Video Of Day

Breaking News

സെക്സ് റാക്കറ്റുകാര്‍ പെണ്‍കുട്ടികളെ ലേലം ചെയ്തു, വില 5000 രൂപ, ഏജന്റ് പിടിയില്‍

ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ ലേലം ചെയ്യുന്നതിനിടെ പ്ലേസ്‌മെന്റ് ഏജന്‍സി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ലേലത്തിനായി ഝാര്‍ഖണ്ഡില്‍ നിന്ന് കടത്തിയ മൂന്ന് പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.

വീട്ടുജോലി തരപ്പെടുത്തി തരാമെന്ന വ്യാജേനെയാണ് പ്ലേസ്‌മെന്റ് ഏജന്‍സി പെണ്‍കുട്ടികളെ ഝാര്‍ഖണ്ഡില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ക്രൈം ബ്രാഞ്ചിന് കീഴിലുള്ള മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗമാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമുണ്ട്.

വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ശകുര്‍പൂരിലുള്ള കെ.ഡി എന്റര്‍പ്രൈസസ് എന്ന പ്ലേസ്‌മെന്റ് ഏജന്‍സിയില്‍ വെച്ച് പെണ്‍കുട്ടികളെ ലേലം ചെയ്യുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിപി ദിനേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏജന്‍സിയുടെ ഓഫീസ് റെയ്ഡ് ചെയ്യുകയായിരുന്നു. ഏജന്‍സി ഉടമ കപില്‍ ദേവ് ചൗധരിയെ പൊലീസ് പിടികൂടി.

സെപ്തംബര്‍ അഞ്ചിന് ഒന്നാം ഘട്ട ലേലം നടന്നതായും എന്നാല്‍ മതിയായ വില ലഭിക്കാത്തതിനാല്‍ ഇയാള്‍ സമ്മതിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ആദ്യ ലേലത്തില്‍ പങ്കെടുത്ത ഒരാളാണ് പൊലീസിന് രഹസ്യ വിവരം കൈമാറിയത്. അതേസമയം ലേലത്തില്‍ പങ്കെടുത്തവരെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. പെണ്‍വാണിഭത്തിനും വേശ്യാവൃത്തിക്കും പെണ്‍കുട്ടികളെ ഉപയോഗിക്കാനാണ് ഇവര്‍ ലേലത്തില്‍ പങ്കെടുത്തതെന്നാണ് പൊലീസ് കരുതുന്നത്.

5000 രൂപ വീതം വില നല്‍കിയാണ് ഝാര്‍ഖണ്ഡിലെ ഏജന്റില്‍ നിന്നും പ്രതി പെണ്‍കുട്ടികളെ ഡല്‍ഹിയിലേക്ക് കടത്തിയതെന്നും 50000 രൂപ വീതം നിരക്കില്‍ ഇവരെ ലേലത്തില്‍ വില്‍ക്കാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ഐപിസി 370 പ്രകാരം കേസെടുത്തിട്ടുണ്ട്. പൊലീസ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളെ ശിശു സംരക്ഷണ ഭവനത്തിലേക്ക് മാറ്റി. ഝാര്‍ഖണ്ഡിലെ ഏജന്റിനായും പൊലീസ് തെരച്ചിലാരംഭിച്ചിട്ടുണ്ട്.

വീട്ടുജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ ഡല്‍ഹിയിലെത്തിച്ചതെന്നും രക്ഷിതാക്കള്‍ക്ക് മാസവരുമാനം നല്‍കാമെന്ന് പറഞ്ഞതായും പൊണ്‍കുട്ടികള്‍ മൊഴിനല്‍കി. പ്രതി ഇവരെ ക്രൂരമായി മര്‍ദ്ദിച്ചതായും പെണ്‍വാണിഭത്തിന് നിര്‍ബന്ധിപ്പിച്ചതായും പറയുന്നു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഡല്‍ഹിയില്‍ മനുഷ്യക്കടത്ത് വര്‍ധിച്ചതായി എന്‍ജിഒ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ, പൂനെ, ഗോവ എന്നീ നഗരങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയും ഇപ്പോള്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള മനുഷ്യക്കടത്ത് സംഘങ്ങളുടെ പ്രധാന കേന്ദ്രമായിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്യാതെ നിരവധി പ്ലേസ്‌മെന്റ് ഏജന്‍സികളാണ് വിവിധ നഗരങ്ങളിലായി ഇതിനകം പൊട്ടിമുളച്ചിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല