Video Of Day

Breaking News

സ്‌കൂള്‍മേധാവി മല്ലികാര്‍ജ്‌ജുന സ്വാമി 30 വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കി

ബംഗലുരു: സ്‌കൂള്‍ വളപ്പില്‍ സഹായിക്കൊപ്പം മദ്യപിച്ച്‌ വിവാദ നായകനായി മാറിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനും വിധേയമാക്കിയിരുന്നതായി കുട്ടികളുടെ വെളിപ്പെടുത്തല്‍. ഇയാള്‍ ഹോസ്‌റ്റലിലെ താമസക്കാരായ പെണ്‍കുട്ടികളോട്‌ സാഡിസ്‌റ്റ് സ്വഭാവം പ്രകടിപ്പിച്ചിരുന്നതായി ശിശു ക്ഷേമ സമിതിക്ക്‌ മുമ്പാകെയാണ്‌ കുട്ടികള്‍ തുറന്നു പറഞ്ഞിരിക്കുന്നത്‌.

ആനക്കല്‍ താലൂക്കിലെ ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്‌റ്റലിലെ 30 വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണം നടത്തി എന്ന ആരോപണത്തില്‍ 52 കാരനായ മല്ലികാര്‍ജ്‌ജുന സ്വാമിയാണ്‌ പിടിയിലായത്‌. രാത്രിയില്‍ ഹോസ്‌റ്റലിലെ കുട്ടികളുടെ മുറിയിലെത്തി തലയിണ ചോദിക്കുമായിരുന്നു. അശ്‌ളീല സ്വപ്‌നങ്ങള്‍ കാണാന്‍ സഹായിക്കാനാണ്‌ താന്‍ ഇക്കാര്യം ചെയ്‌തിരുന്നതെന്ന്‌ ഇയാള്‍ പോലീസ്‌ ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ട്‌. സ്‌കൂളിലെ മുതിര്‍ന്ന കുട്ടികള്‍ കിടക്കുന്ന ഹോസ്‌റ്റല്‍ മുറിയുടെ സാക്ഷകള്‍ ഇളക്കി മാറ്റുക, അവര്‍ കുളിക്കുന്നമ്പോള്‍ ഫോട്ടോയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്‌തിരുന്നു. കുട്ടികളുടെ ശരീരത്ത്‌ തൊട്ടും തലോടിയും രസിച്ചിരുന്ന ഇയാള്‍ എല്ലാ പെണ്‍കുട്ടികളേയും ലൈംഗിക ചൂഷണത്തിന്‌ വിധേയമാക്കിയിരുന്നെങ്കിലും ഒരു 15 കാരിയെ പ്രത്യേകമായി ലക്ഷ്യം വെച്ചിരുന്നു.

ഏറെ ധൈര്യം കൊടുത്ത ശേഷമാണ്‌ തന്നെ എന്തൊക്കെ ചെയ്‌തിരുന്നെന്ന്‌ പെണ്‍കുട്ടി അന്വേഷണ സംഘത്തിന്‌ മൊഴി നല്‍കാന്‍ തയ്യാറായത്‌. മറ്റ്‌ പെണ്‍കുട്ടികള്‍ക്കും ആത്മവിശ്വാസം നല്‍കേണ്ടി വന്നിരുന്നു. കുട്ടികള്‍ ഷോക്കിലാണെന്നും ധൈര്യം കൊടുത്ത ശേഷമായിരുന്നു അവര്‍ ഇതെല്ലാം തുറന്ന്‌ പറയാന്‍ തയ്യാറായതെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു.
സമിതി മുറിയില്‍ നടത്തിയ അന്വേഷണത്തില്‍ മുറികളുടെ ഒന്നിന്റെയും വാതിലിന്‌ സാക്ഷ ഇല്ലായിരുന്നതായി കണ്ടെത്തി. ഹോസ്‌റ്റല്‍ വളപ്പിലിരുന്ന്‌ സഹായിയുമായി മദ്യപിക്കുന്നതിനിടയില്‍ ഏതാ ക്യാമറാമേന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു വാര്‍ത്താ ചാനല്‍ പുറത്ത്‌ വിട്ടതിന്‌ പിന്നാലെയാണ്‌ കഴിഞ്ഞ മാസം സ്വാമി അറസ്‌റ്റിലായത്‌. ഇത്രയും വിവരങ്ങള്‍ പുറത്ത്‌ വന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രിന്‍സിപ്പലിനെതിരേ ഓരോ പെണ്‍കുട്ടികളുടേയും വീട്ടുകാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല