Video Of Day

Breaking News

ഐഫോണ്‍ 6ന്റെ വിലയ്ക്ക് കാമുകിയെ വാടകയ്ക്ക് കൊടുക്കും

ആപ്പിള്‍ ഐഫോണിന്റെ പുതിയ വെര്‍ഷനായി ചൈനാക്കാരന്‍ വീ ചൂ കാമുകിയെ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ തയ്യാര്‍. സാങ്കേതിക തികവിന്റെ അവസാന വാക്കായ ഐഫോണിന്റെ ഏറ്റവും പുതിയ വെര്‍ഷനായ ഐഫോണ്‍ 6 പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ചൈനീസ് സോഷ്യല്‍ മീഡിയയിലെ കഴിഞ്ഞയാഴ്ചത്തെ സുപ്രധാന വര്‍ത്തമാനം ഇതായിരുന്നു. വീ ചു എന്ന 25 കാരന്‍ ആയിരുന്നു ആപ്പിളിന്റെ പുതിയ ഹാന്‍സെറ്റിനായി നൂതനാശയം പരീക്ഷിച്ചത്.

'ഗേള്‍ഫ്രണ്ടിനെ ഷെയര്‍ ചെയ്യാം' എന്ന ബോര്‍ഡുമായി ഷങ്ഹായിയിലെ സോംഗ്ജിയാംഗ് സര്‍വകലാശാലയ്ക്ക് പുറത്ത് നില്‍ക്കുന്ന വീ ചൂവിന്റെ ചിത്രം സോഷ്യല്‍ മീഡിയവഴി അങ്ങോളമിങ്ങോളം ഓടിക്കൊണ്ടിരിക്കുകയാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് 21 കാരി കാമുകി സിയാവോ അയ് യുടെ ചിത്രങ്ങള്‍ തൊട്ടടുത്തുള്ള വൈ ഫൈ കേന്ദ്രം വഴി നോക്കാം. മണിക്കൂറിന് ഒരു പൗണ്ടാണ് നിരക്ക്, ദിവസത്തിന് അഞ്ചു പൗണ്ടും മാസത്തിന് 50 പൗണ്ടും മതിയാകും. ഉയരം, കനം, ഹോബി തുടങ്ങി കാമുകിയുടെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം നല്‍കിയിട്ടുണ്ട്. പണം സ്വരൂപിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് വീ ചു നവീനാശയം പരീക്ഷിച്ചത്.

പരിപാടി വീ ചൂവിന്റെ സ്വന്തം ബുദ്ധിയാണെങ്കിലും കാമുകിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് നടപ്പിലാക്കുന്നത്. സംഗതി ഇതൊക്കെയാണെങ്കിലും പെണ്‍കുട്ടിയുടെ ദേഹത്ത് തൊട്ടുള്ള കളി വേണ്ടെന്ന് പ്രത്യേകമായി വീ ചീ പറഞ്ഞിട്ടുണ്ട്. മാംസ നിബദ്ധമായി സമീപിക്കാതെ കാമുകിയുമായി ഒപ്പം ചുറ്റിയടിക്കുകയോ കാപ്പി കുടിക്കുകയോ പഠിക്കുകയോ സീറ്റു പിടിക്കാന്‍ ആവശ്യപ്പെടുകയോ എന്തും ചെയ്യാം. പിരിയുന്നത് വരെയുള്ള ഫീസ് കൃത്യമായി നല്‍കണമെന്നു മാത്രം. 'പോക്കറ്റ് മണിക്ക് വേണ്ടി ഗേള്‍ ഫ്രണ്ടിനെ പങ്കുവെയ്ക്കാം' എന്ന് ഓണ്‍ലൈനിലും പരസ്യം നല്‍കിയിട്ടുണ്ട്.

ഐഫോണ്‍ ജനങ്ങളിലുണ്ടാക്കുന്ന സ്വാധീനത്തിന്റെ ഏറ്റവും പുതിയ വാര്‍ത്തയാണ് ഇത്. ഐഫോണ്‍ 6 സ്ത്രീധനമായി നല്‍കിയാല്‍ സഹോദരിയെ വിവാഹം കഴിക്കാമെന്ന സൗദി അറേബ്യക്കാരന്റെ വെളിപ്പെടുത്തല്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസില്‍ വന്നത് ഈ ആഴ്ച ആദ്യമായിരുന്നു. 2008 നും 2013 നും ഇടയില്‍ ഉണ്ടായ മൂന്ന് കുട്ടികളെ ഐഫോണ്‍ 5 ന് വേണ്ടി ചൈനീസ് ദമ്പതികള്‍ വിറ്റത് വലിയ വാര്‍ത്തയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല