Video Of Day

Breaking News

ഖത്തറിനെ ചതിച്ചത് യുഎഇ ഹാക്കർമാർ, എന്തിനായിരുന്നു ഈ ചതി?

ഖത്തർ വാർത്താ ഏജൻസി ഹാക്ക് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസി ഹാക്ക് ചെയ്തവരെ തുർക്കിയിൽ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മേയിലാണ് ഹാക്കിങ് നടന്നത്.

ക്യുഎൻഎ ന്യൂസ് ഏജൻസി ഹാക്ക് ചെയ്ത് മറ്റു ജിസിസി രാജ്യങ്ങളെ പ്രകോപിക്കുന്ന വാർത്തയാണ് ഹാക്കർമാർ പ്രചരിപ്പിച്ചത്. ഇതോടെ ജിസിസി രാജ്യങ്ങൾക്കിടയിൽ ഖത്തർ ഒറ്റപ്പെട്ടിരുന്നു. സൈബര്‍ കുറ്റകൃത്യം തടയുന്നതുമായി ബന്ധപ്പെട്ട് ഖത്തറും തുര്‍ക്കിയും ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഹാക്കർമാരെ പിടികൂടിയത്.

ക്യുഎൻഎയുടെ വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണു ഹാക്ക് ചെയ്തതെന്ന ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചും നൂതനരീതിയിലുമാണു ഹാക്കിങ് നടന്നിട്ടുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഏപ്രിലിലാണു ഹാക്കിങ്ങിന് ഉപയോഗിച്ച ഫയൽ ഇൻസ്റ്റാൾ ചെയ്തത്. ഇതുപയോഗിച്ചു മേയ് 24ന് അർധരാത്രി 12.13നു വ്യാജവാർത്ത പുറത്തുവിടുകയായിരുന്നു. മിലിറ്ററി ബിരുദദാന ചടങ്ങിലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പ്രസംഗമെന്ന തരത്തിലാണു വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റ് ഹാക്ക് ചെയ്തു മറ്റാരോ വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നു വ്യക്തമാക്കിയ ഖത്തർ ഉടൻതന്നെ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

എഫ്ബിഐ സംഘവും ദോഹയിലെത്തി അന്വേഷണവുമായി സഹകരിച്ചിരുന്നു. ഹാക്കിങ് സംഭവം നടന്നയുടന്‍ തന്നെ ആഭ്യന്തരതലത്തിലും രാാജ്യത്തിനു പുറത്തും കേന്ദ്രീകരിച്ച് അന്വേഷണത്തിന് ഖത്തര്‍ തുടക്കംകുറിച്ചിരുന്നു. സുഹൃദ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല