്‍ എന്നിവരാണ് കാലിക്കോയുടെ ടീം മെമ്പര്‍മാര്‍.
' ഞങ്ങള്‍ വൈദ്യശാസ്ത്രം, ഡ്രഗ് ഡെവലപ്‌മെന്റ്, മോളിക്യുലാര്‍ ബയോളജി, ജെനറ്റിക്‌സ് എന്നീ മേഖലകളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാരാണ്. സാവധാനം പ്രായമാകുന്നതിനു വേണ്ടിയുള്ള ഇടപെടലുകളും രോഗങ്ങളാല്‍ പെട്ടെന്ന് പ്രായമാവുന്നതിനെയും അകാലമരണത്തെയും പ്രതിരോധിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം..' എന്നാണ് വെബ്‌സൈറ്റ് പറയുന്നത്.
നമ്മുടെയെല്ലാം കുടുംബങ്ങളെയും രോഗങ്ങളും വാര്‍ധക്യവും ബാധിക്കുന്നുണ്ടെന്നും ആരോഗ്യപരിരക്ഷയെപ്പറ്റി കൂടുതല്‍ സൂക്ഷ്മമായ ആലോചന ആവശ്യമാണെന്നുമാണ് കഴിഞ്ഞ വര്‍ഷം കാലിക്കോ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിക്കുന്ന വേളയില്‍ ലാറി പേജ് പറഞ്ഞിരിക്കുന്നത്.
കടപ്പാട്: ന്യൂസ് മൊമന്റ്‌സ്‌

അഭിപ്രായങ്ങളൊന്നുമില്ല