Video Of Day

Breaking News

കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകളിലെ സ്ത്രീ-പുരുഷ ലഹരി നുരയുന്ന അഴിഞ്ഞാട്ടങ്ങള്‍

കൊച്ചി: നഗരത്തിലെ നക്ഷത്രഹോട്ടലില്‍ നടക്കുന്ന പാര്‍ട്ടിയില്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നെന്ന വിവരത്തെത്തുടര്‍ന്നു പരിശോധനയ്‌ക്കെത്തിയ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം വെറുംകൈയോടെ മടങ്ങി. ഒന്നും കിട്ടാതെ മടങ്ങുന്നതു പരിഹാസ്യമാകുമെന്നു കരുതിയതിനാലാകണം, അനാഥമായി കിടന്ന ഒരു കഞ്ചാവ്‌ പൊതി എടുത്തുകൊണ്ടുപോരുകയും ചെയ്‌തു.

പൊതിയുടെ തൂക്കം കേവലം ഏഴുഗ്രാം!
എന്നാല്‍, ഈ ഹോട്ടലിലെ പാര്‍ട്ടികളില്‍ സംഭവിക്കുന്നതു ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്‌. കാതടിപ്പിക്കുന്ന സംഗീതത്തിനും വിലകൂടിയ വിദേശമദ്യങ്ങളുടെ ലഹരിക്കുമൊപ്പം പലതരം മയക്കുമരുന്നുകള്‍ നിറയുന്നതാണ്‌ അവിടത്തെ രാത്രികള്‍. ഉറയ്‌ക്കാത്ത കാലുകളിലേക്കു നൃത്തച്ചുവടുകള്‍ ആവാഹിക്കാന്‍ ശ്രമിക്കുന്ന യുവതീയുവാക്കള്‍. മദ്യം ചുവപ്പിച്ച കണ്ണുമായി അരയ്‌ക്കു കൈചുറ്റി അവര്‍ സ്യൂട്ട്‌ റൂമുകളിലേക്കു തെന്നിനീങ്ങും. എന്നാല്‍, കഴിഞ്ഞ ദിവസം ഇതേ ഹോട്ടലില്‍ അര്‍ധരാത്രിയോടടുത്തു റെയ്‌ഡ്‌ നടത്തിയ പോലീസ്‌ അരുതാത്തതായി ഒന്നും കണ്ടില്ല! മയക്കുമരുന്നിന്റെ പുക മണത്തറിഞ്ഞതുപോലുമില്ല! അര്‍ധരാത്രിക്കുശേഷം നടക്കുന്ന മയക്കുമരുന്ന്‌ ഉപയോഗം പിടികൂടാന്‍ രാത്രി പതിനൊന്നു മണിക്കായിരുന്നു റെയ്‌ഡ്‌.

രാത്രി ഒമ്പതരയോടെയാണു നക്ഷത്രഹോട്ടലിലെ ഡാന്‍സ്‌ ഫ്‌ളോറിലേക്കു സുഹൃത്തിനൊപ്പമെത്തിയത്‌. പതിവായി ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കാറുള്ള സുഹൃത്ത്‌ സ്യൂട്ട്‌ ബുക്ക്‌ ചെയ്‌തിരുന്നു. അതുകൊണ്ടു ഒപ്പം ഒരാള്‍ക്കുകൂടി ഡാന്‍സ്‌ ഫ്‌ളോറില്‍ കയറാന്‍ അനുമതിയുണ്ടായിരുന്നു. നക്ഷത്ര അരാജകത്വ സംസ്‌കാരത്തിന്റെ നേര്‍രൂപമാണ്‌ അവിടെ ദൃശ്യമായത്‌. ഡാന്‍സ്‌ ഫ്‌ളോറിന്റെ ഒരു ഭാഗത്തു നീളത്തിലാണു ബാര്‍. മദ്യം വിളമ്പാന്‍ ഒരു യുവാവും രണ്ടു യുവതികളും. പാതിയും കീറിയ കറുത്ത ഗൗണിട്ട പെണ്‍കുട്ടിയുടെ മേനിയഴകിലാണു മദ്യം ആസ്വദിക്കുന്ന യുവാക്കളുടെ കണ്ണ്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ കൗണ്ടറില്‍ ഏല്‍പ്പിച്ചാണു സുഹൃത്ത്‌ മദ്യം വാങ്ങിക്കൊണ്ടിരുന്നത്‌. പുറത്തെ ബാറില്‍ ലഭിക്കുന്നതിന്റെ പലമടങ്ങാണ്‌ ഇവിടെ വില. വരുന്നവര്‍ പണം വാരിയെറിയാന്‍ വഴി തേടുന്നവരായതിനാല്‍ കണക്കു പറച്ചിലില്ല. മദ്യഗ്ലാസ്‌ കൈയില്‍പിടിച്ചുതന്നെ ഡാന്‍സ്‌ ഫ്‌ളോറിലേക്കു നീങ്ങാം. ഒപ്പം വന്ന പെണ്‍കുട്ടിക്കൊപ്പം നൃത്തം വയ്‌ക്കാം. കപ്പിള്‍സ്‌ ഡാന്‍സ്‌ ബാറാണ്‌. കൂട്ടിനു പെണ്‍കുട്ടിയില്ലെങ്കിലും കയറാം. ഡാന്‍സ്‌ ഫ്‌ളോറിലേക്കു കടത്തിവിടുന്നിടത്തു കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുണ്ട്‌. ഹോട്ടലുകാരുടെ സ്വകാര്യ സെക്യൂരിറ്റി ടീം. കറുത്ത പാന്റ്‌സും കറുത്ത ടീഷര്‍ട്ടുമണിഞ്ഞ ഉരുക്കുശരീരമുള്ള ഇവര്‍ക്കു ബൗണ്‍സര്‍മാര്‍ എന്നാണു പേര്‌. ബംഗളുരുവില്‍നിന്ന്‌ ഇറക്കുമതി ചെയ്പ്പെയട്ടവരാണ്‌ അധികവും. തടിമിടുക്കുള്ള ഇവരുടെ മുന്നില്‍ വേലയെടുക്കുന്നവര്‍ കാര്യമറിയും. അകത്തുകയറണമെങ്കില്‍ ഷൂ നിര്‍ബന്ധമാണ്‌.
ജീന്‍സാവണം പാന്റ്‌സ്‌. ഷര്‍ട്ടും ടീ ഷര്‍ട്ടും ധരിക്കാം. ചില ദിവസങ്ങളില്‍ പ്രത്യേക ഡ്രസ്‌ കോഡുണ്ട്‌. ഉള്ളിലേക്കു കയറ്റിവിടും മുമ്പ്‌ ഇടതു കൈത്തണ്ടയില്‍ ചാപ്പകുത്തും. പ്രത്യേക സീല്‍ പതിപ്പിക്കലാണു ചടങ്ങ്‌. കനത്ത വാതിലിനപ്പുറത്തു രണ്ടു വശത്തും ചെറിയ ബാരിക്കോഡ്‌ തീര്‍ത്താണു പരിശോധന. സെക്യൂരിറ്റി വിഭാഗം കുത്തുന്ന ചാപ്പ കൈയിലുണ്ടെങ്കില്‍ നമുക്ക്‌ എല്ലായിടങ്ങളിലും കറങ്ങാം.

ഡാന്‍സ്‌ ബാറില്‍നിന്നു പുറത്തേക്കിറങ്ങുകയും അകത്തേക്കു കടക്കുകയും ചെയ്യാം. കൂടെ പെണ്‍കുട്ടിയില്ലെങ്കില്‍ ചാപ്പകുത്തലിനു പ്രത്യേക ഫീസ്‌ ഈടാക്കും. ത്രസിപ്പിക്കുന്ന സംഗീതമാണു ഡാന്‍സ്‌ ഫ്‌ളോറില്‍. അതിനൊത്ത വെളിച്ചവിന്യാസം. ചിതറിത്തെറിക്കുന്ന വെളിച്ചത്തില്‍ അടുത്തുള്ള കാഴ്‌ചപോലും അവ്യക്‌തമാകും. ഈ അവ്യക്‌തത ഒരു മറയാണ്‌. ഡാന്‍സ്‌ ഫ്‌ളോറില്‍ രണ്ടു പേര്‍ക്ക്‌, താല്‍പര്യമുണ്ടെങ്കില്‍, പരസ്‌പരം എന്തും ചെയ്യാം. ഡാന്‍സ്‌ ഫ്‌ളോറില്‍നിന്നു പുറത്തിറങ്ങി ഇടുങ്ങിയ ഇടനാഴി കടന്നു ചെല്ലുന്നതു സ്‌മോക്കിംഗ്‌ ഏരിയായിലേക്ക്‌. കഞ്ചാവ്‌ മുതല്‍ ഏതു തരത്തിലുള്ള മയക്കുമരുന്നും ആസ്വദിക്കുന്ന സ്‌ഥലം. വിശാലമായ ബാല്‍ക്കണിയാണ്‌. നോക്കിയാല്‍ നഗരത്തിന്റെ രാത്രിഭംഗി കാണാം.

മയക്കുമരുന്ന്‌ എത്തിക്കുന്ന ഏജന്റുമാരും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍തന്നെ. ഇവര്‍ക്കു ഹോട്ടലുകാരുമായി അടുത്ത ബന്ധമുണ്ട്‌. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേപോലെ സ്‌മോക്കിംഗ്‌ ഏരിയായിലേക്കു കടന്നുവരും. തുടക്കത്തില്‍ സിഗരറ്റ്‌ പുകയ്‌ക്കുന്നവരാണ്‌ അധികംപേരും. അര്‍ധരാത്രി പിന്നിട്ടതോടെ അവിടെ ഗന്ധത്തിനു മാറ്റം. മയക്കുമരുന്നുകളുടെ മായികലോകമായി അവിടം. ആരെ സമീപിച്ചാലാണു സാധനം കിട്ടുകയെന്നു പതിവുകാര്‍ക്കു വ്യക്‌തം. പുതിയവരെ അവര്‍ ഏജന്റിനു പരിചയപ്പെടുത്തും. വിലകൂടിയ മയക്കുമരുന്നുകളാണ്‌ ഇവിടെ താരം. യുവതീ-യുവാക്കള്‍ കെട്ടിപുണര്‍ന്ന്‌ ഉന്മാദം ആഘോഷിക്കും. ആള്‍ക്കൂട്ടത്തിനിടയിലാണെങ്കിലും മറ്റുള്ളവര്‍ കണ്ടെന്നു ഭാവിക്കുക പോലുമില്ല. അഥവാ ഇടപെട്ടാല്‍ പിടിച്ചുപുറത്താക്കാന്‍ ബൗണ്‍സര്‍മാര്‍ അവിടെയുണ്ട്‌.

വിദേശികള്‍ അടക്കമുള്ള യുവതികള്‍ പാര്‍ട്ടിക്കെത്തും. മട്ടാഞ്ചേരി ടീമാണ്‌ അന്നു മദാമ്മമാരെ കൊണ്ടുവന്നത്‌. മിക്കപ്പോഴും ഈ ഗാംഗാണു വിദേശികളെ എത്തിക്കാറുള്ളതെന്നും കേട്ടു. കൂട്ടത്തില്‍ പെണ്‍കുട്ടിയില്ലെങ്കില്‍ കാശെറിഞ്ഞു വിളിച്ചാല്‍ മതി, ആള്‍ റെഡി.
കച്ചവടവും വിലപേശലുമെല്ലാം തനിച്ചാവണം എന്നു മാത്രം. ഇതിലൊന്നും സെക്യൂരിറ്റിക്കാര്‍ ഇടപെടില്ല. എന്തിനും തയാറായി നില്‍ക്കുന്ന ബൗണ്‍സര്‍മാരോടു പെണ്‍കുട്ടി പരാതി പറഞ്ഞാല്‍ മതി, ചൂണ്ടികാണിക്കപ്പെടുന്നവര്‍ അപ്പോള്‍തന്നെ പുറത്താകും.
വിദേശികള്‍ അടക്കമുള്ള പുരുഷന്മാര്‍ക്ക്‌ ഒപ്പം ചുവടുവയ്‌ക്കാന്‍ തദ്ദേശീയരായ വനിതകളെ ഏര്‍പ്പാടുചെയ്യാന്‍ പ്രത്യേക ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. കൈകോര്‍ത്ത്‌ നൃത്തം ചെയ്യുന്നതിലപ്പുറം എന്തെങ്കിലും അരുതായ്‌മകള്‍ പ്രവര്‍ത്തിച്ചാല്‍ അവരെ കൈാര്യം ചെയ്യാനും ബൗണ്‍സര്‍മാര്‍ റെഡി.

കൊച്ചി പോലുള്ള മെട്രോ നഗരത്തിലെത്തുന്ന വിദേശികള്‍ക്ക്‌ ഇത്തരം സൗകര്യങ്ങളുടെ കുറവു പരിഹരിക്കലാണു ലക്ഷ്യമെന്നാണ്‌ ഒരു ഏജന്റ്‌ പറഞ്ഞത്‌. വിദേശത്തേക്കു ജോലി തേടിപോകുന്നവര്‍ക്ക്‌ അവിടെ ജീവിക്കാനുള്ള പരിശീലനം നല്‍കുകയാണു ലക്ഷ്യമെന്നു നക്ഷത്രഹോട്ടലിലെ പ്രധാനി ന്യായീകരിക്കുന്നു! മുന്‍ മന്ത്രിയുടെ പുത്രന്‍ മുതല്‍ സിനിമാനടിമാര്‍ വരെ ഇവിടെ സ്‌ഥിരം സന്ദര്‍ശകര്‍.
ഐടി മേഖലയിലുള്ളവരാണ്‌ ഏറെയും. പെണ്‍കുട്ടിയുമായി വന്ന ഒരു ഗാംഗിന്റെ പരാതിയെത്തുടര്‍ന്നു ബൗണ്‍സര്‍മാര്‍ ഒരു യുവാവിനെ തൂക്കിയെടുത്തു പുറത്തെറിയുന്ന കാഴ്‌ച ദയനീയമായിരുന്നു. തന്റെ ഭാഗം ന്യായീകരിക്കാന്‍ യുവാവ്‌ കിണഞ്ഞു ശ്രമിച്ചിട്ടും ബൗണ്‍സര്‍മാര്‍ അനുവദിച്ചില്ല. ഇവിടെ നിയമം നിര്‍മിക്കുന്നതും നടപ്പാക്കുന്നതും അവര്‍തന്നെയാണ്‌. അതുകൊണ്ടാണു റെയ്‌ഡിനെത്തിയ പോലീസ്‌ സംഘത്തിനു വെറുംകൈയോടെ തിരിച്ചുപോകേണ്ടിവന്നതും. നഗരത്തിലെ മറ്റൊരു നക്ഷത്ര ഹോട്ടലിലാകട്ടെ മയക്കുമരുന്നുകള്‍ ചേര്‍ത്തു ഹുക്ക പരസ്യമായി ഹാളിലിരുന്നു വലിക്കുന്നതാണു വിനോദം. ഇതുവരെ പോലീസ്‌ ഇവിടെ അന്വേഷിച്ചെത്തിയിട്ടില്ല.

കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല