Video Of Day

Breaking News

ഒരിക്കല്‍ അവളൊരു തെരുവുബാലികയാ‍യിരുന്നു; ഇന്നവള്‍ അമേരിക്കയിലേക്ക്

കൊല്‍ക്കത്ത: ഒരിക്കല്‍ അവളൊരു തെരുവുബാലികയായിരുന്നു. ഇന്ന് ആന്‍ജെല ബെര്‍ണാദെത്തെ റൈല്‍ എന്ന 19-കാരി പഠനത്തിനായി അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. വാഷിങ്ടണില്‍ പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പാണ് ആന്‍ജെലയുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്നത്.

കമ്യൂണിറ്റി കോളേജ് സംരംഭപദ്ധതിയുടെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പിന് ആന്‍ജെല യോഗ്യതനേടി. അമേരിക്കയിലെ വിവിധ കമ്യൂണിറ്റി കോളേജുകളില്‍ പഠിക്കുന്നതിനായി ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 35 പേരില്‍ ഒരാളാണ് ആന്‍ജെല.

'ഇതൊരു സ്വപ്‌നം പോലെയാണ്. ജീവിതത്തില്‍ ഇത്രയൊക്കെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയതേയില്ല' - ആന്‍ജെല പറഞ്ഞു. ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന വിധത്തെക്കുറിച്ചുള്ള ഒരു വര്‍ഷത്തെ കോഴ്‌സ് പഠിക്കാനാണ് ആന്‍ജെല വാഷിങ്ടണിലേക്ക് പോകുന്നത്.

തെരുവുകുട്ടികള്‍ക്കായുള്ള അഭയകേന്ദ്രത്തിന്റെ പ്രവര്‍ത്തകരാണ് അഞ്ചാം വയസ്സില്‍ തെരുവില്‍നിന്ന് ആന്‍ജെലയെ രക്ഷിക്കുന്നത്. അഭയകേന്ദ്രത്തില്‍നിന്ന് പഠനം തുടങ്ങിയ ആന്‍ജെല കേന്ദ്രത്തിലെ മറ്റുകുട്ടികള്‍ക്കായി ഇംഗ്ലീഷ് ക്ലാസ്സുകള്‍ എടുക്കുകയും ചെയ്തുപോന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിക്കഴിഞ്ഞ ആന്‍ജെല ഇന്ന് അഭയകേന്ദ്രത്തിന്റെ ചൈല്‍ഡ്‌ലൈന്‍ സംഘനേതാവ് കൂടിയാണ്. പഠനം പൂര്‍ത്തിയാക്കി മുഴുസമയ അധ്യാപികയാവാനാണ് ഇഷ്ടപ്പെടുന്നതെന്ന് ആന്‍ജെല പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല