Video Of Day

Breaking News

യോനിയുടെ രൂപത്തില്‍ വഞ്ചിയുണ്ടാക്കിയ യുവതി പോലീസ് പിടിയില്‍

ഫൈബര്‍ വഞ്ചി, അഥവാ കയാക്ക് ഉണ്ടാക്കുന്നതൊരു തെറ്റാണോ? ഇക്കാര്യം ജപ്പാനിലെ പൊലീസിനോടു ചോദിച്ചാല്‍ അവര്‍ ചിലപ്പോള്‍ പറഞ്ഞേക്കും-ചോദിക്കാനുണ്ടോ? സംഗതി കൊടുംപാതകമാണ്. മാത്രവുമല്ല, ഞങ്ങ പിടിച്ച് അകത്തിടുകയും ചെയ്യും..പക്ഷേ അങ്ങിനെയൊരു സംഭവവും നടന്നു അവിടെ. വഞ്ചിയുണ്ടാക്കിയതിന് ഒരു ജാപ്പനീസ് ആര്‍ടിസ്റ്റിനെപ്പിടിച്ച് ജയിലിലിട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഈ നാട്ടിലൊരു വിലയുമില്ലേയെന്നും ചോദിച്ച് പ്രക്ഷോഭവും തുടങ്ങി കുറേ പേര്‍. അതിനു മാത്രം ഈ വഞ്ചിക്കെന്താ പ്രത്യേകതയെന്നു ചോദിച്ചാല്‍ സംഗതി അല്പം പിശകാണ്.

വഞ്ചി നിര്‍മിച്ചത് ആര്‍ടിസ്റ്റിന്റെ യോനിയുടെ ത്രീഡി ഇമേജ് ഉപയോഗിച്ചാണ്. ടോക്കിയോവിലെ മെഗുമി ഈഗാരഷി എന്ന ആര്‍ടിസ്റ്റാണ് ഈ കുസൃതി ഒപ്പിച്ചത്. പക്ഷേ കക്ഷിയെ കുറ്റം പറയാനാകില്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കാശൊപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ ത്രീഡി പ്രകടനം. നാല്പത്തിരണ്ടുകാരിയായ ഈഗാരഷി ജപ്പാനില്‍ റോക്കുഡെന്‍ഷി-കോ എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്. റോക്കുഡെന്‍ഷി-കോ എന്നതിന്റെ അര്‍ഥം പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഒന്നിനും കൊള്ളാത്ത തല്ലിപ്പൊളിപ്പെണ്ണ് എന്നാണ്. ആ പേരിനെ ചീത്തയാക്കാന്‍ പറ്റില്ലല്ലോ, അതുകൊണ്ടാകണം കക്ഷി ഫണ്ട് ശേഖരണത്തിന് ഇങ്ങിനെയൊരു വഴി കണ്ടെത്തിയത്.

അതിനായി, ആദ്യം തന്റെ യോനിയുടെ ചിത്രം സ്‌കാന്‍ ചെയ്‌തെടുത്തു. അതിനെ ത്രീഡി ഇമേജ് രൂപത്തിലേക്കു മാറ്റി. പിന്നീട് ഏകദേശം ഒരു കയാക്കിന്റെ ആകൃതിയില്‍ വരച്ചെടുത്തു. എന്നിട്ടതിനെ ഒരു ത്രീഡി പ്രിന്ററിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്തു. ഈഫല്‍ ടവറിന്റെ പടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ ടവറിന്റെ മിനിയേച്ചര്‍ തയാറാക്കിത്തരുന്ന ടെക്‌നോളജിയാണ് ത്രീഡി പ്രിന്ററിന്റേത്. യോനിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു തയാറാക്കിയ കയാക്കിന്റെ ചിത്രം കൊടുത്തപ്പോള്‍ അതിന്റെ ത്രീഡി മിനിയേച്ചര്‍ രൂപം തന്നെ പുറത്തേക്കു വന്നു. തീര്‍ന്നില്ല, ഫണ്ട് ശേഖരണം വഴി 10000 ഡോളറിലധികം ഈഗാരഷി ശേഖരിച്ചിരുന്നു. 30 ഡോളറിലധികം സംഭാവന തന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള സമ്മാനം അയക്കാനും കക്ഷി തീരുമാനിച്ചിരുന്നു. ആ സമ്മാനമായിരുന്നു 'യോനിവഞ്ചി.

എന്തായാലും എല്ലാവര്‍ക്കും സമ്മാനം അയച്ചു കൊടുത്തു. പക്ഷേ തൊട്ടുപിറകെ പൊലീസെത്തി. തന്റെ കയാക്ക് പിടിച്ചെടുക്കാനായിരിക്കും വരവെന്നായിരുന്നു ഈഗാരഷി വിചാരിച്ചത്. എന്നാല്‍ പൊലീസ് വന്ന് ഈഗാരഷിയെയും വിലങ്ങുവച്ചങ്ങു കൊണ്ടുപോയി. അശ്ലീലം നിറഞ്ഞ സംഗതി പ്രചരിപ്പിച്ചു എന്നതായിരുന്നു കുറ്റം. ആറുദിവസം കക്ഷിയെ ജയിലില്‍ പിടിച്ചിട്ടു. അതും ജാമ്യം പോലും കൊടുക്കാതെ. ജപ്പാനില്‍ അശ്ലീല ചിത്രങ്ങളില്‍ പോലും ലൈംഗികാവയവങ്ങള്‍ മാസ്‌ക് ചെയ്താണ് കാണിക്കാറുള്ളത്. അശ്ലീലം എന്ന വാക്കു തന്നെ കൊടും കുറ്റമായി കാണുന്ന രാജ്യം. അതിനെ ചോദ്യം ചെയ്യാനായിരുന്നു ഈഗാരഷിയുടെയും ശ്രമം. എന്തായാലും സംഗതി വിവാദമായി.

ലോകം മുഴുവനും അറിഞ്ഞു, നാറ്റക്കേസായി. ഈഗാരഷിയുടെ മോചനത്തിന് പതിനായിരങ്ങള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ നിവേദനം തയാറായി. അതോടെ കക്ഷിയെ ഇറക്കി വിട്ടു. പക്ഷേ തീര്‍ന്നിട്ടില്ല, ഇനി കേസ് നടക്കാനിരിക്കുകയാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ടു കൊല്ലം വരെ ജയിലില്‍ കിടക്കേണ്ടി വരും. 25000 ഡോളര്‍ പിഴ വേറെയും. 10000 ഡോളറുണ്ടാക്കാന്‍ വേണ്ടി കാട്ടിയ സാഹസം ഇങ്ങിനെ പുലിവാലാകുമെന്ന് ഈഗാരഷി കരുതിക്കാണില്ല. എന്തായാലും പൊലീസ് എടുത്തോണ്ടു പോയ അശ്ലീലവഞ്ചിയെപ്പറ്റി മാത്രം ആര്‍ക്കും തല്‍കാലം വിവരമൊന്നുമില്ല...
കടപ്പാട്: മനോരമ

അഭിപ്രായങ്ങളൊന്നുമില്ല