Video Of Day

Breaking News

വേര്‍പ്പിരിയുന്നതില്‍ മഞ്ജുവിന് ദുഃഖമുണ്ടോ? മഞ്‌ജു കരയുന്നുണ്ടായിരുന്നു....

ചില അവസരങ്ങളില്‍ മനസ്സിനെ വരുതിക്കുനിര്‍ത്താന്‍ എത്ര തന്നെ ശ്രമിച്ചാലും പറ്റണമെന്നില്ല. മാധ്യമങ്ങള്‍ നേരത്തെ മണത്തറിഞ്ഞ്‌ പ്രചരിപ്പിച്ച വാര്‍ത്തയാണ്‌ മഞ്‌ജു വാര്യരും ദിലീപും തമ്മില്‍ പിരിയാനൊരുങ്ങുന്നുവെന്നത്‌. കുടുംബത്തിന്റെ താളം തെറ്റിയെന്ന്‌ എല്ലാവരും അറിഞ്ഞതിനു ശേഷമാണ്‌ ഇരുവരും കൊച്ചിയിലെ കുടുംബകോടതിയില്‍ എത്തിച്ചേര്‍ന്നത്‌. എങ്കിലും കോടതിയില്‍ നിന്ന്‌ ഇറങ്ങിയപ്പോള്‍ എത്ര ശ്രമിച്ചിട്ടും മഞ്‌ജുവിന്‌ തന്റെ നിറകണ്ണുകള്‍ മറയ്‌ക്കാനായില്ല.
കണ്ണു തുടച്ചുകൊണ്ട്‌ മഞ്‌ജു തന്റെ വാഹനത്തിലേക്ക്‌ കയറിയതോടെ ഒരു നക്ഷത്രപ്രഭയാര്‍ന്ന കുടുംബജീവിതം കൂടി
അവസാനിക്കുകയാണ്‌, നിയമപരമായി ഇനിയും സമയമുണ്ടെങ്കിലും. സല്ലാപത്തില്‍ ജൂനിയര്‍ യേശുദാസായി അവതരിച്ച ദിലീപിനും കാമുകിയായി വന്ന മഞ്‌ജു വാര്യരും ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ പ്രേക്ഷകരില്‍ ചിലരെങ്കിലും സന്തോഷിച്ചു കാണും. സല്ലാപത്തിലെ ശശികുമാറും രാധയും പ്രണയകാലം അവസാനിപ്പിച്ച്‌ വേര്‍പിരിയുന്നതും അല്‍പ്പം വേദനിപ്പിച്ചേക്കാം.

താരപ്രഭയില്‍ നിന്ന്‌ അകന്നു ജീവിക്കാനുളള മടിയോ ദമ്പതികളില്‍ ആരുടെയെങ്കിലും മനസ്സില്‍ മറ്റൊരു ഇഷ്‌ടം ചേക്കേറുമ്പോഴോ ആണ്‌ സാധാരണഗതിയില്‍ താരകുടുംബങ്ങള്‍ തകരുന്നത്‌. പലപ്പോഴും ഒരു ഉപജാപക സംഘവും ഇരുവര്‍ക്കൊപ്പമുണ്ടാവും. സിനിമാ താരങ്ങള്‍ പിരിയാനുളള തീരുമാനം എടുക്കുന്നത്‌ അവരുടെ വിവാഹ വാര്‍ത്തയ്‌ക്കൊപ്പം പ്രാധാന്യം ലഭിക്കുന്നത്‌ സാധാരണമാണ്‌.
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വിവാഹമോചനങ്ങള്‍ ഒരു തുടര്‍ക്കഥയാണെന്നതാണ്‌ സത്യം. സിനിമാ സീരിയല്‍ നടിയായ ലെനയും ഭര്‍ത്താവും തമ്മില്‍ പിരിഞ്ഞ വാര്‍ത്ത അടുത്തകാലത്താണ്‌ പുറത്തുവന്നത്‌. മുകേഷ്‌-സരിത ദമ്പതികളുടെ വേര്‍പിരിയല്‍ നാം അത്ഭുതത്തോടെയാണ്‌ ശ്രവിച്ചത്‌. നടന്‍ ഗണേഷിന്റെ വിവാഹമോചനം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. കാവ്യാമാധവന്‍, പ്രിയാരാമന്‍, ജ്യോതിര്‍മയി, മംമ്‌ത മോഹന്‍ദാസ്‌ എന്നിവരും വിവാഹബന്ധം വേര്‍പെടുത്തിയ വാര്‍ത്തകള്‍ നാം കണ്ടു.

പുതിയ തലമുറ താരങ്ങള്‍ മാത്രമല്ല വിവാഹവും വിവാഹമോചനവും വാര്‍ത്തകളാക്കിയത്‌. ശാരദ, ജയഭാരതി, ഷീല, ശ്രീവിദ്യ തുടങ്ങിയ താരങ്ങളും വിവാഹമോചനം നേടിയിരുന്നു. ശ്രീനാഥ്‌-ശാന്തികൃഷ്‌ണ ദമ്പതികളും വിവാഹമോചനം നേടിയ താരങ്ങളുടെ പട്ടികയിലുണ്ട്‌.
എല്ലാം മറന്ന്‌ സ്‌നേഹിച്ചവര്‍ വേര്‍പിരിയുന്നു എന്ന്‌ കേള്‍ക്കുന്നത്‌ അത്ര സുഖമുളള കാര്യമല്ല. എന്നാല്‍ ഒരുമിച്ചു കഴിയുന്നത്‌ അത്ര ദുസ്സഹമാണെങ്കില്‍ ആരെ വിമര്‍ശിക്കാനാവും?
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല