Video Of Day

Breaking News

എന്റെ ഷെബീന്‍ ചേട്ടനെ കൂട്ടുകാര്‍ കുടുക്കി: നടി ഇനിയ

വീട്ടില്‍ നടന്ന മോഷണക്കേസില്‍ സഹോദരിയുടെ പ്രതിശ്രുത വരനെ പിന്തുണച്ച് നടി ഇനിയ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വീടുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഷെബീന്‍ മോഷ്ടിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇനിയ ഫ്‌ളാഷിനോട് പറഞ്ഞു. സാമ്പത്തികമായി തങ്ങളേക്കാളും ഉയര്‍ന്ന നിലയിലുള്ള ഷെബീന് ഇത്തരത്തില്‍ മോഷണം നടത്തേണ്ട കാര്യമില്ലെന്നാണ് നടി പറയുന്നത്. അതേസമയം, കൂട്ടുകാരുടെ പ്രേരണയാല്‍ ഇത്തരത്തില്‍ ഒരു മോഷണം ഷെബീന്‍ ചെയ്യാനുള്ള സാധ്യതയും നടി തള്ളിക്കളയുന്നില്ല.  കേസിന്റെ നിജസ്ഥിതി വെളിപ്പെടുന്നതു വരെ ചേച്ചിയുടെ വിവാഹം വേണ്ടെന്ന് വയ്‌ക്കേണ്ടന്നാണ് വീട്ടുകാരുടെ ആലോചനയെന്നും നടി വെളിപ്പെടുത്തുന്നു.

ഏറെക്കാലത്തെ സൗഹൃദത്തിനു ശേഷമാണ് സ്വാതിയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഷെബീന്‍ ഇനിയയുടെ വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ഇനിയയുടെ അച്ഛനും വീട്ടുകാരും ഷെബീന്റെ വീട്ടില്‍ ചെന്ന് അന്വേഷിച്ചു. എസ്‌റ്റേറ്റുകളും വിതരണക്കമ്പനിയുമൊക്കെ സ്വന്തമായുള്ള വീട്ടുകാരാണ് ഷെബീന്റേത്. തങ്ങളേക്കാള്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരാണെന്ന് അന്നേ അറിഞ്ഞിരുന്നു. അപ്പോള്‍ പണത്തിനു വേണ്ടി ഷെബീന്‍ ഇങ്ങനെ ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ഇനിയ ഫ്‌ളാഷിനോട് പറഞ്ഞത്. അതേസമയം , ഒരുപാട് മോശം കൂട്ടുകെട്ട് ഷെബീന് ഉണ്ടായിരുന്നതായും അത്തരത്തില്‍ ഏതെങ്കിലും സുഹൃത്തുക്കള്‍ ഇയാളെ കുടുക്കിയതാണോ എന്ന് സംശയമുണ്ടെന്നും ഇനിയ പറയുന്നു. ഇപ്പോള്‍ പിടിയിലായ ശംഖുമുഖം ചിത്തിര നഗര്‍ സ്വദേശി കരുപ്പെട്ടി സജി എന്ന സജിയുമായി ഷെബീനിന് യാതൊരു ബന്ധവുമില്ലെന്നും നടി പറയുന്നു.

രണ്ടാഴ്ച മുമ്പാണ് നടി ഇനിയയുടെ വീട്ടില്‍ മോഷണം നടന്നത്. ഇനിയയും കുടുംബവും സെക്കന്റ് ഷോ സിനിമ കാണാനായി പോയപ്പോഴാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്ത് പവന്റെ ആഭരണവും അഞ്ച് ലക്ഷം രൂപയുമാണ് മോഷണം പോയതെന്നാണ് ഇനിയയുടെ അച്ഛന്‍ സലാഹുദ്ദീന്‍ ആദ്യം പരാതി നല്‍കിയത്. പൂട്ടുപൊളിച്ചാണ് മോഷണം നടന്നതെന്ന് പറഞ്ഞിരുന്നെങ്കിലും പൊലീസിന്റെ പരിശോധനയില്‍ പൂട്ട് തകര്‍ന്നിട്ടില്ലെന്ന് മനസ്സിലായി. അങ്ങനെ പരിചയമുള്ളവരാണ് മോഷണം നടത്തിയതെന്ന നിഗമനത്തില്‍ പൊലീസെത്തി. ആഭരണം നഷ്ടപ്പെട്ടില്ലെന്നും അത് പിന്നീട് വീട്ടില്‍ നിന്ന് തന്നെ കിട്ടിയെന്നും പറഞ്ഞതും പൊലീസില്‍ സംശയമുളവാക്കി. സിനിമ കാണാന്‍ ഇനിയയുടെ സഹോദരന്‍ വൈകിയെത്തിയത് അന്വേഷണം ആദ്യം ആ വഴിക്ക് തിരിച്ചു വിട്ടു. പരാതി നല്‍കാനും പൊലീസിന് സംഭവം വിശദീകരിക്കാനുമൊക്കെ ഷെബീനായിരുന്നു മുന്നിലുണ്ടായിരുന്നത്. അതുകൊണ്ട് ആദ്യം ഇയാളെ സംശയിച്ചതേ ഇല്ല. പിന്നീട്, മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പൊലീസില്‍ ഷെബീന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ആഡംബര ജീവിതത്തിനു വേണ്ടിയാണ് ഇയാള്‍ മോഷണം നടത്തിയതെന്നാണ് പറയുന്നത്.

എന്തായാലും പ്രതിയെ പിന്തുണച്ചുള്ള നടിയുടെ നിലപാട് പൊലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്. തങ്ങളുടേതിനേക്കാള്‍ താഴ്ന്ന നിലയിലാണ് എന്ന കാമുകിയുടെ കുറ്റപ്പെടുത്തലാണ് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന പ്രതിയുടെ മൊഴിയാണ് ഇനിയയുടെ വെളിപ്പെടുത്തലിലൂടെ പൊലീസിനെ കുഴപ്പിക്കാന്‍ പോകുന്നത്. കേസില്‍ ഷെബിനല്ല മാസ്റ്റര്‍ ബ്രെയിന്‍ എന്നും മറ്റാര്‍ക്കോ വേണ്ടി ഇയാള്‍ ബലിയാടായതാണെന്നുമാണ് ഇനിയ പറയുന്നത്. അതു കൊണ്ട് തന്നെ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ട അവസ്ഥയിലാണ് പൊലീസ്. സ്വാതിയുടെയും ഷെബീനിന്റെയും വിവാഹനിശ്ചയം പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നടന്നത് കഴിഞ്ഞ മാസം 29ന് ആയിരുന്നു.

കടപ്പാട്: കേരളാ കൗമുദി

അഭിപ്രായങ്ങളൊന്നുമില്ല