Video Of Day

Breaking News

യുവനടിയും സുഹൃത്തും രാത്രി ഒരു മണിക്ക് പോലീസ് പിടിയില്‍; സംഭവം വിവാദമായി

സിനിമാ താരമോ ഉന്നതാദ്യോഗസ്ഥയോ സാധാരണക്കാരിയോ ആരുമാവട്ടെ പുരുഷ സുഹൃത്തിനൊപ്പം രാത്രിയില്‍ ബൈക്കില്‍ സഞ്ചരിച്ചാല്‍ പോലീസ്‌ പിടികൂടും. കാരണം അതവരുടെ ഡ്യൂട്ടിയാണ്‌. എന്നാല്‍ സംശയം തോന്നി പിടികൂടുന്ന ആര്‍ക്കെങ്കിലും അല്‍പ്പം തന്റേടം കൂടുതലുണ്ടെന്ന്‌ കണ്ടാല്‍ പിന്നെ വിട്ടയയ്‌ക്കുന്നത്‌ തോന്നുന്ന നേരത്തായിരിക്കും! അതിന്‌ പ്രത്യേകിച്ചു കാരണമൊന്നും ചോദിക്കരുത്‌.

നടിയും നാടകപ്രവര്‍ത്തകയുമായ ഹിമ ശങ്കറിനും (27) സുഹൃത്ത്‌ ശ്രീറാം രമേശനും (23) പറ്റിയ തിക്താനുഭവം കേരളം ചര്‍ച്ച ചെയ്യേണ്ട സംഭവമാണ്‌. ഇത്‌ വിരല്‍ ചൂണ്ടുന്നത്‌ പോലീസിന്റെ വൃത്തികെട്ട മനോഭാവത്തിനും സാധാരണക്കാരുടെ നിസ്സഹായതയ്‌ക്കും നേരെയാണ്‌. നാടകത്തിന്റെ റിഹേഴ്‌സലിനായി ജൂലൈ 23 ന്‌ രാത്രി ഒരു മണിയോടെ ശ്രീറാമിന്‍െ്‌റ വീട്ടില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോകും വഴിയാണ്‌ ഇരുവര്‍ക്കും കൊല്ലം പോലീസിന്റെ സദാചാര കര്‍മ്മനിരത നേരിട്ട്‌ അനുഭവിക്കാന്‍ വിധിക്കപ്പെട്ടത്‌. ആദ്യം രാമന്‍കുളങ്ങരയില്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്‌ത പോലീസ്‌ പിന്നീട്‌ ചിന്നക്കടയില്‍ വച്ച്‌ വീണ്ടും ഇവരെ തടഞ്ഞു നിര്‍ത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

രാമന്‍കുളങ്ങരയില്‍ വച്ച്‌ ഇവരെ തടഞ്ഞത്‌ പോലീസുകാനാണോ എന്നു പോലും സംശയം തോന്നുമായിരുന്നു എന്നാണ്‌ ഹിമയുടെ വിവരണത്തില്‍ നിന്ന്‌ മനസ്സിലാവുന്നത്‌. തൊപ്പിയും ഷൂസും ധരിക്കാതെ തലയില്‍ ഒരു തോര്‍ത്തു കെട്ടി വന്ന ഇയാള്‍ ഇരുവരും വിവാഹിതരല്ലെന്ന്‌്‌ കണ്ടതോടെ ദ്വയാര്‍ഥം വച്ചുളള ചോദ്യം ചെയ്യല്‍ തുടങ്ങിയിരുന്നു. മാന്യമായി സംസാരിക്കണമെന്ന്‌ ആവശ്യപ്പെട്ട ഇവര്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം തൃപ്‌തികരമായി ഉത്തരം പറഞ്ഞു. വണ്ടിയുടെ രേഖകളും തിരിച്ചറിയല്‍ രേഖകളും കാണിച്ചു. എന്നാല്‍ പോലീസുകാരന്‍ യൂണിഫോം ശരിയായി ധരിക്കാത്തതിനെ ചോദ്യം ചെയ്‌ത ഇവരുടെ നടപടി പിന്നീട്‌ സദാചാരപോലീസിന്റെ കൈയിലെ വടിയാവുകയായിരുന്നു.

രാമന്‍കുളങ്ങര വിട്ട ഇവരെ ചിന്നക്കടയില്‍ വച്ച്‌ അടുത്ത പോലീസ്‌ സംഘം തടഞ്ഞുനിര്‍ത്തിയത്‌ എന്തോ പറഞ്ഞുറപ്പിച്ചതു പോലെയായിരുന്നു. അവിടെയാവട്ടെ സദാചാരത്തിന്റെ കാവലാളുകള്‍ ഒരു സ്‌ത്രീയോടെന്നവണ്ണമല്ല ഹിമയോട്‌ പെരുമാറിയതെന്നും ഇരുവരും റിക്കോഡ്‌ ചെയ്‌ത സംഭാഷത്തില്‍ നിന്ന്‌ വ്യക്തമാണ്‌. തങ്ങളുടെ വാഹനം രാമന്‍കുളങ്ങരയില്‍ വച്ച്‌ പരിശോധിച്ച ശേഷം വിട്ടയച്ചതാണെന്ന്‌ ഹിമ പറഞ്ഞുവെങ്കിലും രാത്രി ഒരുമണി വരെ ഏതു വാഹനം വേണമെങ്കിലും പരിശോധിക്കും അത്‌ കമ്മീഷണറുടെ ഉത്തരവാണെന്നായിരുന്നു പോലീസുകാരുടെ മറുപടി. പിന്നെ ഹിമയോട്‌ `നിന്റെ വീട്ടില്‍ ഫോണ്‍ നമ്പറുണ്ടോ?' എന്നായി ചോദ്യം. തന്റെ വീട്‌ തൃശൂരാണെന്ന്‌‌ പറഞ്ഞപ്പോള്‍ `നിന്റെ വീട്‌ കോഴിക്കോടോ ഗള്‍ഫിലോ ആയിക്കോട്ടെ, നിന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ മാത്രം വിട്ടയയ്‌ക്കാമെന്നായിരുന്നു പോലീസിന്റെ മറുപടി. ഇവിടെ സുഹൃത്തുക്കള്‍ ഇരുവരും പറഞ്ഞതൊന്നും ചെവിക്കൊളളാന്‍ പോലീസ്‌ തയ്യാറായതേയില്ല.

പിന്നീട്‌ ഇരുവരെയും പോലീസ്‌ ജീപ്പില്‍ കയറ്റി സ്‌റ്റേഷനിലെത്തിച്ചു. അവിടെ ഇരുവരും പരസ്‌പരം സംസാരിക്കാതിരിക്കാന്‍ രണ്ട്‌ മുറികളിലാക്കി. ഇതിനിടെ ശ്രീറാമിന്റെ വീട്ടുകാര്‍ എത്തി ഇരുവരെയും വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ടുവെങ്കിലും പോലീസ്‌ തയ്യാറായില്ല. ഇവരെ രാവിലെ ഒന്‍പതരയ്‌ക്ക്‌ എസ്‌ ഐ വന്നശേഷമാണ്‌ വിട്ടയച്ചത്‌. ഇവര്‍ക്കെതിരെ ഒരു പെറ്റിക്കേസ്‌ പോലും എടുത്തിട്ടില്ല്‌. അതിനര്‍ഥം വെറുതെ സ്‌റ്റേഷനില്‍ പിടിച്ചുവച്ച്‌ ഒരു യുവതിയെ മാനംകെടുത്തി എന്നുതന്നെ!

വിദ്യാസമ്പന്നരുടെ ആധിക്യമുളള ഈ നാട്ടില്‍ ഒരു യുവതിക്കും യുവാവിനും രാത്രിയില്‍ ഒരുമിച്ച്‌‌ യാത്രചെയ്യാന്‍ പാടില്ലേ. അങ്ങനെ സഞ്ചരിക്കുന്നവരെല്ലാം സദാചാരവിരുദ്ധരാണോ? സംശയം ദൂരീകരിക്കാന്‍ ശരിയായ രേഖകള്‍ കാട്ടിയാലും തടഞ്ഞുവയ്‌ക്കുന്നവരെ വിട്ടയച്ചുകൂടെ. നിയമപാലകര്‍ എന്നതിനുപരി പരമാധികാരികള്‍ എന്ന നിലയില്‍ പോലീസിന്‌ വിളയാടനാവുമോ. യുവതികളെയും മറ്റും ഇത്തരത്തില്‍ അപമാനിക്കുന്നവര്‍ക്കെതിരേ പൊതു സമൂഹത്തിനും അവകാശസംരക്ഷകര്‍ക്കും എന്തു ചെയ്യാനാവും. ഹിമയുടെയും സുഹൃത്തിന്റെയും ദുരനുഭവം നാളെ നിങ്ങള്‍ക്കാവും അതിന്‌ ഉത്തരം കണ്ടെത്തേണ്ടതുണ്ട്‌.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല