Video Of Day

Breaking News

രാത്രിയില്‍ വീട്ടിലെത്തി ഐറ്റം ഡാന്‍ ചെയ്യണമെന്ന് ജഡ്ജി, വനിതാ ജഡ്ജി രാജിവച്ചു

ഗ്വാളിയോര്‍: ഹൈക്കോടതി ജഡ്ജി ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രാജിവച്ചു. ഗ്വാളിയോര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകര്‍ക്കും പരാതി നല്‍കിയ ശേഷം കഴിഞ്ഞ ജൂലായ് 15നാണ് ഇവര്‍ രാജിവച്ചത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ, മുതിര്‍ന്ന അഭിഭാഷകരായ എച്ച്.എല്‍. ദത്തു, ടി.എസ്. ടാക്കൂര്‍, അനില്‍.ആര്‍. ദവെ, ദീപക് മിശ്ര, അരുണ്‍ മിശ്ര എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള ഗ്വാളിയോര്‍ വിശാഖ കമ്മിറ്റിയുടെ അദ്ധ്യക്ഷ കൂടിയാണ് രാജിവച്ച അഡിഷണല്‍ ജില്ലാ ജഡ്ജി.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍  ജില്ലാ രജിസ്ട്രാറുടെ കൈവശം മധ്യപ്രദേശ് ഹൈക്കോടതിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ജഡ്ജി  കൊടുത്തയച്ച കത്തിലാണ് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉള്ളതെന്ന് പരാതിയില്‍ പറയുന്നു. ജഡ്ജിയുടെ വീട്ടിലെത്തി ഐറ്റം ഡാന്‍സ് ചെയ്യാനാണ് കത്തില്‍ പറയുന്നത്. വനിതാ ജഡ്ജി ഇത് നിരസിച്ചതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ജഡ്ജി വീണ്ടും സന്ദേശം അയച്ചു. സന്ദേശത്തില്‍ മനോഹരമായ സ്ത്രീ നൃത്തം കാണാന്‍ തനിക്ക് സാധിച്ചില്ലെന്ന വിഷമമാണ് ജഡ്ജി പറയുന്നതെന്നും പരാതിയിലുണ്ട്. അതിനു ശേഷം പ്രതികാര പൂര്‍വ്വം പെരുമാറിയ ജഡ്ജി തനിക്കെതിരെ ജോലിയില്‍ അലംഭാവം കാട്ടിയെന്നാരോപിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ വനിതാ ജഡ്ജി ജോലിയില്‍ കൃത്യവിലോപം കാണിച്ചില്ലെന്ന് കണ്ടെത്തി.

പ്രതികാര നടപടികള്‍ തുടര്‍ന്നപ്പോള്‍ ജൂണ്‍മാസം 22ന് വനിതാ ജഡ്ജിയും ഭര്‍ത്താവും ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെത്തി സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടു. എന്നാല്‍ അതിനുള്ള പ്രതികാരമെന്നോണം അവരെ ജൂലായ് എട്ടിന് മധ്യപ്രദേശിലെ സിദ്ദിയിലേക്ക് സ്ഥലം മാറ്റി. സ്ഥലം മാറ്റം ചെയ്യരുടെന്ന അപേക്ഷ പരിഗണിക്കാതെയാണ് ഗ്വാളിയോറില്‍ നിന്ന് ഏറെ അകലെയുള്ള സിദ്ദിയിലേക്ക് സ്ഥലം മാറ്റിയതെന്നും അവര്‍ പറയുന്നു. സ്ഥലം മാറ്റത്തിനെതിരെ പരാതി നല്‍കിയപ്പോള്‍ രാത്രിയില്‍ ഒറ്റയ്ക്ക് തന്റെ വീട്ടിലെത്തി ഐറ്റം ഡാന്‍സ് കളിക്കാത്തതിലും ശരീര പ്രദര്‍ശനം നടത്താത്തതിലുമുള്ള പ്രതികാരമാണ് ഇതെന്ന് പറഞ്ഞതായി ജഡ്ജി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ജുഡീഷ്യല്‍ പ്രൊഫഷനില്‍ നിന്നു തന്നെ പുറത്താക്കുമെന്ന ഭീഷണിയുണ്ടായപ്പോഴാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും വനിതാ ജഡ്ജി പറയുന്നുണ്ട്. ഹൈക്കോടതി ജഡ്ജിയുടെ അധികാരത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്നും അതിനാല്‍ രാജിവയ്ക്കുകയാണെന്നുമാണ് ജൂലായ് 15ന് നല്‍കിയ രാജിക്കത്തിലുള്ളത്.

പതിനഞ്ച് വര്‍ഷം ഡല്‍ഹിയില്‍ പ്രാക്ടീസ് ചെയ്ത ശേഷം 2011ല്‍ മധ്യപ്രദേശ് ജുഡീഷ്യല്‍ സര്‍വ്വീസ് പരീക്ഷയെഴുതിയാണ് പരാതിക്കാരി ജുഡീഷ്യല്‍ സര്‍വ്വീസിലെത്തുന്നത്.  2012 ഒക്ടോബറില്‍ ഗ്വാളിയോര്‍ അഡീഷണല്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജിയായ നിയമിക്കപ്പെട്ടു. നിയമ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ജില്ലാ വിശാഖ കമ്മിറ്റിയുടെ അദ്ധ്യക്ഷയായി നിയമിക്കപ്പെട്ടു.
കടപ്പാട്: കേരളാ കൌമുദി

അഭിപ്രായങ്ങളൊന്നുമില്ല