Video Of Day

Breaking News

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുഞ്ചിരിച്ച് ബിന്ധ്യ, രവീന്ദ്രനെ ഭീഷണിപ്പെടുത്തിയെന്ന് റുക്സാന

കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂടു സ്വദേശി രവീന്ദ്രന്‍ ആത്മഹത്യചെയ്‌ത ദിവസം അയാളുടെ ഫോണിലേക്കു പലവട്ടം വിളിച്ചു ഭീഷണിപ്പെടുത്തിയതായി ഒളികാമറ അനാശാസ്യക്കേസിലെ പ്രതികളായ റുക്‌സാനയും ബിന്ധ്യയും പോലീസിനോടു സമ്മതിച്ചു. രവീന്ദ്രന്റെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ സഹിതം തിരുവനന്തപുരം റൂറല്‍ എസ്‌.പി. രാജ്‌പാല്‍ മീണയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതികള്‍ ഇതു സമ്മതിച്ചത്‌.

ആത്മഹത്യാപ്രേരണാകുറ്റത്തിനു പുറമെ വഞ്ചന, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയും ഇരുവര്‍ക്കുമെതിരേ ചുമത്തി. രവീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളികാമറ അനാശാസ്യക്കേസിലെ മുഖ്യപ്രതി ജയചന്ദ്രനെ കസ്‌റ്റഡിയില്‍ വാങ്ങാനും പോലീസ്‌ തീരുമാനിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസം എറണാകുളം റേഞ്ച്‌ ഐ.ജി. ഓഫീസില്‍ കീഴടങ്ങുന്നതിനിടെ കേസിലെ ഉന്നതബന്ധങ്ങള്‍ ബിന്ധ്യയും റുക്‌സാനയും മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. വളിപ്പെടുത്തലുകള്‍ പൊല്ലാപ്പായ സാഹചര്യത്തില്‍ ഇരുവരും അടുത്തെങ്ങും പുറംലോകം കാണില്ലെന്ന്‌ ഉറപ്പാക്കാനാണ്‌ പോലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. തമിഴ്‌നാട്ടിലായിരുന്നു ഒളിവുജീവിതമെന്നു ബിന്ധ്യയും റുക്‌സാനയും പോലീസിനോടു പറഞ്ഞെങ്കിലും അതു വിശ്വസനീയമല്ലെന്നാണു പോലീസ്‌ നിലപാട്‌. തമിഴ്‌നാട്‌ രജിസ്‌ട്രേഷനുള്ള വാഹനത്തിലാണ്‌ ഇവര്‍ കീഴടങ്ങാന്‍ ഐ.ജി. ഓഫീസിലെത്തിയത്‌. രവീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ്‌ നല്‍കിയ ദിവസംതന്നെ പ്രതികള്‍ എത്തിയ സാഹചര്യത്തില്‍ ഒളിവില്‍ പോയെന്ന വാദത്തില്‍ കഴമ്പില്ലെന്നാണു പോലീസ്‌ നിലപാട്‌.

റിമാന്‍ഡിലുള്ള ജയചന്ദ്രനേയും വിവിധ കേസുകളുമായി ബന്ധപ്പെട്ടു കസ്‌റ്റഡിയില്‍ വെക്കാനാണു പോലീസിന്റെ തീരുമാനം. രാഷ്‌ട്രീയ ഗൂഢാലോചനയുടെയും കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോരിന്റെയും ഇരയാണു താനെന്നു ജയചന്ദ്രന്‍ ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞിരുന്നു. എന്നാല്‍ ഇതു കുറ്റസമ്മതമൊഴിയില്‍ ഒഴിവാക്കി. നിര്‍ഭയ ഹോസ്‌റ്റലിലെ അന്തേവാസിനിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിനുപിന്നാലെ ആത്മഹത്യാക്കേസിലും പ്രതിയാകുന്നതോടെ ജയചന്ദ്രനും അടുത്തെങ്ങും പുറംലോകം കാണില്ല.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല