Video Of Day

Breaking News

ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കൊച്ചി വ്യവസായിയില്‍ നിന്ന് റുക്സാന തട്ടിയത് 30 ലക്ഷം

തിരുവനന്തപുരം: കൊച്ചി ബ്ലാക്‌മെയിലിംഗ് കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ ഏകസാക്ഷി കൊല്ലം സ്വദേശി വില്‍സണ്‍ പെരേര. വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയ്ക്കു കാരണം ബ്ലാക്‌മെയില്‍ സംഘത്തിന്റെ ഭീഷണിയാണെന്നാണ് വില്‍സണ്‍ പെരേര പറഞ്ഞത്. ദൃശ്യങ്ങള്‍ ഭാര്യയെ കാണിക്കുമെന്നായിരുന്നു യുവതികളുടെ ഭീഷണി. കേസിലെ പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശി രവീന്ദ്രന്റെ സുഹൃത്താണ് വില്‍സണ്‍ പെരേര.

'ഇവളു'മാര്‍ എന്റെ ജീവിതം തകര്‍ക്കും എന്ന് തന്നോട് പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് രവീന്ദ്രന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും വില്‍സണ്‍ 'ഏഷ്യാനെറ്റ് ന്യൂസി'നു നല്‍കിയ നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. കേസിലെ പ്രതി റുക്‌സാനയില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത സിഡി പരാതിക്കാരനായ സജിക്കൊപ്പം താന്‍ കണ്ടിട്ടുണെ്ടന്നും വില്‍സണ്‍ പെരേര അറിയിച്ചു. അത്തരം സിഡികള്‍ ഇല്ലെന്നാണ് പോലീസ് നിലപാട്.

മൂന്നു കോടി രൂപയാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നത്. ബിന്ധ്യയും റുക്‌സാനയുമാണ് ബ്ലാക്ക് മെയിലിംഗിന്റെ പ്രധാനികള്‍. മറ്റാരൊക്കെ ഉള്‍പ്പെട്ടിട്ടുണെ്ടന്ന് തനിക്കറിയില്ല. രാഷ്ട്രീയക്കാരടക്കമുള്ള പല ഉന്നതേരേയും ഇവര്‍ ലക്ഷ്യം വച്ചിരുന്നുവെന്നും വില്‍സണ്‍ പറഞ്ഞു.  കേസിലെ പ്രതികളിലൊരാളായ റുക്‌സാനയില്‍ നിന്നുമാണ് സിഡി പിടിച്ചെടുത്തത്. രവീന്ദ്രന്റെ മറ്റൊരു സുഹൃത്തായ സജികുമാറിനെയും യുവതികള്‍ കുടുക്കിയിരുന്നു. സജിയെ ശ്രദ്ധിക്കണമെന്നും അവന്‍ കടുംകൈ ചെയ്യാതെ നോക്കണമെന്നും രവി പലപ്പോഴും ആവശ്യപ്പെട്ടിരുന്നുവെന്നും വില്‍സണ്‍ പെരേര പറയുന്നു.

രവീന്ദ്രന്‍ അല്‍പം കൂടി ബോള്‍ഡായിരുന്നു. അതുകൊണ്ടുതന്നെ കടുംകൈ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്നേയും സജിയേയും മൊഴിയെടുക്കാനായി പോലീസ് കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി താനും സജികുമാറും കൊച്ചി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും കൂടിയിരുന്ന് ഈ സിഡി കണ്ടിരുന്നതായും അദ്ദേഹം ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

കൊല്ലത്തെ ഒരു കശുവണ്ടി വ്യവസായിയും തടി വ്യവസായിയും സംഘത്തിന്റെ ബ്ലാക്‌മെയിലിംഗിന് ഇരയായതായും അദ്ദേഹം വെളിപ്പെടുത്തി. താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് റുക്‌സാന കൊച്ചിയിലെ ഒരു വ്യവസായിയില്‍ നിന്ന് 30 ലക്ഷത്തോളം തട്ടിയെന്നും വില്‍സണ്‍ പറഞ്ഞു. രവീന്ദ്രന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനില്‍ സജികുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഒളി കാമറ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം ഇരകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സംഘത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്. സജികുമാറിന്റെ ജീവന് ഭീഷണിയുണ്ടെന്നും വില്‍സണ്‍ പെരേര ആവര്‍ത്തിക്കുന്നുണ്ട്.

അതേസമയം കേസ് അന്വേഷണം ഏതാനും ദിവസത്തിനുള്ളില്‍ പൂര്‍ണമായും അട്ടിമറിയ്ക്കപ്പെടുമെന്ന് വിശ്വസീനിയ കേന്ദ്രങ്ങളില്‍നിന്ന് വിവരം ലഭിച്ചു. ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളിലൊരാളായ ജയചന്ദ്രന്റെ തെളിവെടുപ്പ് പ്രഹസനം അവസാനിക്കുന്നതോടെ കേസ് സോളാര്‍ കേസിന്റെ പിന്നാമ്പുറത്തെത്തും. കഴിഞ്ഞ ദിവസം ഉന്നത രാഷ്ട്രീയ നേതാവ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി കേസ് അവസാനിപ്പിക്കേണ്ടതെങ്ങിനെയെന്ന് വിവരിച്ചുവെന്നാണ് അറിയുന്നത്.

സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകാതെ നോക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വില്‍സണ്‍ പെരേര നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാനും സാധ്യതയില്ല. അശ്ലീല രംഗങ്ങളടങ്ങിയ സിഡി പോലീസ് പിടിച്ചെടുത്തുവെന്നായിരുന്നു ഇയാള്‍ വെളിപ്പെടുത്തിയത്. ആത്മഹത്യ ചെയ്ത രവീന്ദ്രന്റെ സിഡി താനും മറ്റൊരു സുഹൃത്ത് സജികുമാറും  അസിസ്റ്റന്റ് പോലീസ് കമ്മീഷണറും കൂടിയിരുന്ന് കണ്ടുവെന്ന് ഇയാള്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അന്വേഷണ വിഷയമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

സോളാര്‍ വിവാദത്തില്‍ പെട്ട് മന്ത്രിസഭ ചാഞ്ചാടിയിരുന്ന ഘട്ടത്തില്‍ നടന്നതെന്നു കരുതുന്ന ഒളി കാമറ ഓപറേഷനില്‍ കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ക്കും പങ്കുണ്ടെന്നാണ് വിവരം. എതിരാളികളെ തേജോവധം ചെയ്യാന്‍ ഒളികാമറ ഉപയോഗിച്ചുവെന്നാണ് ജയചന്ദ്രന്റെ ചോദ്യം ചെയ്യലില്‍ പോലീസിനു ലഭിച്ചിരുന്ന വിവരം. കേസിലെ പ്രധാന പ്രതികളായ ബിന്ധ്യയും റുക്‌സാനയും ചാനല്‍ അഭിമുഖങ്ങളില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തങ്ങളെ കൊണ്ട് ഒളി കാമറയില്‍ കുടുക്കണമെന്ന് നിര്‍ദ്ദേശിച്ച ചില നേതാക്കളുടെ പേരും ഇവര്‍ വെളിപ്പെടുത്തി. കേസില്‍ ജയചന്ദ്രന്റെ മൊബൈല്‍ ടവര്‍ സന്ദേശം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് ഇയാള്‍ എംഎല്‍എ ഹോസ്റ്റലില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് സ്പീക്കറുടെ ഓഫീസിന്റെ അനുമതിയോടെ ഹോസ്റ്റല്‍ റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് ഇയാളെ പിടികൂടിയാല്‍ ഭരണപക്ഷത്ത് അതു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് മനസിലാക്കിയ പോലീസ് മുറി ഉപയോഗിച്ചിരുന്ന സിനിമാ പ്രവര്‍ത്തകനെ ഉപയോഗിച്ച് ജയചന്ദ്രനെ ഫോണ്‍ ചെയ്ത് പുറത്തേയ്ക്ക് വരുത്തി രക്ഷപ്പെടാന്‍ അവസരമൊരുക്കുകയായിരുന്നുവെന്നാണ് സൂചന. പിന്നീടിയാള്‍ രക്ഷപ്പെട്ട വാഹനത്തെ പിന്തുടര്‍ന്ന് പാറശാലയില്‍ വച്ച് പിടികൂടുകയും ചെയ്തു. കേസ് അട്ടിമറി ശ്രമം ആദ്യം മുതലേ ഉണ്ടായിരുന്നുവെന്നതിന് തെളിവാണിത്.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല