നിലത്തു കിടത്തി മുതുകിലിരുന്ന് കുപ്പിക്കുള്ളിലേക്ക് ഊതിക്കും; കാല്‍മുട്ട് കൊണ്ട് നട്ടെല്ലില്‍ അമര്‍ത്തും: മരിക്കും മുന്‍പ് ഹസീന അനുഭവിച്ച പീഡനങ്ങള്‍ ഇവയൊക്കെ
ജാതിയോ, മതമോ അല്ല. ഇവിടെ മനുഷ്യന്റെ മനസിനാണ് മാറ്റം ഉണ്ടാകേണ്ടത്.
അന്ധവിശ്വാസം തലയ്ക്കുപിടിക്കുമ്പോള്‍ വ്യക്തിബന്ധങ്ങള്‍ക്കോ സ്‌നേഹത്തിനോ
വിലയില്ലാതാകുന്നു. പച്ചയായ മനുഷ്യശരീരത്തെ ഇഞ്ചിഞ്ചായി നോവിച്ച്
കൊലപ്പെടുത്തുമ്പോള്‍ അതിന് ഉത്തരവാദികള്‍ ആരായാലും അവര്‍ രക്ഷപ്പെടരുത്.
ബാധയൊഴിപ്പിക്കലിന്റെ പേരില്‍ വ്യാജസിദ്ധന്റെ കൊടിയമര്‍ദനത്തെതുടര്‍ന്നാണ്
കരുനാഗപ്പള്ളി സ്വദേശിനിയായ ഹസീന കൊല്ലപ്പെട്ടതെന്നാണ് വ്യക്തമാകുന്നത്.വെറും സ്വാഭാവിക മരണമായി മാറുമായിരുന്ന ഈ സംഭവം ഉന്നതപോലീസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായി ലോകം അറിയാന്‍ ഇടയായത്. ആറുമാസമായി ആലപ്പുഴ സ്വദേശിയായ സിറാജുദീന്‍ എന്ന സിദ്ധന്‍ ഹസീനയെ ചികിത്സിച്ചുവരികയായിരുന്നു. ഏറ്റവും ഒടുവിലത്തെ നാളുകളില്‍ അരങ്ങേറിയ ക്രൂരമര്‍ദനം ആ ജീവിതം തകര്‍ക്കുകയായിരുന്നു. മന്ത്രം ചൊല്ലലും ചൂരല്‍ പ്രയോഗങ്ങളും പ്രേതബാധകളൊ ഴിപ്പിക്കാനുള്ള ആയുധമാക്കുമ്പോള്‍ ഹസീനയെപ്പോലെയുള്ള ജീവനുകള്‍ പൊലിഞ്ഞാലും അത് സ്വാഭാവികതയില്‍ കവിഞ്ഞൊന്നുമാകില്ല. തടിച്ചുകൊഴുക്കുന്ന വ്യാജസിദ്ധന്‍മാരാണ് എവിടെയും കഥാപാത്രങ്ങള്‍.
ഹസീനയുടെ മരണം നട്ടെല്ല് തകര്‍ന്നും പാന്‍ക്രിയാസ്, കിഡ്‌നി തുടങ്ങിയ ആന്തരികാവയവങ്ങള്‍ തകര്‍ന്ന് രക്തം വയറ്റില്‍ നിറഞ്ഞുമാണുണ്ടായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുമ്പോഴാണ് ക്രൂരമര്‍ദനത്തിന്റെ ആഴമറിയുന്നത്. ഹസീനയുടെ മാനസിക രോഗം മാറ്റാനാണ് പിതാവ് ഹസന്‍ കബീറിന്റെ നിര്‍ദേശാനുസരണം മാന്ത്രികനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം മാത്രമാണ് സിറാജുദീന്റെ മാന്ത്രിക ചികിത്സ. രാത്രി 12നുശേഷമാണ് ചികിത്സനടത്തുന്നത്. യുവതിയെ കമഴ്ത്തി കിടത്തിയശേഷം കൈകള്‍ പുറകോട്ട് ബന്ധിച്ച് പിടിച്ചിരുന്നു. യുവതിയുടെ ഉള്ളില്‍ കൂടിയ പ്രേതബാധ പോകണം.
അതിനെ കുപ്പിയിലാക്കി കടലിലൊഴുക്കണം. എങ്കില്‍ മാത്രമെ രോഗം മാറുകയുള്ളുവെന്നാണ് സിദ്ധന്‍ യുവതിയുടെ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. അതിനായി യുവതിയെ തറയില്‍ കിടത്തിയശേഷം മുഖത്തിനുനേരെ കുപ്പിതുറന്നുവയ്ക്കുന്നു. യുവതിയുടെ മുതുകിലിരുന്ന് മുടികുത്തി പിടിച്ച് മുഖമുയര്‍ത്തി കുപ്പിക്കുനേരെ പിടിച്ച് കാല്‍മുട്ട് കൊണ്ട് നട്ടെല്ല് അമര്‍ത്തി ശ്വാസം ശക്തിയായി വിടാന്‍ ആവശ്യപ്പെടുകയാണ് ചെയ്തുവരുന്നത്. വേദനകൊണ്ടുപുളയുമ്പോള്‍ പ്രേതം പുറത്തേക്ക് പോകുകയാണെന്നാണ് ബന്ധുക്കളെ ധരിപ്പിക്കുന്നത്. ശ്വാസത്തിലൂടെ പ്രേതം പുറത്തേക്ക് വരാനായി കത്തികൊണ്ട് കുത്തിനോവിക്കുകയും മറ്റും ചെയ്തുവന്നിരുന്നു.
വേദനകൊണ്ട് നിലവിളിക്കുന്ന യുവതിയുടെശബ്ദം ആരുകേള്‍ക്കാന്‍. കേട്ടാലും അതിന് പുല്ലുവിലയെയുള്ളു. അത്രയ്ക്ക് ദിവ്യത്വമുള്ളയാളാണ് ചികിത്സനടത്തുന്നത്. ഇത് മര്‍ദനമല്ല. യുവതിയുടെ കണ്ണില്‍നിന്ന് വരുന്നത് കണ്ണീരല്ല. യുവതിയെ മുട്ടുകാലില്‍ ഇരുത്തിയശേഷം മണിക്കൂറുകളോളം തലയ്ക്ക് മീതെ കത്തിയുയര്‍ത്തിപ്പിടിച്ച് മന്ത്രം ചൊല്ലുന്നതും ചികിത്സയുടെ ഭാഗമാണ്. ഇതിനിടയില്‍ യുവതി ബോധം കെട്ടുവീഴുമ്പോഴും മര്‍ദനം തന്നെയെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്. കൊടിയമര്‍ദനത്തില്‍ ഹസീനയുടെ നട്ടെല്ല് തകരുമ്പോഴും ആന്തരികാവയങ്ങള്‍ ചതയുമ്പോഴും ഉച്ചത്തിലുള്ള അവളുടെ നിലവിളി പരിസരവാസികള്‍ കേട്ടിരിക്കാം. പിതാവിന്റെ സാന്നിധ്യം ഉണ്ടായിട്ടും ആ ഹൃദയമലിഞ്ഞില്ല. ആഹാരം പോലും കൊടുക്കാതെയായിരുന്നു മര്‍ദനം.
കഴിഞ്ഞ 13നാണ് ഹസീന മരിച്ചത്. കൊടിയമര്‍ദനമുറകള്‍ അരങ്ങേറി വരവെ ബോധം കെട്ടുവീണ ഹസീനയെ സിറാജുദീനോടൊപ്പം ബന്ധുക്കള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണം സംഭവിച്ചതോടെ സിറാജുദീന്‍ ആശുപത്രിയില്‍നിന്ന് മുങ്ങുകയായിരുന്നു.
വിവരം പോലീസിലറിയിക്കുകയോ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിക്കുകയോ ചെയ്യാതെ പിതാവ് ഹസന്‍കുഞ്ഞ് കബറടക്കാനായി വീട്ടിലെത്തിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ വിവരം ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ധരിപ്പിക്കുകയും അദ്ദേഹം കരുനാഗപ്പള്ളി പോലീസിന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നട്ടെല്ല് തകര്‍ന്നുള്ള യുവതിയുടെ മരണം പുറം ലോകമറിഞ്ഞത്. പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുത്ത കരുനാഗപ്പള്ളിയിലെ ഡോക്ടര്‍ക്കെതിരെയും പോലീസ് കേസെടുത്തതായാണ് വിവരം.
പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ചില രാഷ്ട്രീയ സംഘടനകള്‍ രംഗത്തുവന്നതോടെ പോലീസ് പിതാവ് ഹസന്‍കുഞ്ഞിനെയും സിറാജുദീന്റെ സഹായി അബ്ദുള്‍ കബീറിനെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതോടെയാണ് സിറാജുദീന്റെ മര്‍ദനമുറകളെക്കുറിച്ച് പോലീസിന് വ്യക്തത ലഭിച്ചത്. കോടതി റിമാന്‍ഡ് ചെയ്ത ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയും തെളിവെടുപ്പു നടത്തുകയും ചെയ്യും.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന സിദ്ധനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇയാളെ തിരക്കി സ്വദേശമായ ആലപ്പുഴയിലെത്തിയ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. വര്‍ഗീയ സംഘര്‍ഷം വളര്‍ത്താന്‍ ശ്രമം നടത്തിവന്ന സിറാജുദീന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ വേരുറപ്പിക്കാനായും ശ്രമം നടത്തിയിരുന്നതായാണ് വിവരം. വള്ളികുന്നം, നൂറനാട്, കായംകുളം എന്നിവിടങ്ങളിലെ ഗുരുമന്ദിരങ്ങളും മറ്റും ആക്രമിച്ച കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അനാഥാലയം തുടങ്ങി തട്ടിപ്പ് നടത്തിവന്ന സിറാജുദീന്റെ പ്രവൃത്തികളെ സമുദായക്കാര്‍ എതിര്‍ക്കുകയും അനാഥാലയം അടച്ചുപൂട്ടിക്കുകയും ചെയ്തു. ജയില്‍ ശിക്ഷ കഴിഞ്ഞശേഷം പുറത്തുവന്ന ഇയാള്‍ സിദ്ധനായും മന്ത്രവാദിയായും സ്വയം മാറുകയായിരുന്നു. അതിന്റെ പ്രചാരണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായികളെ ചുമതലപ്പെടുത്തുകയും ചെയ്തുവന്നതായും പോലീസിന് വിവരം ലഭിച്ചു. പണം സിദ്ധന്‍ ആവശ്യപ്പെടാറില്ലെന്ന് സഹായികള്‍ രോഗികളുടെ വീട്ടുകാരെ ധരിപ്പിക്കാറുണ്ടെങ്കിലും ഒന്നുമുതല്‍ അഞ്ചുലക്ഷം രൂപവരെ ഇയാള്‍ കൈപ്പറ്റാറുള്ളതായാണ് പോലീസിന് ലഭിച്ചവിവരം.
ഹസീനയുടെ ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ഇയാള്‍ വീടുകളില്‍ ചികിത്സയ്‌ക്കെത്തുന്ന ദിവസങ്ങളില്‍ വീട്ടുകാര്‍ കാറില്‍വേണം കൊണ്ടുവരാനും കൊണ്ടുവിടാനും. അത് സിദ്ധന് നിര്‍ബന്ധമാണ്. ചികിത്സാച്ചെലവ് പണമായി നല്‍കിയില്ലെങ്കില്‍ സ്വര്‍ണമായും മറ്റും നല്‍കിയാല്‍ മതിയെന്നും പറയുന്നു. മാതാപിതാക്കള്‍ ദരിദ്രമായ ചുറ്റുപാടുകളിലാണെങ്കിലും പത്താംക്ലാസുവരെ പഠിച്ച സിറാജുദീന്‍ അടിച്ചുപൊളിജീവിതമാണ് നടത്തിവന്നത്. യുവതി മരിച്ചിട്ടും വീട്ടുകാരാരും പരാതിയുമായി ഇതുവരെയും പോലീസിനെ സമീപിച്ചിട്ടില്ല. വ്യാജസിദ്ധനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ബന്ധുക്കളും തയാറായിട്ടില്ല. സമൂഹത്തിലെ ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഇത് കാണിക്കുന്നത്.
കടപ്പാട് :രാഷ്ട്രദീപിക
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ