Video Of Day

Breaking News

കാമുകന്റെ ലൈംഗികസുഖം തേടി കുഞ്ഞിനെ കൊന്ന അനുശാന്ത്യയ്ക്ക് ജാമ്യമില്ല: കോടതി

കൊച്ചി: ആറ്റിങ്ങലില്‍ കാമുകനുമായി ചേര്‍ന്ന് മൂന്നര വയസ്സുകാരിയായ മകളെയും ഭര്‍തൃ മാതാവിനെയും കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി അനുശാന്തിക്ക് ഹൈകോടതി ജാമ്യം നിഷേധിച്ചു. അവിഹിത ബന്ധം തുടരാന്‍ സ്വന്തം കുഞ്ഞുള്‍പ്പെടെ രണ്ട് നിരപരാധികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി. കെ. മോഹനന്‍ ഹരജി തള്ളിയത്.

താന്‍ നിരപരാധിയാണെന്നും താനുമായി ലൈംഗിക ബന്ധം ആഗ്രഹിച്ച ഒന്നാം പ്രതി നിനോ മാത്യു താന്‍ അത് നിഷേധിച്ചതിന്‍െറ പക തീര്‍ക്കാന്‍ വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അനുശാന്തി ജാമ്യ ഹരജി നല്‍കിയിരുന്നത്. ഇനിയും ജയിലില്‍ തുടരേണ്ടി വന്നാല്‍ കേസിനെ നേരിടാന്‍ ബുദ്ധിമുട്ടാകുമെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ അനുശാന്തി നല്‍കിയ ജാമ്യഹരജി ഹൈകോടതി തള്ളിയിരുന്നു. ടെക്നോ പാര്‍ക്കിലെ ഐ.ടി സ്ഥാപനത്തിലെ ടീം ലീഡറാണ് അനുശാന്തി. ഇതേ സ്ഥാപനത്തിലെ പ്രോജക്ട് മാനേജരായ നിനോ മാത്യുവുമായി സ്നേഹത്തിലായിരുന്ന ഹരജിക്കാരി നിരന്തരം ബന്ധത്തിലേര്‍പ്പെട്ടിരുന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ നിനോ ഹരജിക്കാരിയുടെ മൊബൈല്‍ ഫോണിലേക്കയച്ച സന്ദേശം ഭര്‍ത്താവ് കാണാനിടയായി.

ഇതേതുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തി ഒന്നിച്ച് ജീവിക്കാന്‍ ഗൂഢാലോചന നടത്തിയാണ് കൃത്യം നിര്‍വഹിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ഏപ്രില്‍ 14ന് ഉച്ചക്ക് ഒരു മണിക്കാണ് കുഞ്ഞിനെയും വൃദ്ധയെയും കൊലപ്പെടുത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നിനോ മാത്യു ശ്രമിച്ചത്. എന്നാല്‍, ഇയാളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ഹരജിക്കാരിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ് നടന്നത്.
കേസ് ഡയറി, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ പരിശോധിച്ച സൈബര്‍ ഫോറന്‍സിക് അനാലിസിസ് റിപ്പോര്‍ട്ട്, ഫോണ്‍ സന്ദേശങ്ങള്‍ എന്നിവ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവ പരിശോധിച്ചാണ് കോടതി തീരുമാനമെടുത്തത്.

അഭിപ്രായങ്ങളൊന്നുമില്ല