Video Of Day

Breaking News

അബ്ദുല്‍ നാസര്‍ മദനി ജയിലില്‍ നിന്ന് പുറത്തിറങ്ങി

ബംഗളുരു: സുപ്രീംകോടതി ജാമ്യം അനുവദിച്ച പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജയില്‍ മോചിതനായ മദനി നേരെ സൗഖ്യ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മദനിക്ക് സുപ്രീം കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചത്. കോയമ്പത്തൂര്‍ കോടതിയില്‍ മദനിക്കെതിരെ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ മദനിയുടെ പുറത്തിറങ്ങല്‍ അനിശ്ചിതത്വത്തിലായിരുന്നു. മദനിക്ക് നീതി ലഭിക്കുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാറിന്റെ നിഷേധാത്മക നിലപാടാണ് മദനിയുടെ ജാമ്യം വൈകുന്നതിന് കാരണമെന്ന് പിഡിപി നേതാക്കള്‍ ആരോപിച്ചു.

മദനിയുടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സുപ്രീം കോടതിക്ക് ബോധ്യം വന്നിട്ടും കര്‍ണാടക സര്‍ക്കാറിന് ബോധ്യമാകാത്തത് വിരോധാഭാസമാണെന്നും ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ കര്‍ണാടക സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പിഡിപി നേതാവ് പൂന്തുറ സിറാജ് ആരോപിച്ചു. അതിനിടെ മദനിക്കെതിരെ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറണ്ട് പിന്‍വലിച്ചു. എറണാകുളം കോടതി പുറപ്പെടുവിച്ച വാറണ്ടും പിന്‍വലിച്ചിട്ടുണ്ട്. ശാസ്താംകോട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു വാറണ്ട്. വാറണ്ട് ഒഴിവാക്കണമെന്ന മദനിയുടെ അഭിഭാഷകന്റെ ഹര്‍ജിയിലാണ് നടപടി. അതിനിടെ മദനിയുടെ ജാമ്യക്കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സലാഹുദ്ദീന്‍ അയ്യൂബി അറിയിച്ചു.

ജാമ്യം നീട്ടിയാലേ ചികിത്സ പൂര്‍ത്തിയാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്‍ നാസര്‍  മദനിയ്ക്ക്  നഗരത്തിലെ സ്വകാര്യ ഫ്ലാറ്റിലായിരിക്കും താമസ സൗകര്യം ഒരുക്കുക. സൗഖ്യയില്‍ നടുവേദനയ്ക്കുളള തിരുമ്മല്‍ ചികത്സയാണ് ആദ്യം നടക്കും.ഇതിനിടെ  നഗരത്തിലെ മണിപ്പാല്‍, അഗര്‍വാള്‍ ആശുപത്രികളിലും ചികിത്സ നടത്താനും തീരുമാനിച്ചിട്ടുണ്ട്. രൂക്ഷമായ പ്രമേഹം നിയന്ത്രിക്കുന്നതിനും പ്രോസറ്റേറ്റ് പ്രശ്‌നത്തിനും ഉളള ചികിത്സയുമായിരിക്കും  മണിപ്പാലില്‍ നല്‍കുക. പ്രമേഹം രൂക്ഷമായതു കാരണം നേത്രപടലങ്ങളിലെ ഞെരമ്പുകള്‍ മുറിയുന്നതിനുളള ലേസര്‍ ചികിത്സയാണ് അഗര്‍വാള്‍ ആശുപത്രിയില്‍ നടക്കുക.

ചുരങ്ങിയത് മൂന്ന് മാസത്തെ ചികിത്സയെങ്കിലും വേണ്ടി വരുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി വ്യക്തമാക്കിയിരുന്നു. ജ്യാമം അനുവദിച്ച ഒരുമാസ കാലയളവില്‍ ചികിത്സ തുടങ്ങി വച്ച ശേഷം ജയിലില്‍ കഴിയുന്ന വേളയില്‍ തുടരാനാണ് തീരുമാനം. ഇത് എത്രത്തോളം ഫലപ്രദമാകും എന്ന കാര്യത്തില്‍  ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ട്.  അബ്ദുല്‍ നാസര്‍ മദനിയുടെ അടുത്ത ബന്ധുക്കളും പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂത്തുറ സിറാജിന്റെ നേത്യത്വത്തിലുളള പാര്‍ട്ടി നേതാക്കളും ഉച്ചയോടെ ബംഗളൂരുവില്‍ എത്തും.

പരപ്പന അഗ്രഹാര പ്രത്യേക കോടതി  മദനിയുടെ ജ്യാമം സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷം ജയില്‍ അധികൃതര്‍ക്ക് കൈമാറും. പ്രോസിക്യൂഷന്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷ മദനിയ്ക്ക് നല്‍കുന്നതൊപ്പം തന്നെ പോലീസ് നിരീക്ഷണം ശക്തമാക്കാനാണ്  കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം. നാല് വര്‍ഷത്തെ ജയില്‍ വാസത്തിനിടെ ജ്യാമത്തില്‍ ഇറങ്ങുന്ന അബ്ദുല്‍ നാസര്‍ മദനിയക്ക് വേണ്ടി കാത്തിരിക്കുകയാണ് ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഒരു മാസക്കാലം ബംഗളൂരുവില്‍ കൂടെ നില്‍ക്കാമെന്ന പ്രതീക്ഷയിലാണ് സൂഫിയ മദനിയും മക്കളും.

അഭിപ്രായങ്ങളൊന്നുമില്ല