Video Of Day

Breaking News

ഒറ്റയ്ക്ക് ഷോപ്പിംഗിനെത്തിയ യുവതി തെരുവില്‍ പ്രസവിച്ചു

ലണ്ടന്‍: നിറവയറുമായി ഒറ്റയ്ക്ക് ഷോപ്പിംഗിനെത്തിയ യുവതി തെരുവില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ പ്രസവിച്ചു. ബെര്‍മിംഗ്ഹാമില്‍ ന്യൂസ്ട്രീറ്റിലെ തുണിക്കടയ്ക്ക് മുന്നിലായിരുന്നു സംഭവം.

യുവതി പ്രസവലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതോടെ സമീപത്തുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചു. ഉടന്‍ അവര്‍ സഹായത്തിനായി എത്തി. വിവരമറിഞ്ഞ് കൂടുതല്‍ ആള്‍ക്കാരെത്തി യുവതിക്കുചുറ്റും മറയായി നിന്നു. കൈയിലുണ്ടായിരുന്ന ടവലുകളും മറ്റും ചിലര്‍ നല്‍കി. അവിടെയുണ്ടായിരുന്ന, ആരോഗ്യരംഗത്തുപ്രവര്‍ത്തിക്കുന്ന ചിലര്‍ യുവതിയുടെ പരിചരണം ഏറ്റെടുത്തു. തൊട്ടടുത്തുള്ള കടക്കാരും സഹായവുമായി എത്തി.

ഇതിനിടെ ആരോ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചു. അവര്‍ പാഞ്ഞെത്തി. പക്ഷേ, അപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. തുടര്‍ന്നുള്ള പരിചരണം അവര്‍ ഏറ്റെടുത്തു. യുവതിയെയും കുഞ്ഞിനെയും ഉടന്‍തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും സുഖമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടില്ല.

സംഭവത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ചിലരാണ് രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നിരവധിപേര്‍ അപ്പോഴും അവിടേയ്ക്ക് എത്തിക്കൊണ്ടിരുന്നു. കാര്യമറിയാതെ തെരുവുകലാകാരന്മാരുടെ പ്രകടനങ്ങള്‍ എന്നുകരുതി എത്തിയവരും കുറവല്ല. യുവതിയും കുഞ്ഞും  ഭാഗ്യമുള്ളവരാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രതികരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല