Video Of Day

Breaking News

യേശുദാസ് പാടിയതൊക്കെ ഞങ്ങളുടെ ശരീരത്തെ കുറിച്ചായിരുന്നു: ശാരദക്കുട്ടി

യേശുദാസിനെപ്പോലെ ഒരു കലാകാരന്‍ മാറുന്ന ലോകത്തെ കണക്കിലെടുക്കാതെ, സ്ത്രീകള്‍ സ്വതന്ത്ര വ്യക്തികളാണെന്ന് മനസ്സിലാക്കാതെ നടത്തുന്ന പ്രസ്താവനകള്‍ ഖേദകരമാണെന്ന് പ്രമുഖ സ്ത്രീ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ.പി.ഗീത അഭിപ്രായപ്പെട്ടു. സ്ത്രീ പുരുഷനെപ്പോലെയാകാന്‍ വേണ്ടിയല്ല ജീന്‍സ് ധരിക്കുന്നത്. ഏതു വസ്ത്രം ധരിച്ചാലും പുരുഷന്മാര്‍ക്ക് ഒന്നും തോന്നേണ്ടതില്ല. ഇതു മതത്തിന്റെ യുക്തിയാണ്. സ്ത്രീകള്‍ എന്തു ധരിക്കണമെന്നും എന്തൊക്കെ മറച്ചു വെയ്ക്കണമെന്നും സ്ത്രീകള്‍ തീരുമാനിക്കും. മത നേതാക്കളെപ്പോലെ കലാകാരന്മാരും സ്ത്രീകള്‍ എന്തു ധരിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ ശക്തമായി പ്രതിരോധിക്കുകയേ മാര്‍ഗ്ഗമുള്ളൂ എന്ന് ഗീത പറഞ്ഞു. കലാകാരന്മാരില്‍ നിന്നും സാംസ്‌കാരിക പ്രവര്‍ത്തകരില്‍ നിന്നും നമ്മള്‍ ഉയര്‍ന്ന സാമൂഹിക ബോധം പ്രതീക്ഷിക്കുന്നുവെന്ന് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. പഴഞ്ചന്‍ കാലഘട്ടത്തിന്റെ മൂല്യ ബോധമാണ് യേശുദാസിനുള്ളത്.

മാറുന്ന കാലത്തെ മനസ്സിലാക്കാന്‍ യേശുദാസ് ശ്രമിക്കണം. ഇവിടെ 90 വയസ്സുള്ള സ്ത്രീകള്‍ മുതല്‍ 90 ദിവസം പ്രായമുള്ള കുഞ്ഞുങ്ങള്‍ വരെ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ വസ്ത്രധാരണം കൊണ്ടാണോ എന്ന് ശാരദക്കുട്ടി ചോദിച്ചു. സ്ത്രീയുടെ ശരീരം പുരുഷന് കാണാന്‍ വേണ്ടിയുള്ളതല്ല. സ്ത്രീ ധരിക്കുന്ന വസ്ത്രം അവളുടെ ആനന്ദവുമായും സ്വാതന്ത്ര്യബോധവുമായി ബന്ധപ്പെട്ടതാണ്. അതിലൊന്നും ഇടപെടാന്‍ ഒരാള്‍ക്കും അവകാശമില്ല. സഹോദരനും അച്ഛനും അമ്മാവനുമൊക്കെയായ പുരുഷന് ആത്മ നിയന്ത്രണമില്ലാതെയാകുന്നെങ്കില്‍ അത് അവളുടെ കുറ്റമല്ല. മുടി അഴിച്ചിടരുത്, കാല്‍ അകറ്റി വെയ്ക്കരുത് തുടങ്ങിയ കല്പനകള്‍ പണ്ടു മുതലേ സ്ത്രീകള്‍ കേള്‍ക്കുന്നതാണ്. യേശുദാസിന്റെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിന്റെ പേരക്കുട്ടികള്‍ പോലും അനുസരിക്കില്ലെന്നും ശാരദക്കുട്ടി ഓര്‍മ്മിപ്പിച്ചു. യേശുദാസിന്റെ പരാമര്‍ശം തന്നെ ഞെട്ടിച്ചെന്ന് പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഷീബാ അമീര്‍ പറഞ്ഞു. സ്ത്രീകള്‍ സ്ത്രീകളുടെ സഭ്യത തീരുമാനിച്ചുകൊള്ളാമെന്നും പുരുഷന്മാര്‍ പുരുഷന്മാരുടെ സഭ്യത തീരുമാനിച്ചാല്‍ മതിയെന്നും ഷീബ പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണം പുരുഷന്മാരെ എങ്ങനെയാണ് പ്രകോപിപ്പിക്കുക എന്ന് മനസ്സിലാകുന്നില്ല. 37 വര്‍ഷം മുമ്പ് ജീന്‍സും ഷര്‍ട്ടും ധരിച്ച് സ്‌കൂളിലും കേരള വര്‍മ്മ കോളേജിലും പോയപ്പോള്‍, 'റഹീമിന്റെ മക്കള്‍ പരിഷ്‌കാരികളാണെങ്കിലും അദബ്(അടക്കം) ഉള്ളവരാണെ'ന്ന് അന്ന് മുസ്ലീം യാഥാസ്ഥിതികര്‍ പറയുമായിരുന്നു. ഫലത്തില്‍ പര്‍ദ്ദയെ ന്യായീകരിക്കലാകുകയാണ് യേശുദാസിന്റെ വാക്കുകള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പുരുഷനെ പ്രകോപിപ്പിക്കാതിരിക്കാന്‍ സ്ത്രീകള്‍ വസ്ത്രം കൊണ്ട് സ്വയം മൂടണമെന്ന് ആവശ്യപ്പെടുകയാണ് യേശുദാസ്. ലോകം കണ്ട മനുഷ്യനാണ് യേശുദാസ് എന്നായിരുന്നു ധരിച്ചത്. ഇത്ര പ്രാകൃതമായ അഭിപ്രായം പറയുന്ന ഒരാളാണല്ലോ കേരളത്തിന്റെ പ്രശസ്തനായ ഗായകന്‍ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നെന്ന് ഷീബ കൂട്ടിച്ചേര്‍ത്തു. 

അഭിപ്രായങ്ങളൊന്നുമില്ല