Video Of Day

Breaking News

ഇന്ത്യക്കെതിരെ ജിഹാദിനുള്ള ആഹ്വാനവുമായി അല്‍ഖ്വയ്ദ

ജമ്മുകാശ്മീര്‍: സ്വതന്ത്ര കാശ്മീരിനായി ഇന്ത്യന്‍ ഭരണകൂടത്തിന് എതിരേ ജിഹാദിന് ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ ആഹ്വാനം. സിറിയയിലെയും ഇറാഖിലെയും സഹോദരങ്ങളുടെ മാതൃക പിന്തുടര്‍ന്ന് കശ്മീരികള്‍ അക്രമം നടത്തണമെന്നാണ് അല്‍ഖ്വയ്ദതങ്ങളുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട വീഡിയോ ആഹ്വാനം ചെയ്യുന്നത്.

യുദ്ധം തുടരൂ എന്നതാണ് കാശ്മീരിലെ മുസ്ലിംകള്‍ക്കുള്ള സന്ദേശം എന്നു വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോയിൽ  കശ്മീര്‍ പ്രശ്‌നത്തില്‍ സംഘടനയുടെ വിവിധ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളുമുണ്ട് . പാകിസ്താനിലെ രഹസ്യ കേന്ദ്രത്തില്‍ തയാറാക്കിയതാണ് ഉറുദുവിലുള്ള വീഡിയോ എന്നാണ് സൂചന.

ഇറാഖ്  ഭരണകൂടത്തിനെതിരേ ആക്രമം നടത്തുന്ന തീവ്രവാദികൾക്ക്   വിജയം ആശംസിച്ചുകൊണ്ട്   പ്രത്യക്ഷപ്പെടുന്ന സംഘടനയുടെ മുതിര്‍ന്ന നേതാവ് മൗലാന അസിം ഒമര്‍ ,വീഡിയോ , അടുത്ത ദിവസമെപ്പോഴോ ചിത്രീകരിച്ചതാവാം എന്ന സൂചന നൽകുന്നു . 2010-ല്‍ കാശ്മീരില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പ്രക്ഷോഭകാരികളെ സൈന്യം കൂട്ടക്കൊല ചെയ്തു എന്ന തരത്തില്‍ വ്യാഖ്യാനിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒസാമ ബിന്‍ ലാദന്റെ മരണശേഷം അല്‍ഖ്വയ്ദയുടെ തലപ്പത്തെത്തിയ അയ്‌മെന്‍ അല്‍ സവാഹിരി നേരിട്ടാണ് അടുത്തകാലത്തായി ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കാശ്മീര്‍ പ്രശ്‌നം പരാമര്‍ശിച്ചുകൊണ്ട് കഴിഞ്ഞവര്‍ഷം സവാഹിരി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

പിന്നാലെ ജൂലൈയില്‍ സംഘടനയിലെ ഒരു പ്രധാന നേതാവിന്റേതായി പുറത്തുവിട്ട വീഡിയോയില്‍, ആഗോളതലത്തില്‍ നടക്കുന്ന ജിഹാദ് പ്രവര്‍ത്തനങ്ങളില്‍ കാശ്മീരികള്‍ കൂടുതലായി പങ്കാളികളാകണമെന്നും ആഹ്വാനം ചെയ്തിരുന്നു. അതേസമയം, ജിഹാദിനായുള്ള ആഹ്വാനം പാകിസ്താനു പുറത്ത് കാര്യമായ ചലനമുണ്ടാക്കുന്നില്ലെന്ന അല്‍ഖ്വയ്ദ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്നാണ് നിഗമനം.

അഭിപ്രായങ്ങളൊന്നുമില്ല