Video Of Day

Breaking News

യുഎഇയില്‍ പരക്കെ പൊടിക്കാറ്റ്, പുറത്തിറങ്ങാനാകാതെ പ്രവാസികള്‍ :വീഡിയോ കാണൂ

ദുബൈ: യുഎഇയില്‍ ഇന്നലെ ശക്തമായ പൊടിക്കാറ്റും ചിലയിടങ്ങളില്‍ മഴയുമുണ്ടായി. അബുദാബിയിലും അല്‍ഐനിലും ഭേദപ്പെട്ട മഴലഭിച്ചു. താഴ്ന്നമേഖലകള്‍ വെള്ളത്തിലായി. പൊടിക്കാറ്റില്‍ മദീനത്ത് സായിദ് മണിക്കൂറുകളോളം നിശ്ചലമായി. ഇന്നും നേരിയതോതില്‍ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നാണു സൂചന. ദുബായില്‍ പലയിടത്തും ഇന്നലെ ഉച്ചകഴിഞ്ഞ് പൊടിക്കാറ്റ് ശക്തമായി. പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. വാഹനമോടിക്കുന്നവരും കടലില്‍ പോകുന്നവരും ജാഗ്രതപാലിക്കണം.

ഉച്ചയോടെ തുടങ്ങിയ പൊടിക്കാറ്റ് ശക്തമാകുകയായിരുന്നു. ദൂരക്കാഴ്ച കുറഞ്ഞത് ദുബായ് ഷെയ്ഖ് സായിദ് റോഡിലടക്കം വാഹനഗതാഗതത്തെ ബാധിച്ചു. ചെറിയവാഹനങ്ങള്‍ സുരക്ഷിതമായി ഒതുക്കിയിട്ടു. പലരും വാഹനങ്ങള്‍ ഓഫിസ് പാര്‍ക്കിങ്ങിലിട്ട് മെട്രോ ട്രെയിനിലാണ് വീടുകളിലേക്കു മടങ്ങിയത്.  അബുദാബിയിലെ മദീനത്ത് സായിദില്‍ രാത്രിയിലും ശക്തമായ കാറ്റുവീശി. വൈദ്യുതിവിതരണം മുടങ്ങിയത് താമസക്കാരെ വലച്ചു.

പൊടിക്കാറ്റുമൂലം പുറത്തിറങ്ങാനാവാത്ത സാഹചര്യമുണ്ടായതായി താമസക്കാര്‍ പറഞ്ഞു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. നിര്‍മാണമേഖലകളില്‍ ജോലി തടസ്സപ്പെട്ടു. യുഎഇയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ന്യൂനമര്‍ദമാണ് ഈ പ്രതിഭാസത്തിനു കാരണമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. ഇതൊരു സാധാരണ പ്രതിഭാസമാണ്. ചൂടുകൂടുതലും അന്തരീക്ഷ ഈര്‍പ്പം കുറവുമായിരിക്കും. അടുത്തമാസം മുതല്‍ ചൂടിന് അല്‍പം ശമനമുണ്ടാകും. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും പൊതുവെ ഇതേകാലാവസ്ഥയാണ്.

അഭിപ്രായങ്ങളൊന്നുമില്ല